ലഡാക്കിലെ മഞ്ഞുരുക്കം

അമ്പതുവര്‍ഷം പഴക്കമുള്ള ഇന്ത്യ-ചൈന തര്‍ക്കത്തിന് പുതിയപ്രത്യാശ തുറന്നുകൊടുത്തുകൊണ്ട് ശനിയാഴ്ച നടന്ന സൈനികതല ഉഭയകക്ഷിചര്‍ച്ച വെളുത്തപുക പുറത്തുവിട്ടിരിക്കുകയാണ്. മെയ് പത്തിന് ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ (യഥാര്‍ത്ഥനിയന്ത്രണരേഖ)ഉണ്ടായ പുതിയ സംഘര്‍ഷമാണ് സ്ഥിതിഗതികള്‍ മൂന്നുവര്‍ഷത്തിനിടെ ഒരിക്കല്‍കൂടി ബന്ധത്തില്‍ വിള്ളല്‍വീഴ്ത്തിയത്. 2019 ഒക്ടോബറില്‍ ചൈനീസ്പ്രസിഡന്റ് ഷീജിന്‍പിങ്ങുമായി പ്രധാനമന്ത്രി ചെന്നൈയില്‍ നടത്തിയ അനൗപചാരിക കൂടിക്കാഴ്ചയും ചര്‍ച്ചകളും ഇരുഅയല്‍രാഷ്ട്രങ്ങളും തമ്മില്‍ പുതിയ തലത്തിലുള്ള ബന്ധം തുറന്നതായി വ്യക്തമാക്കപ്പെട്ടെങ്കിലും കോവിഡ്കാലത്ത് വീണ്ടും സംഘര്‍ഷതലത്തിലേക്ക് കാര്യങ്ങള്‍ ചെന്നെത്തുന്നതാണ് കണ്ടത്.

ശനിയാഴ്ച കേന്ദ്രഭരണപ്രദേശമായ ലഡാക്കിന്റെ 14-ാം കോര്‍ തലവന്‍ ലെഫ്.ജനറല്‍ ഹരീന്ദര്‍സിംഗും ചൈനയുടെ ദക്ഷിണഷിന്‍ജിയാങ് മേഖലാ സൈനികതലവന്‍ ലിയു ലിന്നും തമ്മില്‍നടന്ന കൂടിക്കാഴ്ച പ്രദേശത്തും ഉഭയകക്ഷിബന്ധത്തിലും മഞ്ഞുരുക്കിയെന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്. ഷീജിന്‍ പിങ്- നരേന്ദ്രമോദി കൂടിക്കാഴ്ചയുടെയും കരാറിന്റെയും അന്തസ്സത്ത ഉള്‍ക്കൊണ്ടുകൊണ്ടുള്ള തീരുമാനത്തിലേക്ക് ചര്‍ച്ച നീങ്ങിയെന്നാണ് വിവരം. ഇന്നലെ ചൈനീസ് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ അറിയിപ്പുപ്രകാരം മോദി-ഷീ കരാറിലെ ‘ഇരുഭാഗത്തേയും തര്‍ക്കങ്ങള്‍ കൈവിട്ടുപോകരുതെന്ന’ ഭാഗത്തിന് അടിവരയിടുന്നതായി ശനിയാഴ്ചത്തെ കൂടിക്കാഴ്ച എന്നാണ് വ്യക്തമായിട്ടുള്ളത്.

സൈനികതലചര്‍ച്ച ‘സൗഹൃദപരവും പ്രതീക്ഷാനിര്‍ഭരവും’ എന്നാണ് ഇന്ത്യന്‍വിദേശകാര്യമന്ത്രാലയവും കഴിഞ്ഞദിവസം പ്രതികരിച്ചത്. ‘പ്രശ്‌നപരിഹാര’ത്തിന് ഇനി ഇരുസര്‍ക്കാരുകളിലേക്കും വിഷയംവിടുമെന്നാണ് പ്രതികരണമുണ്ടായിരിക്കുന്നത്. ഇത് കോവിഡ്കാലലോകത്ത് ഇരുരാജ്യങ്ങളിലെയും മുന്നൂറുകോടിയോളം വരുന്ന ജനങ്ങളെ സംബന്ധിച്ചോളം ആശ്വാസവുംപ്രതീക്ഷയും പകരുന്നതാണെന്ന കാര്യത്തില്‍ സംശയമില്ല. പ്രത്യേകിച്ചും അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ഏഷ്യയില്‍ പുതിയകാല്‍വെപ്പുകള്‍ക്ക് നോട്ടമിട്ടിരിക്കുന്ന സന്ദര്‍ഭത്തില്‍. ഇരുരാജ്യങ്ങളിലെ നേതാക്കളും സൈനികമേധാവികളും സന്ദര്‍ഭത്തിനൊത്ത് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്‌തെന്നുവേണം ശനിയാഴ്ചത്തെ ചര്‍ച്ചാവിജയത്തെ വിലയിരുത്താന്‍.

സ്വാതന്ത്ര്യത്തിനുശേഷം 1962ലാണ് ചൈനയുമായി നമുക്ക് യുദ്ധം ചെയ്യേണ്ടിവന്നിട്ടുള്ളത്. ലോകത്തെ ഏറ്റവും കൂടുതല്‍-ഏതാണ്ട് പകുതിയോളം ജനങ്ങള്‍- തിങ്ങിത്താമസിക്കുന്നതും പ്രകൃതിസമ്പന്നവും സാംസ്‌കാരികസമ്പുഷ്ടവുമായ ചൈനയെയും ഇന്ത്യയെയും സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ നിതാന്തമായി തര്‍ക്കംനിലനില്‍ക്കുന്നത് മേഖലയുടെ പുരോഗതിക്കും നിലനില്‍പിനുതന്നെയും യാതൊരുനിലക്കും യോജിച്ചതല്ല. പണ്ഡിറ്റ് നെഹ്‌റുവിനെപോലുള്ള പക്വമതികളായ രാഷ്ട്രനേതാക്കളുടെയും പ്രതിഭകളുടെയും വിശാലവീക്ഷണമാണ് വലിയൊരു തുടര്‍ഏറ്റുമുട്ടലിലേക്ക് ഇരുരാജ്യങ്ങളെയും അനുവദിക്കാതിരുന്നത്. സോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥയും മിശ്രസമ്പദ് വ്യവസ്ഥയും സംയോജിപ്പിച്ചുകൊണ്ടുള്ള നെഹ്‌റുവിന്റെ സാമ്പത്തികനയം ഏറെക്കുറെ ചൈനയോട് താദാത്മ്യം പുലര്‍ത്തുന്നതായിട്ടും അമ്പതുകളിലും അറുപതുകളിലും അതിര്‍ത്തിത്തര്‍ക്കങ്ങള്‍ കുത്തിപ്പൊക്കിയാണ് പാവപ്പെട്ട ജനതകളുടെ കോടിക്കണക്കിന് പണം ദുരുപയോഗംചെയ്ത് യുദ്ധത്തിലേക്ക് വലിച്ചിഴക്കപ്പെട്ടത്. ഇന്ന് ലോകജനതയും സമ്പദ്‌വ്യവസ്ഥയും അഭൂതപൂര്‍വമായ പ്രതിസന്ധിയെ നേരിടുന്ന ഘട്ടത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വീണ്ടും തര്‍ക്കം ഉടലെടുക്കുന്നത് ഒരു നിലക്കും അഭികാമ്യമല്ല.

ലഡാക്ക് കേന്ദ്രഭരണപ്രദേശത്തെ പൂര്‍വമലനിരകളില്‍ നാം പാത പണിയുന്നതാണ് ചൈനയെ ചൊടിപ്പിച്ചതത്രെ. വലിയസംഘം സൈനികരെ ലഡാക്കിലെ മൂന്ന് തന്ത്രപ്രധാനമേഖലകളിലെ അതിര്‍ത്തികളില്‍ വിന്യസിച്ചത് ഇന്ത്യയെ പ്രകോപിതമാക്കി. ഇരുഭാഗത്തുനിന്നും നേരിയതോതില്‍ വെടിവെപ്പുണ്ടാകുകയും അത് നിയന്ത്രണാതീതമായ അവസ്ഥയിലേക്ക് പോകുമെന്ന ആശങ്ക ഉയര്‍ത്തുകയും ചെയ്തു. ഇന്ത്യ സൈനികവിന്യാസം ശക്തിപ്പെടുത്തിയെങ്കിലും ചൈനീസ് ഭരണകൂടം പ്രകോപനം തുടര്‍ന്നുകൊണ്ടേയിരുന്നു. 2017ല്‍ ഭൂട്ടാന്‍ അതിര്‍ത്തിയിലെ ദോക്്‌ലാമില്‍ ഉണ്ടായ സംഘര്‍ഷത്തിന് സമാനമാണ് ലഡാക്കിലേതും. യഥാര്‍ത്ഥനിയന്ത്രണരേഖ നേരത്തെ ഇരുരാജ്യങ്ങളും അംഗീകരിച്ചതാണെങ്കിലും ഹിമാലയന്‍ മലനിരകളില്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടക്കുന്നസ്ഥിതിയാണ് ചൈനയുടെ ഭാഗത്തുനിന്നുണ്ടായത്.

ഏപ്രിലിലെ സ്ഥിതിയിലേക്കുതന്നെ ചൈനീസ്‌സേന പിന്‍വാങ്ങണമെന്നാണ് ലെഫ്.ജനറല്‍ ഹരീന്ദര്‍സിംഗ് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ചൈന അംഗീകരിച്ചോ എന്നതുസംബന്ധിച്ച് വ്യക്തമായവിവരം ഇനിയും പുറത്തുവരാനിരിക്കുന്നതേ ഉള്ളൂ. അതുണ്ടായില്ലെങ്കില്‍ ചൈനീസ് വ്യാളിക്കുമുമ്പില്‍ മോദിഭരണകൂടം കീഴടങ്ങിയെന്നുവേണം അനുമാനിക്കാന്‍. ദോക്്‌ലാമില്‍ ഇന്ത്യയോട് ചേര്‍ന്നുള്ള ഭാഗത്ത് പാത നിര്‍മിച്ചാണ് 2017ല്‍ ചൈന പ്രകോപനം സൃഷ്ടിച്ചതെങ്കില്‍ അന്നവരെ അന്താരാഷ്ട്രസമ്മര്‍ദത്തിലൂടെ പിന്‍മാറ്റിക്കാന്‍ നമുക്ക് കഴിഞ്ഞു. ഇന്നതിന് കഴിയുന്നില്ലെങ്കില്‍ രാഹുല്‍ഗാന്ധി വിശേഷിപ്പിച്ചതുപോലെ ചൈനക്കുമുന്നില്‍ മുട്ടുവിറക്കുകയാണ് മോദി സര്‍ക്കാരെന്ന് പറയേണ്ടിവരും.

ചൈനയിലെ ഹൂബീ പ്രവിശ്യയിലെ വൂഹാനില്‍ 2019 ഡിസംബറില്‍ പൊട്ടിപ്പുറപ്പെട്ട കോവിഡ്-19 എന്ന മാരകവൈറസ് രോഗം ലോകത്താകെ നാലുലക്ഷത്തിലധികം മനുഷ്യരെയാണ് ഇതിനകം കൊന്നൊടുക്കിയിരിക്കുന്നത്. ഇതില്‍ വലിയൊരുശതമാനംപേര്‍ – ഒരുലക്ഷത്തിലധികം – മരണപ്പെട്ടിരിക്കുന്നത് ചൈനയുടെ മറ്റൊരുശത്രുരാജ്യമായ അമേരിക്കയിലാണ്. വരുംകാലത്ത് ചൈനയും ഇന്ത്യയും സാമ്പത്തികമായി വന്‍പുരോഗതി കൈവരിക്കുമെന്ന വാര്‍ത്തകള്‍ സാമ്പത്തിക വിദഗ്ധരില്‍ നിന്ന് പുറത്തുവരുന്ന കാലഘട്ടമാണിത്. കോവിഡിന് മുമ്പുതന്നെ ചൈനയെ കീഴ്‌പെടുത്താനുള്ള പരിശ്രമത്തിലാണ് അമേരിക്ക. സാമ്പത്തികമായി കഴിഞ്ഞില്ലെങ്കില്‍ സൈനികമായും മറ്റും ഇതരരാജ്യങ്ങളുമായി ചേര്‍ന്നുകൊണ്ടുള്ള വിരട്ടലിനാണ് അമേരിക്ക ഇപ്പോള്‍ പരിശ്രമിക്കുന്നത്.

അതിനൊരു ആയുധമായിരിക്കുകയാണ് കോവിഡ്-19ഉം രോഗംസംബന്ധിച്ച വിവരങ്ങള്‍ ചൈന കൈമാറുന്നില്ലെന്ന ആരോപണങ്ങളും. അമേരിക്കയോട് ഒട്ടിച്ചേര്‍ന്നുനില്‍ക്കുന്ന നൂറോളം രാജ്യങ്ങള്‍ ഇതിനകം ചൈനക്കെതിരെ ഉപരോധമടക്കമുള്ളവ ഏര്‍പ്പെടുത്തണമെന്ന ആവശ്യമുയര്‍ത്തിക്കഴിഞ്ഞു. കോവിഡിനെ ‘ചൈനീസ്‌വൈറസ്’ എന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ്ട്രംപ് വിശേഷിപ്പിച്ചത്. ഇത് ചൈനയുടെ രോഷം ഇരട്ടിപ്പിച്ചിരിക്കവെയാണ് മോദി ട്രംപുമായി വലിയതോതിലുള്ള ആഘോഷങ്ങള്‍ ഇന്ത്യയില്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ നടത്തിയത്. ഇതുണ്ടാക്കിയേക്കാവുന്ന പ്രതികരണങ്ങളും പ്രത്യാഘാതങ്ങളും അമേരിക്കയും മോദിയും അറിയാതെയാവില്ലെന്ന് മാത്രമല്ല, ചൈനക്ക് ഒരു തരത്തിലുള്ള ഭീഷണികൂടിയാണ് ഇതിലൂടെ ഇരുരാജ്യങ്ങളും നല്‍കിയത്. ഇതിനിടെയാണ് റോഡ് നിര്‍മാണത്തിന്റെ പേരില്‍ ചൈന ഇന്ത്യക്കെതിരെ സൈനികവിന്യാസത്തിന് തുനിഞ്ഞതെന്നത് പലസൂചനകളാണ് നല്‍കുന്നത്. ആത്യന്തികമായി ജനാധിപത്യപക്ഷത്ത് മാത്രമേ ഇന്ത്യക്ക് നിലയുറപ്പിക്കാനാകൂ എങ്കിലും, പല രൂപേണ തകര്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന അമേരിക്കയെ അന്ധമായി വിശ്വസിച്ചുകൊണ്ടുള്ള വിദേശകാര്യനയം നമുക്ക് നേട്ടത്തേക്കാള്‍ നാശമേ വരുത്തൂവെന്ന് തിരിച്ചറിയാനാകണം.

SHARE