സ്വര്‍ണക്കടത്ത്: സി.പി.എം മറുപടി പറയണം

ദേശീയ സുരക്ഷയെ അപകടപ്പെടുത്തി നയതന്ത്ര ചാനലിലൂടെ നടന്ന സ്വര്‍ണക്കടത്ത് കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കകയാണ്. മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.എമ്മിനെയും പ്രതിരോധത്തിലാക്കിയിരിക്കുന്ന വന്‍ തട്ടിപ്പിനെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. തിരുവനന്തപുരത്തെ യു.എ.ഇ നയതന്ത്ര കാര്യാലയത്തന്റെ പേരില്‍ അലയച്ച ബാഗേജില്‍നിന്ന് 30 കിലോ സ്വര്‍ണം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തതോടെ തുടങ്ങിയ വിവാദങ്ങള്‍ കൂടുതല്‍ ശക്തിയാര്‍ജിക്കുകയാണ്. ഡിപ്ലോമാറ്റിക് ബാഗുകളില്‍ ആറുതവണകളിലായി 15 കോടിയോളം രൂപയുടെ സ്വര്‍ണം സംസ്ഥാനത്ത് എത്തിയിട്ടുണ്ടെന്ന വാര്‍ത്ത നിസ്സാരമല്ല.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ഉള്‍പ്പെട്ട കള്ളക്കടത്ത് ഏറെ ഗൗരവം അര്‍ഹിക്കുന്നുണ്ട്.

സംസ്ഥാന ഐ.ടി വകുപ്പിലെ ജീവനക്കാരിയായ സ്വപ്‌ന സുരേഷില്‍ മാത്രം ഒതുങ്ങുന്നതല്ല ഇതെന്ന് സംഭവവുമായി ബന്ധപ്പെട്ട് പുറുത്തുവരുന്ന ഓരോ വിവരങ്ങളും തെളിയിക്കുന്നു. കേവലമൊരു സ്വര്‍ണക്കടത്ത് മാത്രമായി ഇതിനെ കാണാനാവില്ല. രാജ്യരക്ഷയെ തന്നെ ബാധിക്കുന്ന വിഷയമാണെന്നതുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തെ താങ്ങിനടക്കുന്ന സി.പി.എമ്മും നിരവധി ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടതുണ്ട്. ശിവശങ്കറെ മാറ്റിയും സ്വപ്‌നയെ പുറത്താക്കിയും രക്ഷപ്പെടാനുള്ള പ്രാഥമിക നീക്കങ്ങള്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ടെങ്കിലും ഇപ്പോള്‍ അകപ്പെട്ട കെണിയില്‍നിന്ന് അത്ര വേഗമൊന്നും മുഖ്യമന്ത്രിക്ക് തലയൂരാന്‍ സാധിക്കില്ല. സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ പിണറായി വിജയന്റെ നിര്‍ദേശപ്രകാരം അദ്ദേഹം ഒരു വര്‍ഷത്തെ അവധിക്ക് അപേക്ഷ നല്‍കുകയായിരുന്നു. സെക്രട്ടറി സ്ഥാനത്തിരിക്കുന്ന വ്യക്തി ചോദ്യംചെയ്യപ്പെട്ടാല്‍ സ്വാഭാവികമായും മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലാകുമെന്ന് ഉറപ്പാണ്.

ചീഞ്ഞളിഞ്ഞ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ദുര്‍ഗന്ധമാണ് സ്വര്‍ണക്കടത്തിലൂടെ നാറിക്കൊണ്ടിരിക്കുന്നത്. സോളാര്‍ പാനല്‍ അപവാദം മുതലെടുത്ത് അധികാരത്തിലെത്തിയ സി.പി.എമ്മിനിപ്പോള്‍ മിണ്ടാട്ടമില്ല. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തുണ്ടായ സോളാര്‍ വിവാദം സരിത എന്ന സ്ത്രീയുടെ തട്ടിപ്പില്‍ മാത്രം കേന്ദ്രീകരിച്ചതായിരുന്നു. സ്വര്‍ണക്കടത്തിന്റെ സ്ഥിതി അതല്ല. ഔദ്യോഗിക പദവികള്‍ ദുരുപയോഗം ചെയ്ത് നയതന്ത്ര കാര്യാലയത്തിന്റെ മറവിലൂടെയാണ് കള്ളക്കടത്ത് നടന്നിരിക്കുന്നത്. എംബസികളുടെയും കോണ്‍സുലേറ്റുകളുടെയും വിശ്വാസ്യത പോലും തകര്‍ക്കുന്ന വിവാദം രാജ്യരക്ഷയെ അപകടപ്പെടുത്തുന്നതാണ്.

സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ ഓഫീസിനെക്കുറിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് സി.പി.എം ഉന്നയിച്ചിരുന്നതെങ്കില്‍ സ്വപ്‌ന സുരേഷിനെ പിണറായിക്ക് നേരിട്ട് അറിയാമെന്ന് പകല്‍വെളിച്ചം പോലെ വ്യക്തമാണ്. വിദേശ രാജ്യങ്ങളിലുള്‍പ്പെടെ പിണറായി പങ്കെടുത്ത പരിപാടികളിലെല്ലാം സ്വപ്‌നയുടെ നിറസാന്നിദ്ധ്യമുണ്ട്. അനേകം പരിപാടികളില്‍ സ്വപ്‌ന മുഖ്യമന്ത്രിയോടൊപ്പം പങ്കെടുത്തിരുന്നു. ഇരുവര്‍ക്കും നേരിട്ട് അറിയാമെന്ന് മാത്രമല്ല പരസ്പരം സംസാരിക്കുകയും ചെയ്തിട്ടുണ്ടെന്നതിന് തെളിവുകള്‍ ധാരാളമുണ്ട്. പിണറായിക്ക് പുറമെ സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ക്കും സ്വപ്‌നയുമായി ഉറ്റബന്ധമാണുള്ളത്. തിരുവനന്തപുരത്ത് സ്വപ്‌നയുടെ സ്ഥാപനത്തിന്റെ ശാഖ ഉദ്ഘാടനം ചെയ്തത് നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനായിരുന്നു. എന്നിട്ടും സ്വപ്‌നയെ തനിക്ക് അറിയില്ലെന്ന് മുഖ്യമന്ത്രി വാദിക്കുന്നത് കേരളീയ സമൂഹത്തിന് ഞെട്ടലോടെ മാത്രമേ കേള്‍ക്കാന്‍ സാധിക്കൂ.

സ്വര്‍ണക്കടത്തില്‍ പേര് പരാമര്‍ശിക്കപ്പെട്ടപ്പോഴേക്ക് ശിവശങ്കറിനെ മാറ്റാന്‍ മുഖ്യമന്ത്രി ധൃതികാണിച്ചതിലും ദുരൂഹതയുണ്ട്. സ്പ്രിന്‍ക്ലര്‍, ബെവ്‌കോ ഇടപാടുകളില്‍ ശിവശങ്കറിനുള്ള പങ്ക് പ്രതിപക്ഷം പലതവണ ചൂണ്ടിക്കാട്ടിയതാണ്. ഇദ്ദേഹത്തിനെതിരെ അന്വേഷണം നടത്തണമെന്ന പ്രതിപക്ഷ മുറവിളികളും വിമര്‍ശനങ്ങളും പിണറായി അവഗണിക്കുകയായിരുന്നു. പക്ഷെ, പുതിയ വിവാദങ്ങളുമായി ബന്ധപ്പെട്ട് സമയം പാഴാക്കാതെ നടപടിക്ക് മുതിര്‍ന്നത് അപകടം മണത്തിട്ടാണെന്ന് കണ്ടെത്താന്‍ അധികം ആലോചിക്കേണ്ടതില്ല. സ്വപ്‌നയുടെ ഫഌറ്റില്‍ ശിവശങ്കര്‍ സ്ഥിരം സന്ദര്‍ശകനായിരുന്നുവെന്ന വെളിപ്പെടുത്തല്‍ ആരോപണത്തിന് കനം കൂട്ടുന്നുണ്ട്. അന്താരാഷ്ട്രതലത്തില്‍ വലിയൊരു ഗൂഢാലോചനയുടെയും തടപ്പിന്റെയും കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയിരിക്കുന്നുവെന്ന് വേണം മനസ്സിലാക്കാന്‍. കേരളത്തില്‍ ഇതുവരെയും കേട്ടുകേള്‍വിയില്ലാത്ത സംഭവമാണിത്. പിണറായിയുടെ തണലില്‍ നടന്ന തട്ടിപ്പെന്ന നിലയില്‍ എവിടെയും തൊടാത്ത പ്രസ്താവന നടത്തിയതുകൊണ്ട് സി.പി.എം രക്ഷപ്പെടില്ല.

ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തേണ്ടത് കേന്ദ്ര സര്‍ക്കാറാണെന്ന സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്റെ വാക്കുകളില്‍ സംശയ മുനകള്‍ ധാരാളമുണ്ട്. ഒരുതരം ഒഴിഞ്ഞുമാറ്റമായാണ് ഇത്തരം വാക്കുകളെ വിലയിരുത്തേണ്ടത്. വിമാനത്താവളവും കസ്റ്റംസും ഇമിഗ്രേഷനും മറ്റ് ഏജന്‍സികളുമെല്ലാം കേന്ദ്രത്തിന്റെ പരിധിയിലായതുകൊണ്ട് സംസ്ഥാന സര്‍ക്കാറിന് ഒന്നും ചെയ്യാനില്ലെന്ന സൂചന കൂടിയായിരിക്കാം. വിവാദക്കുരുക്കില്‍ പെടുമ്പോള്‍ അന്വേഷണം നടത്തണമെന്ന് എല്ലാവരും പറയുന്ന പതിവ് പ്രസ്താവനകളാണ്. അതിനപ്പുറം ആത്മാര്‍ത്ഥതയുടെ ചെറിയൊരു അംശം പോലും അതിലില്ല. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ രാജിക്കുവേണ്ടി ഉറഞ്ഞുതുള്ളിയിരുന്ന പാര്‍ട്ടിയാണ് സി.പി.എം എന്നിരിക്കെ പിണറായിയുടെ രാജിയില്‍ കവിഞ്ഞ് മറ്റൊന്നുകൊണ്ടും ജനങ്ങള്‍ തൃപ്തരാകില്ലെന്ന് വ്യക്തമാണ്.

പാവങ്ങളുടെ പാര്‍ട്ടിയെന്ന് അവകാശപ്പെട്ടിരുന്ന സി.പി.എമ്മിനെ ബാധിച്ചിരിക്കുന്ന ജീര്‍ണതയിലേക്കാണ് സമീപ കാലത്തെ ഓരോ വിവാദങ്ങളും വിരല്‍ചൂണ്ടുന്നത്. ദരിദ്ര പശ്ചാത്തലത്തില്‍ വളര്‍ന്ന് പാര്‍ട്ടിയിലൂടെ അധികാരസ്ഥാനങ്ങളിലെത്തിയ കമ്യൂണിസ്റ്റ് നേതാക്കളെല്ലാം സ്വത്ത് കുന്നുകൂട്ടി തടിച്ചുകൊഴുക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷം സ്വന്തം വരുമാനം കൊണ്ട് ജീവിക്കാന്‍ പാടുപെട്ടവര്‍ കേരളത്തില്‍ കഴിഞ്ഞുപോയിട്ടുണ്ട്. നേര്‍വിപീരിതമാണ് ഇന്നത്തെ സ്ഥിതി. ആദ്യ കാലത്ത് സ്വന്തമെന്ന് അവകാശപ്പെടാന്‍ ഒന്നുമില്ലാതിരുന്നവര്‍ അധികാര ശീതളിമയില്‍ സുഖിക്കുകയാണിപ്പോള്‍. പലതരം വിവാദങ്ങളില്‍ അകപ്പെട്ട് തകര്‍ന്ന പ്രതിച്ഛായ നേരെയാക്കാന്‍ നോക്കുമ്പോഴെല്ലാം സി.പി.എം കൂടുതല്‍ ചെളിപുരളുകയാണ്. സ്വാര്‍ത്ഥത മാത്രം കൈമുതലാക്കി നടക്കുന്ന നേതാക്കളാണ് പാര്‍ട്ടിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നത്.

സ്വജനപക്ഷപാതവും അഴിമതിയും ഭരണപദ്ധതിയെന്ന പോലെ ഇടതു സര്‍ക്കാര്‍ കൊണ്ടുനടക്കുകയാണ്. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിപ്പുറപ്പിച്ചിരിക്കുന്ന ഉദ്യോഗസ്ഥരെ അഴിഞ്ഞാടാന്‍ വിട്ട് അന്താരാഷ്ട്ര സ്വര്‍ണക്കടത്ത് സംഘത്തിന് താവളമൊരുക്കുന്നത് മാപ്പര്‍ഹിക്കാത്ത അപരാധമാണ്. അധികാരമേറ്റെടുത്തതു മുതല്‍ തന്നെ പലവിധ ആരോപണങ്ങളില്‍ കുടുങ്ങി കാലാവധി തീര്‍ക്കാന്‍ പ്രയാസപ്പെടുന്ന സര്‍ക്കാരിനെയാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളെ നേരിടാനൊരുങ്ങുന്ന അവസാന ഘട്ടത്തില്‍ പോലും ഭരണം മെച്ചപ്പെടുത്താന്‍ ഇടതുമുന്നണിക്ക് സാധിച്ചിട്ടില്ല. വലിയ പ്രതിസന്ധികളിലേക്കാണ് സര്‍ക്കാര്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഘടകക്ഷിയായ സി.പി.ഐ തങ്ങളുടെ അമര്‍ഷം തുറന്നുപ്രകടിപ്പിച്ചിട്ടുണ്ട്. സി.പി.എം നേതാക്കളുടെയും കൂട്ടാളികളുടെയും വഴിവിട്ട പോക്ക് മുന്നണിയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. ഭരണവും മുന്നണി രാഷ്ട്രീയവും ഇത്രയേറെ വഷളാക്കിയതിന് ഘടകക്ഷികളോടും പാര്‍ട്ടി അണികളോടും സി.പി.എം മറുപടി പറയേണ്ടിവരും.

SHARE