കോവിഡ് കാലത്തും വേട്ടപ്പട്ടിയായി ഭരണകൂടം

മൗനവും നിശബ്ദതയുമാണ് ഫാസിസ്റ്റുകള്‍ കൊതിക്കുന്നത്. അനീതികള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെയുള്ള ശബ്ദങ്ങള്‍ മുഴുവന്‍ നിലച്ചുകാണാന്‍ അവര്‍ ആഗ്രഹിക്കുന്നു. പ്രതികരിക്കാന്‍ ആളില്ലാതാകുകയും പ്രതികാരം ഭയന്ന് മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ കാഴ്ചക്കാരാവുകയും ചെയ്യുന്ന ഭീകരാന്തരീക്ഷത്തില്‍ ഫാസിസത്തിന്റെ വിഷവിത്തുകള്‍ മുളച്ച് അനായാസം തഴച്ചുവളരും.

ഏകാധിപത്യത്തിന്റെ അധികാരമുഷ്‌കില്‍ എതിരനക്കങ്ങളെ അടിച്ചമര്‍ത്തി രാജ്യത്തെയും സമൂഹത്തെയും കാല്‍ക്കീഴിലൊതുക്കുന്ന ഭ്രാന്തമായ രാഷ്ട്രീയ തത്വശാസ്ത്രത്തെ താലോലിച്ച് കഴിയുന്നവരാണ് ഫാസിസ്റ്റ് ഭരണകൂടങ്ങള്‍. മനുഷ്യാവകാശ ധ്വംസനങ്ങളും ന്യൂനപക്ഷവേട്ടകളും അവരുടെ പ്രവര്‍ത്തന പദ്ധതികളായിരിക്കും. ചോരച്ചാലുകള്‍ അവരെ ആനന്ദിപ്പിക്കും. നിലവിളികള്‍ ആഹ്ലാദിപ്പിക്കും. ചരിത്രത്തിന്റെ ഇരുണ്ട താളുകളില്‍ ഫാസിസത്തിന്റെ ഭീകരസത്വങ്ങളെ ധാരാളം കാണാം. അനുകൂല സാഹചര്യങ്ങളെ മുതലെടുത്താണ്് അവരെല്ലാം തടിച്ചുകൊഴുത്തത്. കാല, ദേശ, ഭാഷാ വ്യത്യാസങ്ങളില്ലാതെ ലോകത്തിന്റെ മുക്കുമൂലകളിലെല്ലാം ഫാസിസ്റ്റ് ശക്തികള്‍ തക്കം പാര്‍ത്ത് കഴിയുന്നുണ്ട്.

ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ അവരുടെ വിജയാരവം കേട്ടുതുടങ്ങിയിരിക്കുന്നു. ഇന്ത്യയില്‍ കോവിഡ് മഹാമാരിയുടെ മരണമൂകത മുതലെടുത്ത് ഭരണകൂടം നടത്തുന്ന അറസ്റ്റുകളും ന്യൂനപക്ഷ വേട്ടയും ഫാസിസ്റ്റ് പദ്ധതി പ്രയോഗങ്ങളാണ്. ജനങ്ങളെ ഭിന്നിപ്പിച്ചും ഭീതി വിതച്ചും പരമാവധി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമം.
ലോകത്തിന്റെ ശ്രദ്ധ കോവിഡ് പോരാട്ടത്തില്‍ കേന്ദ്രീകരിച്ചു നില്‍ക്കുമ്പോള്‍ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കും മനുഷ്യാവാകാശ, പൗരാവകാശ പ്രവര്‍ത്തകര്‍ക്കുമെതിരെയുള്ള നീക്കങ്ങള്‍ ആരും അറിയില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. പൗരത്വ ഭേദഗതി ബില്ലിനും എന്‍.ആര്‍.സിക്കുമെതിരെയുള്ള പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും പങ്കെടുക്കുകയും ചെയ്തവര്‍ വ്യാപകമായി വേട്ടയാടപ്പെടുന്നു. ഭരണഘടനയെ സംരക്ഷിക്കുന്നതിന് സമാധാനപരമായി നടത്തിയ പ്രക്ഷോഭങ്ങളുടെ പേരില്‍ മൂന്ന് മാസത്തിനിടെ നൂറുകണക്കിന് മനുഷ്യാവകാശ പ്രവര്‍ത്തകരും ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരും അറസ്റ്റിലായിട്ടുണ്ട്. ഡല്‍ഹിയില്‍ സംഘ്പരിവാര്‍ അഴിച്ചുവിട്ട കലാപവുമായി ബന്ധപ്പെട്ട കേസുകളിലും ന്യൂനപക്ഷങ്ങളെയാണ് പ്രതിചേര്‍ത്തിരിക്കുന്നത്.

ഡല്‍ഹിയില്‍ കലാപത്തിന് ശേഷം 2647 പേര്‍ അറസ്റ്റിലായിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ കണക്ക്. പക്ഷെ, കോവിഡ് കാലത്തെ അറസ്റ്റുകളെക്കുറിച്ച് ഭരണകൂടം മൗനം പാലിക്കുകയാണ്. പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രക്ഷോഭങ്ങള്‍ക്ക് മുന്‍പന്തിയിലുണ്ടായിരുന്ന ഡല്‍ഹിയിലെ സര്‍വകലാശാല വിദ്യാര്‍ത്ഥികളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും കള്ളക്കേസുണ്ടാക്കി കസ്റ്റഡിയിലെടുത്തുകൊണ്ടിരിക്കുന്നു. പ്രതിഷേധ കേന്ദ്രങ്ങളില്‍ കാഴ്ചക്കാരായി നിന്നവരെ പോലും പൊലീസ് തേടി എത്തുന്നുണ്ട്. കരിനിയമങ്ങള്‍ ചുമത്തിയാണ് അവരെ ജയിലില്‍ തള്ളുതന്നത്.

ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ.സഫറുല്‍ ഇസ്‌ലാം ഖാനെ അറസ്റ്റ് ചെയ്തത് ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലാണ്. ഡല്‍ഹി കലാപത്തെക്കുറിച്ച് അന്വേഷിച്ച് വസ്തുനിഷ്ഠമായ റിപ്പോര്‍ട്ട് നല്‍കിയതിനാണ് അദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നത്. ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ അദ്ദേഹത്തെ രണ്ടര മണിക്കൂറോളം ചോദ്യംചെയ്തു. ന്യൂനപക്ഷ വിഭാഗത്തിലെ പ്രമുഖരെ ലക്ഷ്യമിട്ടാണ് ഭരണകൂടത്തിന്റെ നീക്കങ്ങള്‍. ഭരണകൂടത്തെ വിമര്‍ശിക്കുന്നവരെ മുഴുവന്‍ രാജ്യദ്രോഹികളായി മുദ്രകുത്തി തുറുങ്കിലടക്കാനുള്ള ആസൂത്രിത നീക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.

കോവിഡ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ മറവില്‍ അനേകം പ്രമുഖര്‍ക്കെതിരെ വേറെയും കരിനിയമ പ്രയോഗങ്ങളുണ്ടായി. ഡോ.ഖഫീല്‍ ഖാന്‍, മീരാ ഹൈദര്‍, സഫൂര്‍ സര്‍ഗര്‍, ശിഫാഉറഹ്മാന്‍, ഗുല്‍ശിഫ ഖാന്‍, ഉമര്‍ ഖാലിദ്, ഡോ. ആനന്ദ് തെല്‍ദുംഡേ എന്നിവര്‍ക്കെതിരെ കള്ളക്കേസ് ചമക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മറയാക്കിയത് ലോക്ക്ഡൗണിനെയാണ്. ജാമിഅ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാലയില്‍ സോഷ്യോളജി വിദ്യാര്‍ത്ഥിയായ സഫൂറ സര്‍ഗറിനെ പൊലീസുകാര്‍ വീട്ടിലെത്തി പിടിച്ചുകൊണ്ടുപോകുകയായിരുന്നു. ഗര്‍ഭിണിയായ സഫൂറയെ ശാരീരിക അവശതകള്‍ അലട്ടുന്നുണ്ടെന്ന് ബോധ്യമുണ്ടായിട്ടും പൊലീസ് സ്റ്റേഷനില്‍ വെച്ച് മണിക്കൂറുകളോളം ചോദ്യംചെയ്തു. യു.എ.പി.എയാണ് അവര്‍ക്കെതിരെ ചുമത്തിയത്. ഡല്‍ഹിയില്‍ പൗരത്വ നിയമത്തിനെതെരെയുള്ള പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ജാമിഅ കോഡിനേഷന്‍ കമ്മിറ്റി അംഗമാണ് സഫൂറ. ഡല്‍ഹി കലാപത്തിന്റെ മുഖ്യ സൂത്രധാരകരില്‍ ഒരാളാണ് അവരെന്ന് പൊലീസ് ആരോപിക്കുന്നു.

ഫെബ്രുവരിയില്‍ തലസ്ഥാന നഗരിയിലുണ്ടായ കലാപത്തില്‍ കൊല്ലപ്പെട്ട 53 പേരില്‍ ഭൂരിഭാഗവും മുസ്്‌ലികളാണ്. പക്ഷെ, കലാപം നടത്തിയതും ആസൂത്രണം ചെയ്തതും മുസ്്‌ലിംകളാണെന്നാണ് ഭരണകൂടത്തിന്റെ വാദം. മുസ്‌ലിംകള്‍ക്കെതിരെ അക്രമങ്ങള്‍ അഴിച്ചുവിട്ട ബി.ജെ.പി നേതാക്കളെയും കൂട്ടാളികളെയും സ്വതന്ത്രമാക്കി വിട്ട് ആക്ടിവിസ്റ്റുകളെയും വിദ്യാര്‍ത്ഥികളെയും തുറുങ്കിലടക്കുന്നത് രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന അപകടങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് അറസ്റ്റുകളെന്നത് ഫാസിസം അരങ്ങുവാഴുന്നതിന്റെ ഉത്തമ തെളിവാണ്.

സ്വേച്ഛാധിപത്യത്തിന്റെയും അധികാര ദുര്‍വിനിയോഗത്തിന്റെയും ഇരുണ്ട ഇടനാഴിയിലൂടെയാണ് ഇന്ത്യന്‍ ജനത കടന്നുപോകുന്നത്. പ്രക്ഷോഭകരോട് സമാധാനപരമായി പിരിഞ്ഞുപോകാന്‍ ഉപദേശിച്ചതിന് പോലും പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവങ്ങളുണ്ട്. ഉത്തര്‍പ്രദേശിലെ അസംഗഡില്‍ 62കാരനായ താഹിര്‍ മദനിയെ അറസ്റ്റ് ചെയ്തത് പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടതിന്റെ പേരിലാണ്. ഡല്‍ഹിയിലെ ഷഹീന്‍ ബാഗ് മാതൃകയില്‍ ധര്‍ണ തുടങ്ങിയ സ്ത്രീകളെ പിന്തിരിപ്പിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ മസ്ജിട്രേറ്റും പൊലീസുമാണ് അദ്ദേഹത്തെ സമീപിച്ചത്. മദനിയുടെ വാക്കുകള്‍ കേട്ട് പ്രതിഷേധം അവസാനിപ്പിക്കാന്‍ സ്ത്രീകള്‍ തയാറായില്ല. ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന നിലപാടില്‍ അവര്‍ ഉറച്ചുനിന്നു. മണിക്കൂറുകള്‍ക്കകം പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. സ്ത്രീകളെ ഇളക്കിവിട്ടുവെന്നായിരുന്നു കേസ്.

ലോകത്തെ ഏറ്റവും വലിയ മതേതര രാജ്യമെന്ന് നാം അഭിമാനിക്കുന്ന ഇന്ത്യ വലിയൊരു ദുരന്തത്തിലേക്കാണ് നടന്നടുക്കുന്നത്. ഭരണകൂടത്തിന്റെ ഫാസിസ്റ്റ് നീക്കങ്ങള്‍ക്കെതിരെ പോരാടാന്‍ സമയം അതിക്രമിച്ചിട്ടില്ല. രാജ്യസ്‌നേഹികള്‍ ഒറ്റക്കെട്ടായി അണിനിരക്കേണ്ട സന്ദര്‍ഭമാണിത്. കോവിഡ് വൈറസ് അതിവേഗം പടര്‍ന്നുപിടിക്കുകയും രാജ്യം രോഗശയ്യയില്‍ അമരുകയും ചെയ്യുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷ വേട്ടയില്‍ ആനന്ദം കൊള്ളുകയാണ്. എത്ര ഭീതിതമാണ് കാര്യങ്ങളെന്ന് തിരിച്ചറിയേണ്ടതുണ്ട്. കോവിഡിനെത്തുടര്‍ന്ന് ജനാധിപത്യവാദികള്‍ പ്രതിഷേധം അവസാനിപ്പിച്ചെങ്കിലും ന്യൂനപക്ഷങ്ങക്കെതിരെയുള്ള നീക്കങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയിട്ടില്ല. രാജ്യത്തിന്റെ നന്മയിലും ജനക്ഷേമത്തിലും താല്‍പര്യമില്ലാത്ത ഭരണകൂടമാണ് രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണല്ലോ ആരോഗ്യ പ്രവര്‍ത്തനങ്ങളെക്കാള്‍ അറസ്റ്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇന്ത്യയിലെ മാധ്യമങ്ങളെല്ലാം തികഞ്ഞ മൗനത്തിലാണ്. ഒരു കാലത്ത് മതേതരമെന്ന് അവകാശപ്പെട്ടിരുന്ന ദേശീയ മാധ്യമങ്ങള്‍ക്കുപോലും മിണ്ടാട്ടമില്ല. ഇത്തരമൊരു സാഹചര്യത്തില്‍ പ്രതീക്ഷ കൈവിടാതെ പോരാടുക മാത്രമാണ് രാജ്യസ്‌നേഹികള്‍ക്ക് ചെയ്യാനുള്ളത്.

SHARE