വൈക്കം മുഹമ്മദ്ബഷീറിന്റെ ‘ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു’ എന്ന കഥയിലെ അവസ്ഥയാണ്. ഐശ്വര്യങ്ങളെല്ലാംപഴങ്കഥ. രാഷ്ട്രശില്പി സാക്ഷാല്‍ പണ്ഡിറ്റ് നെഹ്റുവിന്റെ കുടുംബത്തിലെ മരുമകളാകാന്‍ ഭാഗ്യം സിദ്ധിച്ചിട്ടും തറവാട്ടുമഹിമയൊക്കെ കളഞ്ഞുകുളിച്ചവള്. ഭര്‍ത്താവിന്റെ പേരിലെ ഗാന്ധിയുള്ളപ്പോള്‍ രാഷ്ട്രീയത്തില്‍ തിളങ്ങാനിത് മതി. അതുചേര്‍ത്ത് ട്വീറ്റ് ചെയ്യലാണിപ്പോള് പ്രധാനപണി. അഞ്ചാംതവണ എം.പിയും മൂന്നുതവണ കേന്ദ്രമന്ത്രിയുമൊക്കെ ആയതാണ്. എല്ലായിടത്തും പ്രശ്നക്കാരിയായതിനാലാവാം അതും പൊയ്പോയി. അതെങ്ങനെ, കുഴിയാന ഒറിജിനലാകുമോ !
അങ്ങനെയിരിക്കവെയാണ് കേരളത്തില്‍ മണ്ണാര്‍ക്കാട് വനമേഖലയില്‍ ഗര്‍ഭിണിയായ കാട്ടാന പുഴയില്‍ കുഴഞ്ഞുവീണ് ചെരിഞ്ഞെന്ന വാര്‍ത്ത. അതാകാം പുതിയ ‘മൃഗീയവിഷയ’ മെന്നായി. പന്നികളെ അകറ്റാനായി തേങ്ങയില്‍ പന്നിപ്പടക്കംവെച്ച് കര്ഷകരിലൊരാള്വെച്ച കെണിയില്‍ മെയ് 12ന് കാട്ടാന കടിക്കുന്നു. വായയില്‍ പരിക്കേല്‍ക്കുന്നു. ഭക്ഷണം കഴിക്കാനാകാതെ നടന്നുതളര്‍ന്നും വിശന്നുവലഞ്ഞും അവശയായ ആന 25ന് വെള്ളിയാര്പുഴയിലെത്തി. വെള്ളം നേരെ ചെന്നത് ശ്വാസകോശത്തില്‍. രണ്ടാം ദിവസം അവിടെതന്നെ ചെരിഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുംമുമ്പ് പൈനാപ്പിളില്‍ പടക്കംവെച്ചത് ഭക്ഷിച്ചതാണ് ആനയുടെ മരണത്തിന് കാരണമെന്ന് വനംവകുപ്പുദ്യോഗസ്ഥന് ഫെയ്സ്ബുക്കിലൂടെ വെച്ചുകാച്ചി. സംഗതി കേട്ടപാതി കേള്‍ക്കാത്തതുപാതി മേനകാ ഗാന്ധി കേരളത്തെയും മലപ്പുറത്തെയും ആക്രമിക്കാനുള്ള വിഷയമായി ഏറ്റെടുക്കുന്നു.
ജൂണ്‍ മൂന്നിന് അവരിട്ട ട്വീറ്റാണ് രാജ്യമാകെ വിവാദമായത്. ആന ചെരിഞ്ഞത് മലപ്പുറം ജില്ലയിലാണെന്നും ജില്ല മൃഗങ്ങള്‍ക്കെതിരായ ആക്രമണത്തിന് പേരുകേട്ടതാണെന്നുമൊക്കെ വെച്ചുകാച്ചിയ മേനക ഇത്രയുംകൂടി പറഞ്ഞു. ‘ മലപ്പുറത്തെ വര്‍ഗീയ സംഘര്‍ഷങ്ങളുടെ കണക്ക് നോക്കുക. രാജ്യത്തെ ഏറ്റവും പ്രശ്നജില്ലയാണ് അത്. അവര്‍ കുറെ സ്ത്രീകളെ കൊന്നിട്ടുണ്ട്. അവിടെ ഹിന്ദു-മുസ്്ലിം സംഘര്‍ഷം പതിവാണ്.’ ടി.വിക്കാര് എത്തിയപ്പോള്‍ ഇതുകൂടി തട്ടിവിട്ടു: ‘ഇപ്പോള്‍ പൈനാപ്പിളിലാണ് അവര്‍ ബോംബുവെച്ചത്. ഇനിയിപ്പോ ഒറിജിനല്‍ ബോംബുവെച്ച് ആളുകളെ കൊല്ലില്ലെന്നാരുകണ്ടു?’ ഇതിനെയാണ് അഞ്ജനമെന്നാലെനിക്കറിയാം, മഞ്ഞളുപോലെ വെളുത്തിരിക്കുമെന്ന് പണ്ടാരോ പറഞ്ഞത് !
ആന ചെരിഞ്ഞത് പാലക്കാട് ജില്ലയിലാണെന്നും അതിനുകാരണം ആന അബദ്ധത്തില്‍ കെണിയില്പെട്ടതുകൊണ്ടാണെന്നുമൊന്നും അറിയാതെയാണ് ബി.ജെ.പി എം.പി മലപ്പുറത്തിനെതിരെ വിഷഗീര്‍വാണം തൊടുത്തുവിട്ടത്. മലപ്പുറത്തെ അറിയാവുന്നവര്‍ ഇതുകേട്ട് വായ പൊത്തിച്ചിരിച്ചു. ചിലര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ മേനകയെ നിര്‍ത്തിപ്പൊരിച്ചു. മറ്റുചിലര്‍ അവരുടെ സംഘടനയായ ‘പ്യൂപ്പിള്‍ ഫോര്‍ അനിമല്‍സ്’ വെബ്സൈറ്റ് ഹാക്ക്ചെയ്തു. ചിലര്‍ കോടതിയില്‍ പോയി. രാഷ്ട്രീയനേതാക്കളും എം.പിമാരും മുഖ്യമന്ത്രിയും രൂക്ഷമായി പ്രതികരിച്ചു. ഇതോടെ ഛര്‍ദില്‍ അപ്പടിവിഴുങ്ങി. മലപ്പുറത്താണ് സംഭവമെന്ന് ഫോറസ്റ്റുകാര് പറഞ്ഞറിഞ്ഞതാണെന്നായി. പക്ഷേ മലപ്പുറത്തിനെതിരായ വര്ഗീയവിഷപ്രവാഹം തിരുത്താന്‍ തയ്യാറായതുമില്ല. ഏതായാലും പരാതികളിന്മേല് കേരളപൊലീസ് മേനകക്കെതിരെ കേസെടുത്തിരിക്കുകയാണിപ്പോള്‍. വര്‍ഗീയകക്ഷിയായ ബി.ജെ.പിയുടെ നേതാവെന്നതുമതി ഇവരുടെ മാനസികനില അളക്കാന്‍.
നെഹ്റുപുത്രി ഇന്ദിരാഗാന്ധിയുടെ രണ്ടാമത്തെപുത്രന് സഞ്ജയ്ഗാന്ധിയുടെ ഭാര്യയാണ് ഈ മലപ്പുറംവിരോധി. 1974ലാണ് വിവാഹം. മുമ്പ് ഇന്ദിരാഗാന്ധിയുടെ കാലത്തും 1970കളില്‍, മേനക തന്റെ വര്‍ഗീയതയും മുസ്ലിംവിരോധവും അണിയറയിലിരുന്നും പ്രകടിപ്പിച്ചിട്ടുണ്ട്. അതെല്ലാം പക്ഷേ ഭര്‍ത്താവ് സഞ്ജയിന്റെയും ഭര്‍തൃമാതാവ് ഇന്ദിരാഗാന്ധിയുടെയും തലയിലാണ് വീണത്. കുപ്രസിദ്ധമായ ദേശീയകുടുംബാസൂത്രണ പദ്ധതിക്കുപിന്നില്‍ മേനകയുടെ കൈകളായിരുന്നുവെന്നാണ് പറയുന്നത്. 1982ല്‍ സഞ്ജയ് വിമാനാപടകടത്തില് മരണപ്പെട്ടതോടെ ഇന്ദിരാഗാന്ധിയുമായി തെറ്റിപ്പിരിഞ്ഞു. അവര്‍ പടിയടച്ചതാണെന്നും പറയുന്നുണ്ട്. പ്രായമന്ന് 23. മകന് വരുണിന് മൂന്നുമാസവും.
കോണ്‍ഗ്രസില്‍നിന്ന് നേരെപോയി സ്വന്തംപാര്ട്ടിയുണ്ടാക്കുമ്പോള് മോഹം അടുക്കളവിപ്ലവത്തെ അധികാരാരോഹണത്തിന് ഉപയോഗിക്കാമെന്നായിരുന്നു. ‘സഞ്ജയ് മഞ്ച്’ പാര്‍ട്ടിയിലേക്ക് ചില കോണ്‍ഗ്രസുകാരും യുവാക്കളും ചേക്കേറിയെങ്കിലും പച്ചതൊട്ടില്ല. പിന്നീട് ജനതാദളിലേക്ക്. അതിന്റെ ജനറല്‍സെക്രട്ടറിയായി. പിന്നീട് ബി.ജെ.പിയിലേക്ക്. വാജ്പേയി സര്‍ക്കാരില്‍ രണ്ടുതവണ വനംമന്ത്രി. 2014ല്‍ മോദിയുടെകൂടെ വനിതാശിശുക്ഷേമന്ത്രി. 2019ല്‍ തിരഞ്ഞെടുപ്പുപ്രചാരണത്തിനിടെ ‘മുസ്്ലിംകള്‍ തനിക്ക് വോട്ടുചെയ്തില്ലെങ്കില്‍ വിവരമറിയു’മെന്ന് ഭീഷണിപ്പെടുത്തിയതിന് തെരഞ്ഞെടുപ്പു കമ്മീഷന്റെ താക്കീത്. പിലിഭിത്തില്‍ നിന്ന് വിജയിച്ചെങ്കിലും മോദി വീണ്ടും മന്ത്രിയാക്കിയില്ല. 1929ല്‍ സിക്ക് കുടുംബത്തില്‍ പിറന്ന മേനകക്ക് പ്രായമിന്ന് 63. ഏതാനും പുസ്തകങ്ങളെഴുതിയിട്ടുണ്ട്. മുന്‍ ബി.ജെ.പി എം.പിയായ മകനെയും മോദിബ്രിഗേഡ് അടുപ്പിക്കുന്നില്ല. ഇനിയിപ്പോഴിങ്ങനെ വിവാദങ്ങളെന്തെങ്കിലും ഉണ്ടാക്കിയിട്ടുവേണം മാധ്യമശ്രദ്ധപിടിക്കാന്.