സി.പി.എമ്മിന്റെ വെപ്രാളം

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചതോടെ പന്തംകണ്ട പെരുച്ചാഴിയെ പോലെ വിറളിപിടിച്ചോടുകയാണ് രാഹുല്‍ ഗാന്ധിയുടെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും ഐക്യജനാധിപത്യമുന്നണിയുടെയും ശത്രുക്കളൊട്ടാകെ. രാജ്യത്ത് മോദി ഭരണം തുടര്‍ന്നാല്‍ ഇനിയൊരു തെരഞ്ഞെടുപ്പുപോലും അസാധ്യമാണെന്ന് വിളിച്ചുപറഞ്ഞത് ബി.ജെ.പിയുടെ എം.പി സാക്ഷി മഹാരാജ് ആണ്. ഇത്രയും നിര്‍ണായകമായൊരു തെരഞ്ഞെടുപ്പിനെ നേരിടുന്ന രാജ്യത്തെയും കോണ്‍ഗ്രസിനെയും മതേതര ശക്തികളെയും സംബന്ധിച്ച് അതീവ സൂക്ഷ്മത പാലിക്കേണ്ട തെരഞ്ഞെടുപ്പാണ് വന്നണഞ്ഞിരിക്കുന്നതെന്ന ്പ്രത്യേകിച്ച് പറയേണ്ടതില്ല. അപ്പോഴാണ് മാന്യതയുടെ ജീവല്‍ രൂപമായ കോണ്‍ഗ്രസ് അധ്യക്ഷനെ അതിരുകടന്ന് അധിക്ഷേപിച്ചുകൊണ്ട് മതേതര കക്ഷിയെന്ന് സ്വയം അഭിമാനിക്കുന്ന ഒരു കക്ഷിയുടെ മുഖപത്രം തിങ്കളാഴ്ച പുറത്തിറങ്ങിയിരിക്കുന്നത്.

‘കോണ്‍ഗ്രസ് തകര്‍ച്ച പൂര്‍ണമാക്കാന്‍ പപ്പു സ്‌ട്രൈക്ക്’ എന്ന തലക്കെട്ടില്‍ സി.പി.എമ്മിന്റെ പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയാണ് ഇന്നലെ രാഹുല്‍ഗാന്ധിയെ അടച്ചാക്ഷേപിച്ചിരിക്കുന്നത്. രാവിലെ തന്നെ വിവിധ രാഷ്ട്രീയ കോണുകളില്‍നിന്ന് പ്രസ്തുത പരാമര്‍ശത്തിനെതിരെ വ്യാപകമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്. രാഹുല്‍ ഗാന്ധിയെ പോലെ കറകളഞ്ഞ മത നിരപേക്ഷവാദിയും കോണ്‍ഗ്രസിനെയും മറ്റു മതേതര കക്ഷികളെയും അധികാരത്തില്‍ തിരിച്ചെത്തിച്ച് ഭരണത്തിന് നേതൃത്വം നല്‍കുമെന്ന് കരുതപ്പെടുന്ന വ്യക്തിയെയുമാണ് ബി.ജെ.പിയുടെ ഭാഷയില്‍ സി.പി.എം അധിക്ഷേപിച്ചുകളഞ്ഞത്. പരാമര്‍ശം പുറത്തുവന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കേരളത്തില്‍ പ്രചാരണത്തിലുണ്ടായിരുന്ന സീതാറാം യെച്ചൂരിയടക്കമുള്ള നേതാക്കളാരുംതന്നെ പത്രത്തിന്റെ ആക്ഷേപത്തിനെതിരെ രംഗത്തുവരാന്‍ തയ്യാറായില്ല എന്നത് അവരുടെ ഉള്ളിലെ യഥാര്‍ത്ഥ മതേതരത്വത്തെ പുറത്തുകൊണ്ടുവരുന്നതായി. വി.ടി ബലറാം എം.എല്‍.എ ഉള്‍പ്പെടെ വിമര്‍ശനവുമായി രംഗത്തുവന്ന് മണിക്കൂറുകള്‍ കഴിഞ്ഞ് നാലു മണിയോടെ മാത്രമാണ് മന്ത്രി തോമസ് ഐസക് പരോക്ഷമായൊരു കുറ്റസമ്മതം നടത്തിയത്. പത്രത്തിന് സംഭവിച്ച കൈപ്പിഴയാണ് രാഹുലിനെതിരായ അധിക്ഷേപമെന്ന് ഐസക് പറയുകയുണ്ടായെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനോ കോടിയേരി ബാലകൃഷ്ണനോ പത്രത്തിന്റെ നിലപാടിനെതിരെ രംഗത്തു വന്നുകണ്ടില്ല. എന്നാല്‍ അമുല്‍ ബേബിയെന്ന പരാമര്‍ശം ഓര്‍മിപ്പിച്ചുകൊണ്ട് രാഹുലിനെതിരെ വി.എസ് അച്യുതാനന്ദനും രംഗത്തുവന്നിരിക്കുന്നു. ഇതിലൂടെ വ്യക്തമായിരിക്കുന്നത് കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും സി.പി.എം എത്രകണ്ട് ഭയപ്പെടുന്നുവെന്നുള്ളതാണ്.

വയനാട്ടില്‍ രാഹുല്‍ഗാന്ധി മല്‍സരിക്കാന്‍ സന്നദ്ധമായപ്പോള്‍ മുതല്‍തന്നെ അതിനെതിരെ രാഹുലിനെയും കോണ്‍ഗ്രസ് നേതൃത്വത്തെയും പിന്തിരിപ്പിക്കാനുള്ള നീക്കങ്ങളാണ് സി.പി.എം കേന്ദ്ര തലത്തില്‍ നടത്തിയത്. ഇതെന്തിന് വേണ്ടിയായിരുന്നുവെന്ന് അവരുടെ വെപ്രാളം കാണുമ്പോള്‍തന്നെ ബോധ്യമാണ്. കേരളത്തില്‍ മാത്രം അവശേഷിക്കുന്ന സി.പി.എം അടക്കമുള്ള ഇടതുപക്ഷ കക്ഷികള്‍ക്ക് ഇനിയൊരിക്കലും തിരിച്ചുവരാന്‍ കഴിയാത്തവിധം പരമാവധി ദുര്‍ബലരായി കഴിഞ്ഞിരിക്കുകയാണ് ആ പാര്‍ട്ടിയും മുന്നണിയും. പശ്ചിമ ബംഗാളില്‍ ഉണ്ടായിരുന്ന 34 വര്‍ഷത്തെ കുത്തകയാണ് തകര്‍ന്നടിഞ്ഞ് ഒരു സീറ്റായി മാറിയിരിക്കുന്നത്. കാല്‍ നൂറ്റാണ്ടിലെ കുത്തക ത്രിപുരയില്‍ പേരിനുമാത്രമായി. കോണ്‍ഗ്രസിന്റെ കനിവുണ്ടെങ്കില്‍ ഏതാനും സീറ്റുകളില്‍ ജയിക്കാന്‍ കഴിയുമെന്ന അവസ്ഥയുണ്ടായിട്ടും ലൊട്ടുലൊടുക്കുന്യായങ്ങള്‍ മുന്നോട്ടുവെച്ചതിനാല്‍ ബംഗാള്‍ കോണ്‍ഗ്രസ് നേതൃത്വം സി.പി.എമ്മിനെ കൂടെകൂട്ടിയിട്ടില്ല.

ഇതുമൂലം തീര്‍ത്തും അപകടം മണക്കുന്ന സി.പി.എമ്മിന്റെ ജീവന്‍ മരണപോരാട്ടമാണ് കേരളത്തിലേതെന്ന് അതിന്റെ നേതാക്കള്‍ക്ക് നല്ലതുപോലെ അറിയാം. എന്നാല്‍ സീതാറാംയെച്ചൂരിയെ പോലെ വസ്തുതകളെ വസ്തുതകളായി വിലയിരുത്തുകയും അതിനനുസരിച്ച് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മോദി വിരുദ്ധ മതേതര ശക്തികളുമായി കൂട്ടുകൂടുകയും ചെയ്യണമെന്ന ആവശ്യത്തിന് തടയിട്ടുവരികയായിരുന്നു കേരളത്തിലെ സി.പി.എം ഘടകം. പാര്‍ട്ടിയിലെ മേല്‍ക്കൈ ഉപയോഗിച്ച് സീതാറാമും സംഘവും ഈ ലോബിയെ തള്ളിക്കൊണ്ടാണ് കോണ്‍ഗ്രസുമായി ധാരണ എന്ന നിബന്ധന അംഗീകരിപ്പിച്ചത്. എന്നിട്ടും പക്ഷേ പതിറ്റാണ്ടുകള്‍ പഴക്കമുള്ള അടങ്ങാത്ത പുളിച്ചുനാറിയ അന്ധമായ കോണ്‍ഗ്രസ് വിരോധം കേരള നേതാക്കളില്‍ തിളച്ചുമറിയുന്നതാണ് പാര്‍ട്ടി പത്രത്തിലൂടെ ചിന്തിപ്പുറത്തുചാടിയിരിക്കുന്നത്. ഏതെങ്കിലും കുട്ടി സഖാവാണ് രാഹുലിനെതിരെ ഇങ്ങനെ എഴുതിയതെങ്കില്‍ അത് ശ്രദ്ധയില്‍പെട്ടയുടന്‍ പിന്‍വലിച്ച് മാപ്പുപറയേണ്ട ബാധ്യത സി.പി.എം നേതൃത്വത്തിനുണ്ട്. മുന്‍ രാജ്യസഭാംഗം കൂടിയായ പി. രാജീവ് മല്‍സരിക്കുന്ന അതേ മണ്ഡലത്തിലെ ആസ്ഥാന മന്ദിരത്തില്‍നിന്നാണ് ഇത്തരമൊരു മുഖപ്രസംഗം അദ്ദേഹം പത്രാധിപരായ പത്രത്തില്‍ അച്ചടിച്ചുവരാനിടയായത്. അതിനെതിരെ ഒരുവാക്കുപോലും പ്രതികരിക്കാന്‍ രാജീവിലെ പാര്‍ട്ടി വിധേയത്വവും കോണ്‍ഗ്രസ് വിരോധവും അനുവദിച്ചില്ലെന്നത് ഏത് മതേതരമുറം കൊണ്ടുമറച്ചാലും മറയ്ക്കാനാകില്ല.

ബി.ജെ.പിയുടെയും സംഘ്പരിവാറിന്റെയും മുഖ്യശത്രുവായി മോദിയും കൂട്ടരും നിത്യേന അധിക്ഷേപിച്ചുകൊണ്ടിരിക്കുന്ന ഗാന്ധി കുടുംബത്തെയും രാഹുലിനെയും കേരളവും ഇന്ത്യ പൊതുവെയും ഇപ്പോള്‍ നെഞ്ചേറ്റിയിരിക്കുകയാണ്. അദ്ദേഹവും സഹോദരിയും മാതാവും ഇതര കോണ്‍ഗ്രസ് നേതാക്കളും ഈ പൊരിവെയിലത്തും ഓടിനടന്ന് രാജ്യത്തെ രക്ഷിക്കാന്‍ കഠിനപരിശ്രമം നടത്തുന്നത്കണ്ട് അഭിമാനഭരിതരാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജനങ്ങളും. രണ്ട് കുടുംബാംഗങ്ങളെയും പ്രധാനമന്ത്രിമാരെയും രാഷ്ട്രത്തിന്‌വേണ്ടി ബലികൊടുത്ത പാര്‍ട്ടിയും കുടുംബവും എന്ന നിലക്കുകൂടിയാണത്. ആ പാരമ്പര്യത്തിന് നേരെ മുമ്പും സി.പി.എം ഇറ്റലിക്കാരിയെന്നു വിളിച്ച് കൊഞ്ഞനം കുത്തിയിട്ടുണ്ടെന്ന് അറിയാമെങ്കിലും ഈ അതിസന്നിഗ്ധ ഘട്ടത്തില്‍ അവരില്‍നിന്നും അതിന്റെ ഏതെങ്കിലും കോണില്‍നിന്നുപോലും രാഹുലിനെയും കുടുംബത്തെയും അവഹേളിക്കുന്ന പ്രസ്താവന അബദ്ധവശാല്‍പോലും പുറത്തുവരാന്‍ പാടില്ലായിരുന്നു. ലളിതമായി പറഞ്ഞാല്‍ സി.പി.എം ചെന്നുപെട്ടിരിക്കുന്ന ഊരാക്കുടുക്കില്‍നിന്ന് ചാടിരക്ഷപ്പെടാനുള്ള വെപ്രാളമായേ ഇതിനെ കാണാന്‍ കഴിയൂ. പക്ഷേ അവര്‍ അതിലൂടെ ചെയ്തിരിക്കുന്നത് രാജ്യത്തെ മതേതര ജനതയുടെ നേര്‍ക്ക് കാര്‍ക്കിച്ചുതുപ്പുകയാണ്. അതല്ലെങ്കില്‍ ഹിന്ദുക്കളെ ഭയന്ന് യു.പിയിലെ അമേഠിയില്‍നിന്ന് രാഹുല്‍ ഒളിച്ചോടിയെന്നതു പോലുള്ള വിടുവായത്തങ്ങളില്‍ സ്വയംഅഭിരമിച്ച് സ്വന്തം കുഴി തോണ്ടുക മാത്രമേ സി.പി.എമ്മിന് ഇനി കരണീയമുള്ളൂ.