മോദികാലത്ത് കുതിക്കുന്ന സമ്പന്നരുടെ ആസ്തി

ചരിത്രത്തിലെ വലിയ സാമ്പത്തിക തിരിച്ചടിയെ അഭിമുഖീകരിക്കുകയാണെന്ന് രാജ്യത്തെ ഭരണകൂടവും സമ്പദ്‌വ്യവസ്ഥയെ നയിക്കേണ്ടവരും റിസര്‍വ ്ബാങ്കുമൊക്കെ തുറന്നുസമ്മതിക്കുമ്പോള്‍ ഇന്നലെ വര്‍ത്തമാന മാധ്യമങ്ങളിലൂടെ പുറത്തുവന്ന ഒരു റിപ്പോര്‍ട്ട് സാമാന്യപൗരന്റെ ശേഷിയെയും വിവേകത്തെയും അഭിമാനത്തെയുമൊക്കെ ഒറ്റയടിക്ക് അലോസരപ്പെടുത്തുന്നതാണ്. അന്താരാഷ്ട്ര സാമ്പത്തിക മാസികമായ ഫോബ്‌സ് പ്രതിവര്‍ഷം പുറത്തിറക്കുന്ന അതിസമ്പന്നരുടെ പട്ടികയില്‍ ഇന്ത്യക്കാരുടെ വരുമാനം കുത്തനെ ഉയര്‍ന്നിരിക്കുന്നുവെന്നാണ് വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത്. അഞ്ചു വര്‍ഷത്തിനിടെ അഞ്ചു ശതമാനം വളര്‍ച്ചാഇടിവും വര്‍ധിച്ചുവരുന്ന പണപ്പെരുപ്പവും തത്ഫലമായുള്ള വിലക്കയറ്റവുംകൊണ്ട് രാജ്യവും ജനതയും കിതയ്ക്കുമ്പോള്‍ തന്നെയാണ് അംബാനി, അദാനി, പ്രേംജി പോലുള്ള കുത്തക വ്യവസായികളുടെ വരുമാനം കുമിഞ്ഞുകൂടുന്നതായി വ്യക്തമാക്കപ്പെട്ടിരിക്കുന്നത്. ആദ്യ നൂറ് അതിസമ്പന്നരുടെ ആസ്തിയിലാണ് 25 ശതമാനത്തിലധികം വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ചിലരുടേത് മുക്കാല്‍ ഭാഗത്തോളം വര്‍ധനവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജനങ്ങളോടും പണക്കാരോടുമുള്ള കേന്ദ്രത്തിലെ മോദി സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ ഒന്നാം തരം അളവുകോലായി തീര്‍ച്ചയായും ഇത് വിലയിരുത്തപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. തുടര്‍ച്ചയായി പത്താം തവണയാണ് രാജ്യത്തെ അതിസമ്പന്നരില്‍ മുമ്പനായി മുകേഷ് അംബാനി തുടരുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ തലവനായ മുകേഷ് അംബാനിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമായുള്ള ബന്ധം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതാണ്. ഇതുപോലെ തന്നെയാണ് അദ്ദേഹത്തിന്റെ സംസ്ഥാനമായ ഗുജറാത്തില്‍ നിന്നുള്ള മറ്റൊരു വ്യവസായി അദാനിയുമായുള്ള ബന്ധവും. കഴിഞ്ഞവര്‍ഷം പതിമൂന്നാം സ്ഥാനത്തുണ്ടായിരുന്ന ഗൗതം അദാനിയുടെ സമ്പാദ്യം 1100 കോടി ഡോളറായി ഉയര്‍ന്നാണ് പത്താംസ്ഥാനത്തായിരിക്കുന്നത്.

മുകേഷ് അംബാനിയുടെ വളര്‍ച്ച കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 67 ശതമാനമാണത്രെ. പെട്രോളിയം, വാതകം, ടെലികോം രംഗങ്ങളിലാണ് മുകേഷിന്റെ വ്യവസായ സാമ്രാജ്യം. രാജ്യത്തെ പാവപ്പെട്ടവരും സാധാരണക്കാരും ഭക്ഷിക്കാനും സഞ്ചരിക്കാനും ആശയവിനിമയത്തിനുമായി ചെലഴിക്കുന്ന പണത്തിന്റെ നല്ലൊരു പങ്കാണ് ഈ കുത്തക വ്യവസായിയിലേക്ക് നീക്കപ്പെടുന്നത്. ഒറ്റവര്‍ഷം കൊണ്ട് ഒരു ലക്ഷം കോടി രൂപയാണ് അധികമായി മുകേഷ് എന്ന ഈ ഇന്ത്യക്കാരന്‍ സമ്പാദിച്ചുകൂട്ടിയിരിക്കുന്നത്. ഒന്നരലക്ഷം കോടി രൂപയില്‍ നിന്ന് രണ്ടരലക്ഷം കോടി രൂപയിലേക്കുള്ള റോക്കറ്റ് കുതിപ്പ്. ഏഷ്യയിലെ ആദ്യ അഞ്ചു സമ്പന്നരിലൊരാള്‍ മുകേഷ് അംബാനിയാണെന്നത് ഇന്ത്യക്കാരായ നമ്മെ സംബന്ധിച്ച് അഭിമാനമാണോ എന്നത് മറ്റൊരു വിഷയമാണ്. ഗുജറാത്തുകാരന്‍ തന്നെയായ വിപ്രോ അധിപന്‍ അസിം പ്രേംജിയാണ് അതിസമ്പന്നരില്‍ ഇന്ത്യക്കാരനായ രണ്ടാമന്‍. ഹിന്ദുജയാണ് മൂന്നാമത്. നാലാമത് ലക്ഷ്മിമിത്തലും. യോഗാസ്വാമിയെന്നറിയപ്പെടുന്ന ബാബരാംദേവിന്റെ സഹസംരംഭകനായ ആചാര്യബാലകൃഷ്ണയുടെ ആസ്തിയും കുത്തനെ ഉയര്‍ന്നിരിക്കുന്നത് നല്‍കുന്ന സന്ദേശവും മോദിക്കു നേരെതന്നെയുള്ളതാണ്. ബി.ജെ.പിയുമായി അടുപ്പമുള്ള പതഞ്ജലി വ്യവസായ സാമ്രാജ്യത്വത്തിന്റെ അധിപരാണ് ഇരുവരും. കഴിഞ്ഞ വര്‍ഷത്തെ 48ാം സ്ഥാനത്തുനിന്നാണ് ഇത്തവണ പത്തൊമ്പതിലേക്ക് പതഞ്ജലി ഉയര്‍ന്നുപൊന്തിയിരിക്കുന്നത്. 43000 കോടി രൂപയാണ് ഇവരുടെ ആസ്തി.
മോദി സര്‍ക്കാരിന്റെ സാമ്പത്തികനയം പിറകോട്ടടിച്ചതായി അദ്ദേഹംതന്നെ സമ്മതിക്കുന്ന ഘട്ടത്തില്‍ അതിസമ്പന്നരുടെ ആസ്തി കുത്തനെ വര്‍ധിച്ചതിന് പ്രധാനമന്ത്രിയും ഗുജറാത്തിലെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെയും നേതാക്കളുമാണ് മറുപടി പറയേണ്ടത്. ഓഹരി വിലയിലുണ്ടായ കുതിപ്പാണ് ഈ കുതിപ്പിന് കാരണമായതെന്നാണ് ഫോബ്‌സ് മാസിക പറയുന്നതെങ്കില്‍, അതിനുള്ള പണം രാജ്യത്തെ സാധാരണക്കാരുടേതല്ലെന്നു പറയാന്‍ മോദിക്കും കൂട്ടര്‍ക്കും കഴിയുമോ. വന്‍ പരസ്യവും അതുവഴിയുള്ള വില്‍പനയുമാണ് വന്‍ലാഭത്തിലേക്കും ഓഹരിവിലയുടെ ഉയര്‍ച്ചയിലേക്കും കമ്പനികളെ കൊണ്ടുചെന്നെത്തിക്കുന്നത്. അംബാനിയുടെ കുതിപ്പിന് കാരണം പെട്രോളിയത്തിലും ജിയോമൊബൈല്‍ സേവനത്തിലുമുള്ള വിജയമാണ്. അതായത് ഇതെല്ലാം സാധാരണക്കാരനും പട്ടിണിപ്പാവങ്ങളും വിയര്‍പ്പൊഴുക്കി ഉണ്ടാക്കുന്ന സമ്പാദ്യത്തില്‍ നിന്നുള്ള പങ്കെടുപ്പുതന്നെയാണെന്നുതന്നെയാണ്. ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുന്നുവെന്ന് പറഞ്ഞാണ് രാജ്യത്തെ വരുമാനം ഇത്രകണ്ട് കൊള്ളയടിക്കാന്‍ കുത്തക വ്യവസായികളെ സര്‍ക്കാരുകള്‍ അനുവദിക്കുന്നത്. ഇക്കാര്യത്തില്‍ മോദി സര്‍ക്കാര്‍ കാട്ടുന്ന സമ്പന്നരോടുള്ള ഉദാരസമീപനം സാധാരണക്കാരുടെ കാര്യത്തില്‍ കാട്ടുന്നില്ലെന്ന് അവര്‍ തന്നെ സമ്മതിക്കുന്നതിന്റെ തെളിവാണ്. വന്‍വില നല്‍കുമ്പോള്‍ തന്നെ എണ്ണക്കമ്പനികള്‍ ഗുണനിലവാരമുള്ള പെട്രോളിയം ഉത്പന്നങ്ങള്‍ നല്‍കുന്നുമില്ല. കേന്ദ്ര സര്‍ക്കാരാകട്ടെ എണ്ണ വിലയിടിഞ്ഞിട്ടുള്ള അവസരത്തെ സുവര്‍ണാവസരമാക്കി വിലക്കയറ്റത്തിന് തുണയാകുംവിധം അധിക നികുതി അടിച്ചേല്‍പിച്ചുകൊണ്ടേയിരിക്കുന്നു. ഇതിന് പുറമെയാണ് ബാങ്കുകളും മറ്റ് ധനകാര്യസ്ഥാപനങ്ങളും കുത്തക വ്യവസായികളുടെ വായ്പാ കുടിശ്ശിക എഴുതിത്തള്ളുന്ന നടപടി തുടര്‍ന്നുകൊണ്ടേയിരിക്കുന്നത്.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ രണ്ടര ലക്ഷം കോടി രൂപയുടെ കിട്ടാക്കടമാണ് പൊതുമേഖലാ ബാങ്കുകള്‍ എഴുതിത്തള്ളിയത്. സാധാരണക്കാരനും ചെറുകിട കര്‍ഷകനും വ്യാപാരിയും ജീവിതാവശ്യത്തിന് വായ്പയെടുത്താല്‍ പിന്നാലെ ജപ്തിയുമായി എത്തുന്ന അധികൃതരുടെ നാട്ടില്‍ അതിസമ്പന്നരുടെ പണപ്പെട്ടിയിലേക്ക് ഒഴുകുന്ന ശതകോടികളെക്കുറിച്ച് ആര്‍ക്കും ഉത്കണ്ഠയില്ലേ. കഴിഞ്ഞകൊല്ലം അതിനുമുന്‍കൊല്ലത്തെ അപേക്ഷിച്ച് 41 ശതമാനത്തിന്റെ വര്‍ധനവാണ് കടം എഴുതിത്തള്ളലിന്റെ സംഖ്യ. കഴിഞ്ഞദിവസമാണ് സാധാരണക്കാരുടെ വായ്പകള്‍ക്ക് ബാങ്കുകള്‍ അധിക പലിശ ഈടാക്കുന്നുവെന്നും അക്കാര്യത്തില്‍ രാജ്യത്തിന്റെ ധനനയം അംഗീകരിക്കണമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ ആവശ്യപ്പെട്ടത്. ജയിലിലടക്കപ്പെട്ട ഗുര്‍മിതിനെ പോലുള്ള വ്യാജ സ്വാമിമാരാണ് രാഷ്ട്രീയത്തിലെയും മറ്റും കള്ളപ്പണക്കാരുടെ പണപ്പെട്ടി സൂക്ഷിപ്പുകാരനെന്നതും അടുത്തിടെ തെളിഞ്ഞതാണ്. നൂറ്റിമുപ്പത് കോടി ജനതയില്‍ വെറും 57 ശതകോടീശ്വരന്മാരുടെ കീശയിലാണ് രാജ്യത്തിന്റെ എഴുപതു ശതമാനം സമ്പത്തുമെന്നത് പകുതിയോളം പട്ടിണിപ്പാവങ്ങളുള്ള ഇന്ത്യ പോലുള്ള ഒരു ജനാധിപത്യ രാജ്യത്തിന് ഭൂഷണമാണോ എന്ന് ഭരണാധികള്‍ ചിന്തിച്ചുനോക്കുക. ഉള്ളവനും ഇല്ലാത്തവനും ഇടയിലുള്ളവര്‍ തമ്മിലുള്ള ഈ വിടവ് ഓരോ കൊല്ലവും വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. ചരക്കുസേവനനികുതി പോലുള്ള പരോക്ഷ നികുതിപിരിവിനും രാഷ്ട്രീയലാഭത്തിനായുള്ള ആദായനികുതി റെയ്ഡുകള്‍ക്കും കാട്ടുന്ന ഔല്‍സുക്യം ആദായ നികുതിയുടെ കാര്യത്തില്‍ മോദി സര്‍ക്കാര്‍ സ്വീകരിച്ചില്ലെങ്കില്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്ന ഭരണഘടനയിലെ ആപ്തവാക്കുകള്‍ക്ക് അര്‍ത്ഥമില്ലാതാകും.

SHARE