അലംഭാവത്തിന് കാരണം അനാവശ്യ മേനിനടിപ്പ്

സംസ്ഥാനത്ത് കോവിഡ്-19 നിമിഷംപ്രതി ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുന്നതിനിടെ ജനങ്ങളുടെ ഓര്‍മശേഷിയെയും ക്ഷമയെയും പരീക്ഷിക്കുകയും ഇകഴ്ത്തുകയും പരിഹസിക്കുകയുമാണ് സംസ്ഥാനത്തെ ഇടതുമുന്നണി സര്‍ക്കാര്‍. കോവിഡിന്റെ കാര്യത്തില്‍ അഞ്ചാറുമാസമായി സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരുന്നതൊക്കെ ജനങ്ങള്‍ അപ്പാടെ മറന്നുവെന്നായിരിക്കാം മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരുമിപ്പോള്‍ വിചാരിച്ചിരിക്കുന്നത്. മഹാബദ്ധമെന്നല്ലാതെ അതിനെ വിശേഷിപ്പിക്കാനാവില്ല. കേരളത്തിലെ കോവിഡ് വ്യാപനത്തിന് കാരണം ജനങ്ങളുടെ അലംഭാവമാണെന്നാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരിക്കുന്നത്. സ്വന്തം കഴിവുകേടുകള്‍ മറച്ചുവെക്കാനും കഴിഞ്ഞകാല പൊള്ളത്തരങ്ങള്‍ മറച്ചുവെക്കാനുമുള്ള സര്‍ക്കാരിന്റെ ഗൂഢമായ അടവും പരാജിതന്റെ പരദൂഷണവും ഒളിച്ചോട്ടവുമായും മാത്രമേ ഇതിനെ കാണാനാകൂ. ശാസ്ത്രീയമായാണ്, രാഷ്ട്രീയമായല്ല സര്‍ക്കാര്‍ കോവിഡ് പോരാട്ടം നയിക്കേണ്ടത്. ഡൊണാള്‍ഡ് ട്രംപിന്റെ ഭാഷയല്ല കേരള മുഖ്യമന്ത്രിയില്‍നിന്ന് ജനം കാംക്ഷിക്കുന്നത്.

സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്ന മാര്‍ച്ച് 23ന് 93 കോവിഡ് രോഗികളാണുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ ആയിരത്തിന് മുകളിലാണ് കേരളത്തിലെ പ്രതിദിന രോഗികളുടെ സംഖ്യ. ഇതിനുകാരണം ജനങ്ങള്‍ സാമൂഹികാകലം പാലിക്കാത്തതാണെന്നും അവരുടെ അലംഭാവമാണെന്നുമാണ് മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരിക്കുന്നത്. സത്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ അനാവശ്യമായ മേനി നടിക്കലാണ് ഇതിന്റെയെല്ലാം അടിസ്ഥാനമെന്നതാണ് നേര്. കേരളത്തിലുള്ളവര്‍ക്ക് കോവിഡ് വരാതിരുന്നതിന് കാരണം ജനങ്ങളുടെ ആരോഗ്യാവബോധവും ശുചിത്വ ശീലവുമായിരുന്നിട്ടും അതെല്ലാം സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും മഹത്തായനേട്ടമെന്ന രീതിയിലാണ് പബ്ലിക് റിലേഷന്‍സ് സംവിധാനത്തെ ഉപയോഗിച്ച് ലോകമാകെ പ്രചരിപ്പിച്ചത്.

ആരോഗ്യമന്ത്രിയും മറ്റും തുടക്കംമുതല്‍ വാര്‍ത്താമാധ്യമങ്ങളിലൂടെ രോഗത്തെ തടഞ്ഞുനിര്‍ത്തിയെന്ന് അവകാശപ്പെടുകയായിരുന്നു. ഇതോടെയാണ് കേരളത്തില്‍ രോഗം കാര്യമായി ബാധിക്കില്ലെന്ന തോന്നല്‍ ജനങ്ങളുടെ ഉപബോധ മനസ്സുകളില്‍ കുത്തിവെപ്പിക്കപ്പെട്ടതെന്നതാണ് സത്യം. പ്രവാസികള്‍ കൂട്ടത്തോടെ നാട്ടിലേക്ക്‌വരുന്നത് കോവിഡ് ബാധ വര്‍ധിപ്പിക്കുമെന്ന സര്‍ക്കാരിന്റെ പ്രചാരണം കൂടിയായതോടെ അവരില്‍ പലരും പരമാവധി സ്വന്തം നാട്ടിലേക്ക് വരുന്നത് റദ്ദാക്കുകയോ താമസിപ്പിക്കുകയോ ചെയ്തു. വന്നവരാകട്ടെ വീടുകളിലും കോവിഡ് കേന്ദ്രങ്ങളിലും നിരീക്ഷണത്തില്‍ കഴിയുകയും ചെയ്തു.

ഇതോടൊപ്പം ആരോഗ്യപ്രവര്‍ത്തകരും പൊലീസും പ്രകടിപ്പിച്ച നിതാന്തവും അശ്രാന്തവുമായ ജാഗ്രതയും പ്രവര്‍ത്തനവുംകൂടി ആ കോവിഡ് നേട്ടത്തിന് കാരണമായിരുന്നു. ലോകത്തും രാജ്യത്താകെയും കോവിഡ് പകര്‍ന്നുകൊണ്ടിരിക്കവെ കേരളത്തില്‍ ഇടതുമുന്നണി സര്‍ക്കാരാണ് ഭരിക്കുന്നതെന്നും അതുകൊണ്ട് കോവിഡിനെ ഫലപ്രദമായി തടയാന്‍ കഴിയുമെന്നുമായിരുന്നു കുട്ടി സഖാക്കള്‍ മുതല്‍ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും വരെയുള്ളവര്‍ അവകാശപ്പെട്ടുകൊണ്ടേയിരുന്നത്. എന്നാല്‍ ഇതോടെയാണ് ആ നേട്ടങ്ങളെയെല്ലാംതകര്‍ക്കുന്ന രീതിയില്‍ ഏതാനുംചിലര്‍ സര്‍ക്കാരിനെ വിശ്വസിച്ച് പുറത്തിറങ്ങി നടന്നുതുടങ്ങിയത്.

അങ്ങിങ്ങ് ആരോഗ്യപ്രവര്‍ത്തകരിലും അനാവശ്യമായ ആത്മവിശ്വാസം ഉണ്ടാക്കാന്‍ ഇത് സഹായിച്ചു. രോഗികളുടെ എണ്ണത്തേക്കാള്‍ കവിഞ്ഞ എണ്ണം സമ്പര്‍ക്കരോഗികളുണ്ടായത് ഈ അമിതാത്മവിശ്വാസം കാരണമാണ്. ഇത് വരുത്തിവെച്ചതാകട്ടെ തര്‍ക്കലേശമെന്യേ സര്‍ക്കാരിന്റെ പ്രചാരണ തന്ത്രങ്ങളും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സി.പി.എം സൈബര്‍ പോരാളികളുടെയും ഗ്വാഗ്വാ വിളികളുമാണ്. കോവിഡ്പ്രതിരോധത്തിലെ വീഴ്ചകളും പ്രവാസികളുടെ നേര്‍ക്കുള്ള അടിസ്ഥാനമില്ലാത്ത കുറ്റപ്പെടുത്തലുകളും പരിധിവിട്ടതോടെ സമരങ്ങള്‍ നടത്തി ഭരണകൂടത്തെ തിരുത്തേണ്ട അനിവാര്യതയാണ് പ്രതിപക്ഷത്തിനുമേല്‍ വന്നുചേര്‍ന്നത്.

അതിനിടെ സംസ്ഥാനത്തെ ഞെട്ടിപ്പിക്കുന്ന സ്വര്‍ണക്കടത്തുപോലുള്ള മുഖ്യമന്ത്രിയുടെ ഓഫീസിലെതന്നെ വെട്ടിപ്പുകളും അഴിമതികളും അനധികൃത നിയമങ്ങളും. എന്നിട്ടും പരമാവധി ജാഗ്രതയും സാമൂഹികാകലവും പാലിച്ചാണ് പ്രതിപക്ഷകക്ഷിനേതാക്കളും പ്രവര്‍ത്തകരും സമരങ്ങള്‍ നടത്തിയത്. പലപ്പോഴും സമരങ്ങള്‍ മാറ്റിവെച്ചും പ്രതിപക്ഷം സര്‍ക്കാരുമായി സഹകരിച്ചു. കടുത്ത ജനരോഷത്തിനിടയിലും ഇപ്പോള്‍ കോടതി വിധിയനുസരിച്ച് ഏതാനും ദിവസത്തേക്കുകൂടി സമരങ്ങള്‍ അകങ്ങളിലേക്ക് ഒതുക്കിയിരിക്കുകയുമാണ്. ഇതിനിടെയാണ് പ്രതിപക്ഷത്തെ മാത്രമല്ല, ജനങ്ങളെയാകെ കുറ്റപ്പെടുത്തിക്കൊണ്ടും ശത്രുക്കളായികണ്ടുകൊണ്ടുമുള്ള സര്‍ക്കാരിന്റെ നീക്കങ്ങളും പ്രസ്താവനകളും.

കഴിഞ്ഞദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ചതുപ്രകാരം കോവിഡ് നിയന്ത്രണ ചുമതല ഏതാണ്ട് പൂര്‍ണമായും പൊലീസിനെയാണ് ഏല്‍പിച്ചിരിക്കുന്നത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ ഇതിന്റെ മുഖ്യചുമതല നല്‍കിയ സര്‍ക്കാര്‍ ഓരോ ജില്ലയിലെയും പൊലീസ് മേധാവികളെ കോവിഡ് ചുമതലകൂടി നല്‍കി ജനങ്ങളെ ഭയത്തിലും ആശങ്കയിലുമാക്കിയിരിക്കുകയാണ്. യുദ്ധമുഖത്തുനിന്ന് ക്യാപ്്റ്റനെ മാറ്റുന്ന പണിയാണിപ്പോള്‍ പിണറായി സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഒരു ഭരണകൂടത്തിന്റെ സാമാന്യമായ നിയമ ചുമതലകള്‍കൂടി അറിയാത്തവരാണ് മുഖ്യമന്ത്രിയെക്കൊണ്ട് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. അതിനുതാഴെ ഒപ്പുവെച്ചുകൊടുക്കുക മാത്രമല്ല, പൊലീസ് ഇനിമുതല്‍ എല്ലാം നോക്കിക്കൊള്ളുമെന്ന വാദമാണ് മുഖ്യമന്ത്രി ഉയര്‍ത്തിയത്. ഇതൊരു തരത്തില്‍ കോവിഡിന്റെ മറവില്‍ ജനങ്ങളെയാകെ ഭീതിയിലും ബന്ധനത്തിലുമാക്കുന്ന നടപടിയാണ്. ആരോഗ്യവകുപ്പ് ജീവനക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും സര്‍ക്കാര്‍ ജീവനക്കാരും പൊലീസുമെല്ലാം ഒറ്റക്കെട്ടായി നേടിയെടുത്ത കോവിഡ് നേട്ടത്തെയാണ് പിണറായി സര്‍ക്കാര്‍ ഒറ്റയടിക്ക് പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ നോക്കുന്നത്.

ചെറിയൊരു ശതമാനം ആളുകള്‍ പൊലീസിനെ ഭയന്ന് വീടുകളില്‍ അടച്ചിട്ടിരുന്നാല്‍തന്നെയും ശാസ്ത്രീയമായി രോഗികളെയും സമ്പര്‍ക്കത്തിലുള്ളവരെയും മാറ്റിനിര്‍ത്തേണ്ടത് പൊലീസിന്റെ ജോലിയാകുന്നത് അസംബന്ധമാണ്. പൊലീസിന് നിലവില്‍തന്നെ ഭാരിച്ച ജോലികളുണ്ടായിരിക്കവെ കോവിഡ് രോഗികളെ പരിപാലിക്കേണ്ട ഉത്തരവാദിത്തംകൂടി അടിച്ചേല്‍പിക്കുന്നത് ഭരിക്കാനറിയില്ലെന്ന് തുറന്നുസമ്മതിക്കലാണ്. ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ഇതര ജീവനക്കാരുടെയും സന്നദ്ധ സേവകരുടെയുമെല്ലാം സേവനത്തെയാണ് ഇതുമൂലം സര്‍ക്കാര്‍ അപമാനിച്ചിരിക്കുന്നത്. പി.പി.ഇ കിറ്റ് പോയിട്ട് മാസ്‌കോ സാനിറ്റൈസറോ പോലുമില്ലാതെ നടുറോഡില്‍ ജനത്തെ നിയന്ത്രിക്കേണ്ട അവസ്ഥയാണ് പൊലീസ് സേനാംഗങ്ങള്‍ക്ക്. ക്രമസമാധാനച്ചുമതലമാത്രമാണ് പൊലീസിനെ ഏല്‍പിച്ചതെന്ന് തിരുത്തിയെങ്കിലും, കോവിഡിന്റെ പേരില്‍ എന്ത് ക്രമസമാധാനപ്രശ്‌നമാണ് കേരളത്തിലുണ്ടാകുന്നതെന്ന് വിശദീകരിക്കേണ്ട ചുമതലകൂടി മുഖ്യമന്ത്രിയുടെമേല്‍ ഇതിലൂടെ അധികമായി വന്നുപതിച്ചിരിക്കുകയാണ്.

SHARE