ഈ കാട്ടാളത്തത്തിന് എന്നാണ് അന്ത്യം


കുഞ്ഞിന്റെ പുഞ്ചിരിയാണ് ലോകത്തെ ഏറ്റവും സുന്ദരമായതെന്നാണ് പറയാറ്. ക്രൂരതയെ ‘മൃഗീയം’ എന്നു വിശേഷിപ്പിക്കുമ്പോള്‍ മൃഗങ്ങള്‍ സന്താനങ്ങളെ എത്ര ശ്രദ്ധയോടെയാണ് പരിചരിക്കുന്നതെന്ന് നാം തിരിച്ചറിയുന്നുണ്ടോ. നൂറു ശതമാനം സാക്ഷരതയുള്ള പ്രബുദ്ധകേരളം ഒരുഏഴുവയസ്സുകാരനെ നോക്കിനില്‍ക്കെ കുരുതിക്കല്ലിലേക്ക് എത്തിച്ചിരിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച തൊടുപുഴ കുമാരമംഗലത്ത് നടന്ന രണ്ട് കുരുന്നുകള്‍ക്കെതിരായ ജീവികളാണെന്നതുപോലും കണക്കിലെടുക്കാതെ നടന്ന കൊടിയ പീഡനം സാധാരണ മനസ്സുകളെ എത്രയാണ ്‌നോവിക്കാത്തത്. നാലു വയസ്സുള്ള ഇളയകുട്ടിയെയും ഏഴു വയസ്സുള്ള മൂത്തകുട്ടിയെയും കറക്കിയെറിഞ്ഞും കാലില്‍പിടിച്ച് നിലത്തടിച്ചും കശാപ്പിന് സമാനമായ വധമാണ് സ്വന്തം അമ്മയുടെ കാമുകന്‍ നടത്തിയത്. ആഘാതത്തില്‍ കുട്ടിയുടെ തലച്ചോര്‍ പുറത്തേക്കുവന്നു. ശ്വാസകോശം ഉള്‍പ്പെടെയുള്ള ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചു. കോലഞ്ചേരി എം.ഒ.എസ്.സി മെഡിക്കല്‍കോളജ് ആസ്പത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന കുട്ടിയുടെ ജീവന്‍ തീര്‍ത്തും അപകട നിലയിലാണെന്നാണ് ആസ്പത്രിഅധികൃതര്‍ നല്‍കുന്ന വിവരം. കുട്ടിയെ കൊലപ്പെടുത്തുംവിധം പീഡിപ്പിച്ച തിരുവനന്തപുരം നന്തന്‍കോട് സ്വദേശിയായ അരുണ്‍ ആനന്ദിനെ (36) പൊലീസ് പോക്‌സോ ചുമത്തി പിടികൂടിയെങ്കിലും കര്‍ശനവും സൂക്ഷ്മവുമായ നിയമത്തിന്റെ വാള്‍മുനകളുപയോഗിച്ച് ഈ നരാധമനെ ശിക്ഷിക്കുന്നതുവരെ നിയമപാലകരും സര്‍ക്കാര്‍ സംവിധാനവും ഒരു നിമിഷംപോലും വിശ്രമിച്ചുകൂടാ. ഇയാളുടെ രാഷ്ട്രീയബന്ധവും നിയമപാലനത്തിന് തടസ്സമായിക്കൂടാ.
അമ്മ എന്ന രണ്ട് മഹത് അക്ഷരങ്ങള്‍ക്ക് ചേരാനാകാത്തവിധം മനുഷ്യകുലത്തിനാകെ അപമാനമാണ് സംഭവത്തിലെ കൂട്ടുപ്രതിയായ രണ്ടു കുട്ടികളുടെ മാതാവ്. ഭര്‍ത്താവ് മരണമടഞ്ഞതിന്റെ (അതോ കൊലപ്പെടുത്തിയതോ) മൂന്നാംദിവസം സുഹൃത്തിനെ വിവാഹം കഴിക്കണമെന്ന് ഭര്‍തൃ പിതാവിനോട് ആവശ്യപ്പെട്ട സ്ത്രീയില്‍നിന്ന് പിഞ്ചു മക്കളുടെ സംരക്ഷണം പ്രതീക്ഷിക്കുക വയ്യല്ലോ. ആശങ്കപ്പെട്ടതുപോലെ അരുതാത്തതുതന്നെയാണ് സംഭവിച്ചത്. പിതാവ് മരണമടഞ്ഞശേഷം അമ്മയുടെയും അവരുടെ കാമുകന്റെയുംകൂടെ കഴിഞ്ഞുവന്ന കുട്ടികളുടെ ജീവിതം നരകതുല്യമായതിന്റെ കാരണം മറ്റെങ്ങും തേടേണ്ടതില്ല. ശാരീരികവും മാനസികവുമായി ഏറെക്കാലമായി കഠിന പീഡനങ്ങള്‍ സഹിച്ചുവന്ന കുട്ടികളെ ലൈംഗികമായികൂടി ഉപയോഗിച്ചുവെന്നാണ് വാര്‍ത്ത. വാടകയായി കിട്ടുന്ന 45,000 രൂപ മദ്യത്തിനും ആഢംബര ജീവിതത്തിനും ഉപയോഗിക്കുകയായിരുന്നു അരുണും കാമുകിയും. സ്വന്തം മജ്ജയില്‍ പിറന്ന പിഞ്ചുകുഞ്ഞുങ്ങളെപോലും കാമപൂര്‍ത്തിക്കും കഠിനപീഡനത്തിനും ഇരയാക്കുന്നവരുടെ നാട്ടില്‍ മറ്റൊരാളുടെ കുട്ടികളെ ഇവ്വിധം കൈകാര്യം ചെയ്തുവെന്നത് അത്ഭുതമല്ലെങ്കിലും തൊടുപുഴ സംഭവം ഉയര്‍ത്തുന്ന ചോദ്യ ശരങ്ങളെ കേരളത്തിന് ഇനിയും കണ്ടില്ലെന്നു നടിക്കാനാവില്ല. വിശേഷിച്ചും അടുത്ത കാലത്തായി സംസ്ഥാനത്ത് കുട്ടികള്‍ക്കും പിഞ്ചുകഞ്ഞുങ്ങള്‍ക്കുമെതിരായ ക്രൂരകൃത്യങ്ങള്‍ തുടരെത്തുടരെ സംഭവിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍. സംഭവത്തിന്റെ നാലാം ദിവസം മുഖ്യമന്ത്രി കുട്ടിയെ ആസ്പത്രിയില്‍ സന്ദര്‍ശിച്ചുവെന്നത് മാതൃകാപരംതന്നെ. സംസ്ഥാനത്ത് കുട്ടികളുമായി ബന്ധപ്പെട്ട ലൈംഗിക ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ റെയ്ഡ് നടത്തി ഇരുപതിലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ലോക്‌സഭാതെരഞ്ഞെടുപ്പിന്റെ പ്രചാരണം കൊഴുക്കവെ മേല്‍സംഭവം സര്‍ക്കാരിനെതിരായി വരുത്തിവെച്ചേക്കാവുന്ന ജനവികാരത്തെ ശമിപ്പിക്കുന്നതിനാണ് റെയ്‌ഡെന്നാണ് ന്യായമായും കരുതേണ്ടത്.
സത്യത്തില്‍ ഇടതുഭരണത്തില്‍ കേരളത്തിനെന്താണ് സംഭവിച്ചത്? ഇടതുപക്ഷ ഭരണം സ്ത്രീ സുരക്ഷയുടേതാണോ അതോ സ്ത്രീ പീഡനങ്ങളുടെതോ. കൊല്ലം ഓയൂരില്‍ സ്ത്രീധനം പോരെന്നുപറഞ്ഞ് യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ സംഭവം നടന്നത് ഏതാണ്ട് ഇതേദിവസമാണ്. ജില്ലയിലെ ഓച്ചിറയില്‍ പതിനേഴുകാരിയെ രക്ഷിതാക്കളെ ആക്രമിച്ചു പരിക്കേല്‍പിച്ചശേഷം തട്ടിക്കൊണ്ടുപോയ സംഭവം ഏതാനും ദിവസം മുമ്പുമാത്രവും. ഇതിലെ മുഖ്യപ്രതി സര്‍ക്കാരിലെ സി.പി.ഐയുടെ പ്രാദേശിക ഭാരവാഹിയുടെ പുത്രന്‍. ആഭ്യന്തര വകുപ്പ് ഭരിക്കുന്ന സി.പി.എമ്മിന്റെ ഓഫീസുകള്‍ പെണ്‍കുട്ടികള്‍ക്കെതിരായ ലൈംഗികപീഡന വേദികളായ ഒട്ടേറെ കേസുകള്‍. കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ജമ്മുകശ്മീരിലെ കത്വയില്‍ നാടോടി ബാലികയെ എട്ടോളം നരാധമന്മാര്‍ പീഡിപ്പിച്ചും കല്ലുകൊണ്ടടിച്ചും കൊന്നതിന് സമാനമായ സംഭവമാണ് ഈ ഫെബ്രുവരിയില്‍ നാലു വയസ്സുകാരിയെ പാലക്കാട് റെയില്‍വെ സ്റ്റേഷനുസമീപം ലൈംഗിക പൂര്‍ത്തിക്കിരയാക്കി കൊലപ്പെടുത്തി കൊക്കയിലിട്ട കിരാതകൃത്യം. തൊടുപുഴയിലെ കാട്ടാളത്തം സ്വന്തം മാതാവിന്റെകൂടി പിന്തുണയോടെയായിരുന്നുവെന്ന് വരുമ്പോള്‍ കുട്ടികളുടെ സുരക്ഷയുടെ കാര്യത്തില്‍ അടിയന്തിരമായ ചില തിരുത്തലുകള്‍ സ്വീകരിക്കാന്‍ സമയം അതിക്രമിച്ചിരിക്കുന്നുവെന്നു തന്നെയാണ് ബോധ്യപ്പെടുത്തുന്നത്. 2013ല്‍ കുമളിയില്‍ അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് പിഞ്ചുബാലനെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായത് അന്നത്തെ യു.ഡി.എഫ് സര്‍ക്കാരിന്റെ ശക്തവും സമയബന്ധിതവുമായ നടപടികള്‍ മൂലമായിരുന്നു.
വര്‍ധിച്ചുവരുന്ന ദാമ്പത്യപ്പിണക്കങ്ങള്‍ കുടുംബങ്ങളുടെ തകര്‍ച്ചക്കും മാതാപിതാക്കളുടെ വേര്‍പിരിയലിനും കാരണമാകുന്നതിനൊപ്പം കുട്ടികള്‍ നേരിടുന്നത് പിന്നീടങ്ങോട്ട് പറഞ്ഞറിയിക്കാനാകാത്ത യാതനകളാണ്. പലപ്പോഴും ഇതിനുകാരണമാകുന്നത് മദ്യവും. അതിന് ചുക്കാന്‍ പിടിക്കുന്നതും ഇതേ സര്‍ക്കാരും. ഇതിനൊക്കെ പരിഹാരമായി മുമ്പുണ്ടായിരുന്ന സ്വാഭാവിക സംവിധാനങ്ങളാണ് കൂട്ടുകുടുംബ വ്യവസ്ഥിതിയും ഇഴപൊട്ടാത്ത അയല്‍പക്ക ബന്ധങ്ങളും. എന്നാല്‍ ന്യൂക്ലിയര്‍ കുടുംബങ്ങളുടെ ആഗമനത്തോടെ ഇവയില്ലാതാകുകയും കുട്ടികള്‍ പ്രതീക്ഷകള്‍ക്കപ്പുറം ബാധ്യതയായി മാറുന്നു. രക്ഷിതാക്കള്‍ സ്വന്തം സുഖവഴികള്‍ തേടിപ്പോകുമ്പോള്‍ മക്കള്‍ സ്‌നേഹ രാഹിത്യത്താല്‍ ഈ കഴുകന്മാര്‍ക്കിടയില്‍ സ്വയം ജീവിതം കെട്ടിപ്പടുക്കേണ്ട ദുരവസ്ഥ. ദു:സ്വാധീനങ്ങളില്ലാതെ കുറ്റകൃത്യങ്ങള്‍ക്ക് കഠിനശിക്ഷ ഉറപ്പുവരുത്തുകയും കുടുംബശ്രീയുടെയും സാമൂഹിക നീതിവകുപ്പിനെയും ഇക്കാര്യത്തില്‍ കാര്യക്ഷമമായി വിനിയോഗിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ കുഞ്ഞുമാലാഖമാരെ കാട്ടാളന്മാരില്‍നിന്ന് രക്ഷിക്കാന്‍ കഴിയൂ.

SHARE