കുറ്റപ്പെടുത്തലുകള്‍ നിര്‍ത്തി നിരീക്ഷണം ശക്തമാക്കൂ

ചൈനയിലെ വുഹാന്‍ നഗരത്തില്‍നിന്ന് പടര്‍ന്നുപിടിച്ച കൊറോണ വൈറസ് രോഗം (കോവിഡ്-19) ലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്. എയ്ഡ്‌സ്, മലേരിയ, പ്ലേഗ്, ക്ഷയം, അഞ്ചാംപനി തുടങ്ങിയ മാറാവ്യാധികളുടെ വ്യാപനം ഒരുപരിധിവരെ തടയാനായെങ്കിലും ലോകത്തെ മിക്ക രാജ്യങ്ങളെയും ഒരേസമയം ആശങ്കയിലും ഭീതിയിലുമാക്കിയിരിക്കുകയാണ് ഏറ്റവും പുതിയ വൈറസ് രോഗമായ കൊറോണ. ചൈനയില്‍നിന്ന് ഇറാന്‍, ഇറ്റലി, ജപ്പാന്‍, ദക്ഷിണകൊറിയ, ബ്രിട്ടന്‍, അമേരിക്ക, ഇന്ത്യ തുടങ്ങി നൂറോളം രാജ്യങ്ങളിലേക്ക് അതിര്‍ത്തികള്‍ നിഷ്പ്രഭമാക്കി കാട്ടുതീ സമാനം പടരുകയാണിപ്പോള്‍ കോവിഡ്-19. കാര്യമായ ലക്ഷണങ്ങളൊന്നും കാണിക്കാതെ പടര്‍ന്നുകൊണ്ടിരിക്കുന്ന ഈ മാരകരോഗം ലോകത്തെ നാലായിരത്തോളം മനുഷ്യജീവനുകളെയാണ് ഇതിനകം കവര്‍ന്നെടുത്തിരിക്കുന്നത്.

ലോകം മുഴുവന്‍ പാലിക്കേണ്ട അതീവ ജാഗ്രതയാണ് ഈ ഘട്ടത്തില്‍ എല്ലാവരുടെയും മനസ്സുകളിലുണ്ടാകേണ്ടത്. എന്നാല്‍ ചുരുക്കം ചിലരെങ്കിലും ഇക്കാര്യത്തില്‍ കുറ്റകരമായ അലംഭാവം കാണിക്കുന്നുണ്ടെന്ന് പറയേണ്ടിവരുന്നതില്‍ കുണ്ഠിതമുണ്ട്. അതേസമയം ഏതെങ്കിലും വ്യക്തിയെയോ വ്യക്തികളെയോ വിഭാഗത്തെയോ കുറ്റപ്പെടുത്താനുള്ള സമയമല്ല ഇപ്പോഴത്തേതെന്ന് എല്ലാവര്‍ക്കും ബോധ്യമുണ്ടാകുകയുംവേണം. വീണ്ടുവിചാരത്തിനും പരിഹാരത്തിനുമുള്ള സമയം അനാവശ്യമായ ചര്‍ച്ചകളിലേക്ക് കൊണ്ടെത്തിക്കുന്നതില്‍നിന്ന് വ്യക്തികള്‍ മാത്രമല്ല, സര്‍ക്കാരിലെ ബന്ധപ്പെട്ടവരും പിന്‍മാറണം. അതാണ് ഏറ്റവും കൂടുതല്‍ പ്രവാസി സമൂഹമുള്ള കേരളത്തെ സംബന്ധിച്ചിടത്തോളവും പ്രധാനം.

ഇറ്റലിയില്‍നിന്ന് ഫെബ്രുവരി 29ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ പത്തനംതിട്ടയിലെ കുടുംബത്തിനും അവരുടെ അടുത്ത ബന്ധുക്കള്‍ക്കും കൊച്ചിയില്‍ ഒരു കുഞ്ഞിനും കോവിഡ് ബാധ കണ്ടെത്തിയിരിക്കുന്നതാണ് കേരളത്തെയും ഇന്ത്യയെയും സംബന്ധിച്ചിടത്തോളം വലിയ ഉത്കണ്ഠക്ക് കാരണമായിട്ടുള്ളത്. കാര്യമായ രോഗ ലക്ഷണങ്ങളൊന്നുമില്ലാതെയായിരുന്നു ഭാര്യയും ഭര്‍ത്താവും മകനുമുള്‍പ്പെടുന്ന കുടുംബം വിമാനമിറങ്ങിയത്. പതിവുപോലെ ചെക്കിങ്കഴിഞ്ഞ് പുറത്തിറങ്ങി വീട്ടിലേക്ക് പോകുകയും ബന്ധുവീടുകള്‍ സന്ദര്‍ശിക്കുകയും ചെയ്തു. എന്നാല്‍ മാര്‍ച്ച് ആറിന് പനിയും തൊണ്ടവേദനയും മറ്റുമായി ആസ്പത്രിയിലെത്തിയ കുടുംബത്തിന്റെ രണ്ടു ബന്ധുക്കള്‍വഴി രോഗം അഞ്ചു പേരിലേക്കും പടര്‍ന്നിട്ടുള്ളതായി കണ്ടെത്തുന്നത്.

ഇതോടെയാണ് സംസ്ഥാന ആരോഗ്യവകുപ്പും മറ്റും ഉണരുന്നത്. ആദ്യ ഘട്ടത്തില്‍ രോഗികളല്ലെന്ന വിശ്വാസത്തില്‍ ചികില്‍സയുമായി ഇവര്‍ സഹകരിച്ചില്ലെന്നത് വലിയ തെറ്റുതന്നെയാണ്. എന്നാല്‍ വിമാനത്താവളത്തില്‍ കൊറോണക്കായി പ്രത്യേക പരിശോധനകളൊന്നും ഉണ്ടായിരുന്നില്ലെന്ന കുടുംബാംഗങ്ങളുടെ ന്യായം പൂര്‍ണമായും അസാംഗത്യമാണെന്ന് പറഞ്ഞുകൂടാ. ചൈനയിലെ വുഹാനിലാണ് ആദ്യഘട്ടത്തില്‍ രോഗം കണ്ടതെങ്കിലും അവിടെ നൂറുകണക്കിന് മലയാളികള്‍ പഠനം നടത്തുന്നതുകൊണ്ട് ഉണ്ടായ ആശങ്ക ശരിവെക്കുന്നതായിരുന്നു തൃശൂര്‍, ആലപ്പുഴ, കാസര്‍കോട് എന്നിവിടങ്ങളില്‍ കണ്ടെത്തിയ കോവിഡ് ബാധകള്‍. എന്നാല്‍ മാര്‍ച്ച് മൂന്നുവരെയും ചൈനയില്‍നിന്ന് വന്നവരെ മാത്രമേ നിരീക്ഷിക്കാനും ക്വാറന്റൈന് വിധേയമാക്കാനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറായിരുന്നുള്ളൂ എന്നത് ആരുടെ വീഴ്ചയായാണ് വിലയിരുത്തേണ്ടത്.

ഇറാന്‍, യൂറോപ്പ്, അമേരിക്ക തുടങ്ങിയ പ്രദേശങ്ങളിലേക്ക് രോഗബാധ പടരുന്നത് മുന്‍കൂട്ടികാണാന്‍ എന്തുകൊണ്ട് രാജ്യത്തെ ആരോഗ്യ സംവിധാനത്തിന് കഴിയാതെ പോയി?. കഴിഞ്ഞദിവസം ഇറ്റലിയില്‍നിന്ന് വന്ന കുടുംബത്തെ ആരോഗ്യമന്ത്രി കെ.കെ ശൈലജയും പത്തനംതിട്ട ജില്ലാ കലക്ടറും കുറ്റപ്പെടുത്തുന്നത് കണ്ടു. രോഗംസ്ഥിരീകരിച്ച രോഗികളുടെയും അവരുടെ ബന്ധുക്കളുടെയും കാര്യത്തില്‍ ഇത്തരം കുറ്റപ്പെടുത്തലുകള്‍ ഗുണം ചെയ്യുമോ എന്ന് പരിശോധിക്കണം. മറ്റുള്ളവരും സമാനരീതിയില്‍ പെരുമാറരുതെന്നാണ് ഉദ്ദേശ്യമെങ്കില്‍ അതിന് പ്രസ്താവനകളേക്കാള്‍ വേണ്ടത് ആരോഗ്യ സംവിധാനങ്ങളുടെയും പൊതുജനങ്ങളുടെയും നിതാന്ത ജാഗ്രതയാണ്.

അതിനാണ് ഇന്നത്തെ ഘട്ടത്തില്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കേണ്ടത്. കഴിഞ്ഞദിവസം ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയതുപോലെ ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പിന് ചെയ്തുതീര്‍ക്കേണ്ട ഒന്നല്ല ഇത്. മുഴുവന്‍ ഭരണാധികാരികളും സര്‍ക്കാര്‍ മെഷിനറികളും ജാഗ്രവത്തായി ഒറ്റ മനസ്സോടെ എണ്ണയിട്ടയന്ത്രം കണക്കെ ഉണര്‍ന്നുപ്രവര്‍ത്തിക്കുകയാണ് വേണ്ടത്. നിര്‍ഭാഗ്യവശാല്‍ പല രാഷ്ട്ര നേതാക്കളും ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ലെന്നാണ് ഡബ്യു.എച്ച്.ഒ തലവന്‍ ഡോ. ടെഡ്രോസ് അദാനം ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടത്.

ജനങ്ങളും സര്‍ക്കാരും രണ്ടല്ല, ഒന്നാണ് എന്നതു കണക്കിലെടുത്ത് ഇരു വിഭാഗവും ഇതര സന്ദര്‍ഭത്തിലെന്നപോലെ പരസ്പരം കുറ്റപ്പെടുത്തി മാറിനില്‍ക്കേണ്ടതില്ല. ഇരുവര്‍ക്കും പരസ്പരമുള്ള ആശയങ്ങളുടെയും സൗകര്യങ്ങളുടെയും കൊടുക്കല്‍ വാങ്ങലുകള്‍ ഉണ്ടായേ തീരൂ. അതില്ലാത്തതായിരുന്നു പെട്ടെന്നുതന്നെ വുഹാനില്‍ മാത്രമായി ഒതുക്കാമായിരുന്ന രോഗത്തെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പറിച്ചുനടാന്‍ ഇടയാക്കിയത്. പൊതുസ്ഥലങ്ങളില്‍ പാലിക്കേണ്ട ജാഗ്രതയും ശ്രദ്ധയും എല്ലാവരും പാലിച്ചേ മതിയാകൂ. വിദേശങ്ങളില്‍പോയി മടങ്ങിവരുന്നവരുടെ കാര്യത്തില്‍ വിമാനത്താവളങ്ങളില്‍ ഇന്നുള്ള മെഡിക്കല്‍ സൗകര്യങ്ങള്‍ പര്യാപ്തമാണോ എന്നു പരിശോധിക്കണം. എല്ലാ വിദേശ സഞ്ചാരികളെയും പരിശോധനക്കും നിരീക്ഷണത്തിനും വിധേയമാക്കാനുള്ള സംവിധാനത്തെക്കുറിച്ചും ആലോചിക്കണം. യുവാക്കളും കുട്ടികളും ഇക്കാര്യത്തില്‍ താല്‍പര്യം കാട്ടിയെന്നുവരില്ല. അവരെ നിര്‍ബന്ധമായും ആസ്പത്രികളിലെത്തിക്കുന്നതിനും മതിയായ പരിശോധനകളും വിശ്രമവും നല്‍കുന്നതിനും എല്ലാവരുംശ്രദ്ധിക്കണം.

മന്ത്രിക്കോ ഉദ്യോഗസ്ഥര്‍ക്കോ മാത്രമായി അതിന് കഴിയില്ലെന്നിരിക്കെ ഓരോ വ്യക്തിയുടെമേലും ഈ ഉത്തരവാദിത്തമുണ്ട്. ചങ്ങലയുടെ ബലം അതിലെ ഏറ്റവും ദുര്‍ബലമായ കണ്ണിയാണ്. ശാസ്ത്രം പുരോഗമിച്ചിട്ടും ചെറിയൊരു ആലസ്യംകൊണ്ട് മനുഷ്യകുലം തന്നെ അവസാനിച്ചേക്കാമെന്നത് മറക്കരുത്. ജനസംഖ്യയില്‍ വലിയ പങ്ക് വഹിക്കുന്ന ചൈനയും ഇന്ത്യയും മറ്റ് രാജ്യങ്ങളേക്കാള്‍ പാലിക്കേണ്ട ജാഗ്രതയെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ല. സകല സംവിധാനങ്ങളുള്ളതും ജനസംഖ്യയില്‍ കുറഞ്ഞതുമായ രാജ്യമായ ഇറ്റലിയില്‍പോലും രോഗ ബാധ ഇരുന്നൂറിലധികം മനുഷ്യരുടെ ജീവനെടുത്ത നിലക്ക്. ഒന്നരക്കോടിപേരാണ് ഇവിടെ നിരീക്ഷണത്തിലത്രെ. മാര്‍പ്പാപ്പയുടെ കുര്‍ബാന വീഡിയോ കോണ്‍ഫറന്‍സിങിലാക്കിയതും ഉംറ തീര്‍ത്ഥാടനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതുമൊക്കെ ഇന്ത്യക്ക് പാഠമാകണം. വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കാനുള്ള സന്ദര്‍ഭമാവരുത് മഹാമാരികളുടെ വ്യാപനകാലം. ആരോഗ്യമന്ത്രിയുടെ മേല്‍നോട്ടം പ്രശംസിക്കപ്പെടുമ്പോള്‍തന്നെയാണ് ഇതര മേഖലയിലെ ജാഗ്രതക്കുറവ് മുഴച്ചുനില്‍ക്കുന്നത്. എല്ലാ അതിര്‍വരമ്പുകള്‍ക്കുംമേലെ മനുഷ്യജീവനും ആവാസവ്യവസ്ഥയും സംരക്ഷിക്കപ്പെടുന്നതിനായിരിക്കണം മുന്‍ഗണന.

SHARE