കൊന്നാലും തീരാത്ത ചോരക്കൊതി

‘ഷുക്കൂറെന്നൊരു വേട്ടപ്പട്ടി, വല്ലാതങ്ങ് കുരച്ചപ്പോള്‍, അരിഞ്ഞുതള്ളിയ പൊന്നരിവാള്‍, അറബിക്കടലിലെറിഞ്ഞിട്ടില്ല, തുരുമ്പെടുത്ത് പോയിട്ടില്ല, ഓര്‍ത്തോ ഓര്‍ത്തുകളിച്ചോളൂ, അരിഞ്ഞുതള്ളും കട്ടായം !’ ജൂണ്‍18ന് നിലമ്പൂര്‍ മൂത്തേടത്ത് സംസ്ഥാനംഭരിക്കുന്ന സി.പി.എമ്മിന്റെ യുവജനസംഘടനയായ ഡി.വൈ.എഫ്.ഐ പ്രകടനത്തില്‍നിന്ന് മുഴങ്ങിക്കേട്ട മുദ്രാവാക്യമാണിത്. വാട്‌സ്ഗ്രൂപ്പില്‍ ഡി.വൈ.എഫ്.ഐ, യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ആശയസംഘട്ടനമാണ് 17ലെ സംഘര്‍ഷത്തിനും തുടര്‍ന്ന് ഇത്തരത്തിലൊരുപ്രകടനത്തിനും പ്രകോപനപരമായ മുദ്രാവാക്യം വിളിക്കലിനും ഡി.വൈ.എഫ്.ഐപ്രവര്‍ത്തകരെ പ്രേരിപ്പിച്ചതത്രെ. മൂത്തേടത്തെ സംഭവങ്ങളോ തര്‍ക്കങ്ങളോ അല്ല, ആ പ്രകടനത്തില്‍ ഉയര്‍ന്നത് പ്രധാനമായും രാഷ്ട്രീയക്കൊലവിളിയും കണ്ണൂരിലെ കൊല്ലപ്പെട്ട എം.എസ്.എഫ് പ്രവര്‍ത്തകന്‍ അരിയില്‍ഷുക്കൂറിനെതിരായ മുദ്രാവാക്യങ്ങളുമായിരുന്നുവെന്നത് അതിയായ അറപ്പും ഞെട്ടലുമുളവാക്കുന്നു.

ഒരുപക്ഷേ വാര്‍ത്തവായിക്കുകയും കേള്‍ക്കുകയുംചെയ്ത സാധാരണക്കാരായ മലയാളിക്കല്ലാതെ കേരളത്തിലെ ഡി.വൈ.എഫ്.ഐ നേതൃത്വത്തിനോ അതിന് നേതൃത്വംനല്‍കുന്ന സി.പി.എമ്മിനോ ഇടതുപക്ഷസര്‍ക്കാരിനോ ഇക്കാര്യത്തില്‍ യാതൊരുവിധ സ്‌തോഭമോ ഉളുപ്പോ ഇല്ലെന്നുമാത്രമല്ല, കൊലവിളിയെ പരോക്ഷമായി ന്യായീകരിക്കുന്നരീതിയിലാണ് മലപ്പുറംജില്ലാ ഡി.വൈ.എഫ്.ഐ നേതൃത്വംപ്രതികരിച്ചത്. കോവിഡ്മഹാമാരികാലത്ത് പട്ടാപ്പകല്‍ പൊതുനിരത്തിലൂടെ നടത്തിയ പ്രകടനം പൊലീസോ ഭരണാധികാരികളോ സി.പി.എംനേതൃത്വമോ അറിഞ്ഞില്ലെന്ന് പറയുന്നത് ജനത്തെ പരിഹസിക്കലാണ്. പ്രകടനത്തിന്റെ വീഡിയോ മൊബൈല്‍ക്യാമറയില്‍ പകര്‍ത്തിയവരിലൊരാളാണ് വാട്‌സ്ആപ്‌വഴി അത് ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയതും മൂന്നാംദിവസം വിഷയം സംസ്ഥാനത്താകെ ചൂടേറിയചര്‍ച്ചക്ക് വിധേയമായതും.

രണ്ട് യുവജനസംഘനകളുടെ പ്രവര്‍ത്തകര്‍ പ്രാദേശികമായി തമ്മിലുണ്ടായൊരു പ്രശ്‌നം അവിടംകൊണ്ട് സമാധാനപരമായി തീരേണ്ടതിനുപകരം പരസ്യക്കൊലവിളിയിലേക്ക് നയിക്കപ്പെട്ടതിനുപിന്നിലെ ചേതോവികാരമെന്തായിരിക്കണം? അതേക്കുറിച്ചാലോചിക്കുമ്പോഴാണ് പ്രകടനത്തിലുപയോഗിച്ച വാക്കുകള്‍ സി.പി.എമ്മുകാര്‍തന്നെ മുമ്പ് കൊലപ്പെടുത്തിയ ഷുക്കൂറിലേക്ക് നീളുന്നതിലെ ഗുട്ടന്‍സ് മനസ്സിലാകുക. കണ്ണൂരില്‍ സി.പി.എം കാപാലികരാല്‍ അതിനിഷ്ഠൂരമായി കൊലചെയ്യപ്പെട്ട ഷുക്കൂറിനെയാണ് സി.പി.എംയുവാക്കള്‍ നിലമ്പൂരിലേക്ക് വലിച്ചിഴച്ചിരിക്കുന്നത്. കേരളംകണ്ട അതിവൈകാരികത നിറഞ്ഞ രാഷ്ട്രീയക്കൊലപാതകങ്ങളിലൊന്നാണ് അരിയില്‍ ഷുക്കൂറിന്റേത്. 2012 ഫെബ്രുവരി 20ന് കണ്ണപുരം കീഴറയില്‍ പാടത്ത്് നിരവധിയാളുകള്‍ നോക്കിനില്‍ക്കെ പട്ടാപ്പകല്‍ വിചാരണനടത്തി കൊലചെയ്യുകയായിരുന്നു ഷുക്കൂര്‍ എന്ന 21കാരനെ. കൊലപ്പെടുത്തുന്നതിനുമുമ്പ് മൊബൈലില്‍ സി.പി.എംജില്ലാനേതാവിന് ചിത്രം അയച്ചുകൊടുത്ത് ആളെ ഉറപ്പുവരുത്തിയായിരുന്നു കൊലപാതകം.

സി.പി.എമ്മുകാരുടെ കണ്ണൂരിലെയും കേരളത്തിലെ പൊതുവെയും രക്തക്കൊതിക്ക് ഇതുപോലെ നിരവധിഉദാഹരണങ്ങള്‍ പൊതുസമൂഹത്തിന് നിരത്താനുണ്ട്. സി.പി.എമ്മിന്റെപോക്കില്‍ മനംനൊന്ത് പാര്‍ട്ടിവിട്ട് മറ്റൊരുപാര്‍ട്ടി ഉണ്ടാക്കിയ വടകര ഒഞ്ചിയത്തെ ടി.പി. ചന്ദ്രശേഖരനാണ് ഈപരമ്പരയിലെ മറ്റൊരാള്‍. ഷുക്കൂര്‍വധക്കേസില്‍ സി.ബി.ഐ അന്വേഷണം നടന്നുവരികയാണ്. സി.പി.എമ്മിന്റെ സംസ്ഥാനകമ്മിറ്റിയംഗവും മുന്‍ജില്ലാസെക്രട്ടറിയുമായ പി.ജയരാജനാണ് പ്രതികളിലൊരാള്‍. ഡി.വൈ.എഫ്.ഐ മുന്‍സംസ്ഥാനസെക്രട്ടറി ടി.വി രാജേഷാണ് മറ്റൊരുപ്രതി. പ്രാദേശികപ്രശ്‌നത്തിന്റെപേരില്‍ ജയരാജന്റെ വാഹനംതടയാന്‍ ശ്രമിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് സി.പി.എമ്മുകാര്‍തന്നെ വ്യക്തമാക്കിയതാണ്. ടി.പി വിധക്കേസില്‍ സി.പി.എമ്മിന്റെ ഏരിയാകമ്മിറ്റിയംഗം അടുത്തിടെ അന്തരിച്ച കുഞ്ഞനന്തനുള്‍പ്പെടെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതാണ്.

ടി.പികേസില്‍ പാര്‍ട്ടി അന്വേഷിക്കുമെന്ന് പറഞ്ഞവര്‍ ഇതുവരെയും ഒരുറിപ്പോര്‍ട്ടും പൊതുജനത്തിനുമുമ്പാകെ വെച്ചിട്ടില്ല. മാത്രമല്ല, ടി.പി വധത്തിന്റെ പിറ്റേന്ന് ഇന്നത്തെ മുഖ്യമന്ത്രി പിണറായിവിജയന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് കൊലപാതകം നടത്തിയത് മുസ്്‌ലിംതീവ്രവാദികളെന്നായിരുന്നു. ഇതാണ് പശ്ചാത്തലമെന്നിരിക്കെ ഷുക്കൂര്‍ കൊലപാതകത്തെ ന്യായീകരിക്കുന്നരീതിയില്‍ നിലമ്പൂരില്‍ ഡി.വൈ.എഫ്.ഐക്കാര്‍ മുദ്രാവാക്യം മുഴക്കിയത് ആ സംഘടനയുടെയും സി.പി.എമ്മിന്റെയും യഥാര്‍ത്ഥമുഖം പൂര്‍വാധികം വ്യക്തമാക്കിയിരിക്കയാണ്. ചോരകണ്ട് അറപ്പുമാറിയ സി.പി.എം നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ചെയ്തികളാല്‍ കേരളത്തില്‍ മരിച്ചുവീണ ചെറുപ്പക്കാരുടെ സംഖ്യ അഞ്ഞൂറോളംവരുമെന്ന് കണക്കുകള്‍ വെളിപ്പെടുത്തുമ്പോള്‍ കാലങ്ങളായി അതെല്ലാം തങ്ങളുടേതല്ലെന്നുപറഞ്ഞുനടന്നവരുടെ നാവില്‍നിന്ന് അറിയാതെയെങ്കിലും അക്കഥകള്‍ പുറത്തുവന്നിരിക്കുകയാണ്. മരണപ്പെട്ടയാളെയാണ് വേട്ടപ്പട്ടിയെന്ന് വിളിച്ചതെന്നത് സി.പി.എം കൊണ്ടുനടക്കുന്ന അളിഞ്ഞരാഷ്ട്രീയത്തെയാണ് പൂര്‍വാധികം വെളിപ്പെടുത്തിയിരിക്കുന്നത്.

ഷുക്കൂര്‍വധത്തിന് തൊട്ടുപിന്നാലെ ഇടുക്കിമണക്കാട് വണ്‍, ടു, ത്രീ എന്നുപറഞ്ഞ് ഒരുത്തനെ തല്ലിക്കൊന്നു, മറ്റൊരുത്തനെ വെടിവെച്ചുകൊന്നു, മറ്റൊരാളെ തീവെച്ചുകൊന്നുവെന്നൊക്കെ പരസ്യമായി വിളിച്ചുപറഞ്ഞയാളാണ് ഇന്നത്തെ സംസ്ഥാനമന്ത്രിമാരിലൊരാള്‍. അടുത്തിടെയാണ് പാര്‍ട്ടിയെ അനുസരിച്ചാല്‍ സംരക്ഷിക്കുമെന്നും അല്ലാതിരുന്നാല്‍ദ്രോഹിക്കുമെന്നും സി.പി.എം എം.എല്‍.എ പി.കെ ശശി പാര്‍ട്ടിയില്‍ ചേരാനെത്തിയവരോട് താക്കീത്‌നല്‍കിയത്. ഇതേഎം.എല്‍.എക്കെതിരെ ലൈംഗികപീഡനത്തിന ്പാര്‍ട്ടിക്ക് പരാതിനല്‍കിയ ഡി.വൈ.എഫ്.ഐ വനിതാജില്ലാനേതാവിനെ പുറത്താക്കുകയും പ്രതിയെപാര്‍ട്ടികമ്മീഷന്റെപേരില്‍ ഗുഡ്‌സര്‍ട്ടിഫിക്കറ്റ്‌നല്‍കി പുഷ്പംപോലെ തിരിച്ചെടുക്കുകയും ചെയ്തു. ഷുക്കൂര്‍, ശുഹൈബ് കേസുകളില്‍ സര്‍ക്കാര്‍ഖജനാവില്‍നിന്ന് കോടികളാണ് സി.പി.എമ്മിന് വേണ്ടി അഭിഭാഷകര്‍ക്ക് കൊടുക്കുന്നത്.

സി.പി.എംനേതാവായ സംസ്ഥാനവനിതാകമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ ഈയിടെപറഞ്ഞത് തന്റെപാര്‍ട്ടിയാണ് പൊലീസും കോടതിയുമെന്നാണ്. ഇതെല്ലാം കണ്ടും അനുഭവിച്ചും പരിശീലിച്ചും വളര്‍ന്നുവരുന്ന മാര്‍ക്‌സിസ്റ്റ് പുതുതലമുറ തങ്ങള്‍ കൊന്നിട്ടുണ്ടെന്നും സ്ഥിരം കൊലയാളികളാണെന്നും ഇനിയും കൊല്ലുമെന്നും പൊതുജനങ്ങളെനോക്കി അട്ടഹസിക്കുന്നെങ്കില്‍ അതിനുത്തരവാദികള്‍ ആപാര്‍ട്ടിയും അതിന്റെ മേലാളന്മാരുംതന്നെയാണ്. കൊലപാതകവും ലൈംഗികവുംസാമ്പത്തികവുമായ പരാതികളും ഉയരുമ്പോള്‍ അവരെയെല്ലാം കോഴിക്കുഞ്ഞിനെപോലെ സംരക്ഷിക്കുന്ന നേതൃത്വം കേരളത്തിന്റെ സമാധാനത്തെയും സൈ്വര്യത്തെയുമാണ് വെല്ലുവിളിക്കുന്നത്. കേസെടുത്തെങ്കിലും സ്വന്തംസര്‍ക്കാരും പൊലീസുമുള്ളപ്പോള്‍ ശശിയുടെയും ജയരാജന്റെയും മാര്‍ഗത്തില്‍ രക്ഷപ്പെടാമെന്നായിരിക്കും നിലമ്പൂരിലെ കുട്ടിസഖാക്കളുടെയും ലക്ഷ്യം.

പേരിന് നടപടിയുണ്ടായെങ്കിലും കൊലവിളിയെ തള്ളിപ്പറയാനോ ഷുക്കൂറിനെ തങ്ങളല്ല കൊന്നതെന്നുപോലുംപറയാനോ ഡി.വൈ.എഫ്.ഐയോ സി.പി.എമ്മോ തയ്യാറായിട്ടില്ല. കൊലയാളികളെ സംരക്ഷിച്ച പാര്‍ട്ടിയില്‍നിന്ന് അത് പ്രതീക്ഷിക്കാനുമാവില്ലല്ലോ. ഡി.വൈ.എഫ്.ഐ ഭാരവാഹികളാണ് മുദ്രാവാക്യം വിളിച്ചുകൊടുത്തതെന്നതുകൊണ്ട് ഇവരെ ഷുക്കൂര്‍കേസില്‍ സാക്ഷിയാക്കാന്‍ സി.ബി.ഐ തയ്യാറാകണം. കെ.പി.സി.സിപ്രസിഡന്റിന്റെ രണ്ടുവാക്കില്‍കടിച്ചുതൂങ്ങി മണിക്കൂറോളം വാര്‍ത്താസമ്മേളനംനടത്തിയ മുഖ്യമന്ത്രിയുടെനാവ് ഇവിടെ പൊങ്ങിയില്ല. പ്രതികള്‍ക്കെതിരെ കേസെടുത്തെങ്കിലും അദ്ദേഹത്തിന്റെ പൊലീസില്‍നിന്ന് പിന്നെന്ത് പ്രതീക്ഷിക്കാനാണ് !

SHARE