കൊച്ചി: മലയാളികളെ വിറപ്പിച്ച വില്ലന്‍ കീരിക്കാടന്‍ ജോസ് നോക്കാനാളില്ലാതെ ആശുപത്രിയിലാണെന്ന പ്രചാരണത്തോട് പ്രതികരണവുമായി താരസംഘടന അമ്മയുടെ ഭാരവാഹി ഇടവേള ബാബു. ഈ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ഇടവേള ബാബു പറഞ്ഞു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കീരിക്കാടന്‍ ജോസ് അവശനിലയില്‍ കഴിയുകയാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.
കീരിക്കാടന്‍ ജോസ് ആശുപത്രിയില്‍ ആണെന്ന വാര്‍ത്ത സത്യമാണ്. എന്നാല്‍ ആരും നോക്കാതെ അവശനായിട്ടാണ് അദ്ദേഹം അവിടെ കഴിയുന്നതെന്ന വാര്‍ത്ത തെറ്റാണ്. അദ്ദേഹം ചേട്ടനോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത് എന്നാണ് അദ്ദേഹത്തിന്റെ ചേച്ചിയോട് അന്വേഷിച്ചതില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. സഹോദരന്റെ മകനാണ് ഇപ്പോള്‍ ആശുപത്രിയില്‍ അദ്ദേഹത്തോടൊപ്പം ഉള്ളത്. അദ്ദേഹത്തിന്റെ രോഗാവസ്ഥ നേരിട്ട് അറിയാവുന്നത് കൊണ്ടുതന്നെ പണമായും അല്ലാതെയും സംഘടനയില്‍ നിന്നും ആവശ്യമായ എല്ലാ സഹായങ്ങളും ആദ്യം മുതല്‍ തന്നെ ലഭ്യമാക്കിയിരുന്നു. ഇനിയും എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ അത് നല്‍കാനും താരസംഘടനയായ അമ്മ ഒരുക്കമാണെന്നാണ് ഇടവേള ബാബു വ്യക്തമാക്കിയത്.
അതേസമയം, സോഷ്യല്‍ മീഡിയയിലൂടെ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുമെന്ന് അദ്ദേഹത്തിന്റെ കുടുംബം വ്യക്തമാക്കി. വെരിക്കോസ് വെയിന്റെ അസൂഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കെ മധു സംവിധാനം ചെയ്ത ‘മൂന്നാം മുറ’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് മോഹന്‍രാജ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് കിരീടം, ചെങ്കോല്‍ എന്നീ ചിത്രങ്ങളിലെ വില്ലന്‍ വേഷത്തിലൂടെയാണ് അദ്ദേഹം മലയാളികളുടെ മനസില്‍ ഇടംനേടിയത്.