ഷൈന് വധഭീഷണി; വിഷയത്തില്‍ പ്രതികരണവുമായി അമ്മ സെക്രട്ടറി ഇടവേള ബാബു

നടന്‍ ഷെയ്ന്‍ നിഗത്തിന്റെ തനിക്കെതിരെ വധഭീഷണിയുണ്ടെന്ന പരാതിയില്‍ പ്രതികരണവുമായി താരസംഘടനയായ ‘അമ്മ’യുടെ സെക്രട്ടറി ഇടവേള ബാബു. പരിഹരിക്കാന്‍ കഴിയുന്ന പ്രശ്‌നമേ ഇപ്പോള്‍ ഉള്ളുവെന്ന് അദ്ദേഹം ദുബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്നായിരുന്നു ഷൈന്‍ നിഗത്തിന്റെ പരാതി.

മുന്‍പുണ്ടായിരുന്നവരുടെ പക്വത ഇപ്പോഴുള്ളവര്‍ക്ക് ഇല്ലെന്ന് ഇടവേള ബാബു പറഞ്ഞു. ‘തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ എല്ലാവരെയും വിളിച്ചുകൂട്ടി, ഒരു മേശക്ക് ചുറ്റും ഇരുന്ന് തീര്‍ക്കാവുന്ന പ്രശ്‌നമല്ലേയുള്ളൂ. ഇപ്പൊ എല്ലാവര്‍ക്കും ആ പഴയകാലത്തെ പക്വത ഇല്ല എന്നുള്ള അഭിപ്രായം ഉണ്ട് എനിക്ക്. ഷെയ്‌നിന്റെ കാര്യം മാത്രമല്ല. ഹാന്‍ഡില്‍ ചെയ്യാന്‍ ആര്‍ക്കും ക്ഷമയില്ല. അതാണ് ഇപ്പോഴത്തെ ഒരു പ്രശ്‌നം’, മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി ഇടവേള ബാബു പറഞ്ഞു.

വെയില്‍ എന്ന ചിത്രത്തിലെ നായകനായ തനിക്കെതിരേ അതിന്റെ നിര്‍മ്മാതാവ് ജോബി ജോര്‍ജ് വധഭീഷണി മുഴക്കുന്നുവെന്നായിരുന്നു ഷെയ്ന്‍ നിഗത്തിന്റെ ആരോപണം. ‘വെയിലില്‍ മുടി നീട്ടിയ ഒരു ഗെറ്റപ്പ് ഉണ്ടായിരുന്നു. എന്നാല്‍ അതിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ജോയിന്‍ ചെയ്ത കുര്‍ബാനി എന്ന ചിത്രത്തിനുവേണ്ടി പിന്നിലെ മുടി അല്‍പം മാറ്റി.’ ഇത് തന്റെ ചിത്രത്തിന്റെ ഷൂട്ടിംഗ് മുടക്കാനാണെന്ന് ആരോപിച്ച് നിര്‍മ്മാതാവ് വധഭീഷണി മുഴക്കുകയായിരുന്നെന്ന് ഷൈന്‍ പറഞ്ഞിരുന്നു.