എടപ്പാള്‍ ആശുപത്രിയിലെ ജീവനക്കാരുടെ ഫലം നെഗറ്റീവ്

മലപ്പുറം: കോവിഡ് ബാധിതതരായ ആരോഗ്യ പ്രവര്‍ത്തകര്‍ ജോലി ചെയ്തിരുന്ന മലപ്പുറത്തെ എടപ്പാള്‍ ആശുപത്രിയിലെ ജീവനക്കാരുടെ കോവിഡ് പരിശോധനാഫലം പുറത്തുവന്നു. 163 ജീവനക്കാരുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയി. വട്ടംകുളം പിഎച്ച്‌സിയിലെ 25 ജീവനക്കാരുടെ ഫലവും നേരത്തെ നെഗറ്റീവ് ആയിരുന്നു. സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുമായി അടുത്ത് ഇടപഴകിയവരുടെ കോവിഡ് പരിശോധനാ ഫലമാണ് പുറത്തുവന്നത്.

ജീവനക്കാരും രോഗികളും കൂട്ടിരിപ്പുകാരും അടക്കം 600 ഓളം പേരാണ് എടപ്പാളിലെ ആശുപത്രിയിലുള്ളത്. ഇവിടെ ജോലി ചെയ്തിരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആരും ആശുപത്രി വിട്ട് പോകാന്‍ പാടില്ലെന്ന് ആരോഗ്യവകുപ്പ് ഉത്തരവിടുകയായിരുന്നു. നവജാത ശിശുക്കളും പ്രായമായവരും ആശുപത്രിയില്‍ തന്നെ തങ്ങുന്നതിനാലാണ് പരിശോധന ഇവിടെ നിന്നും തുടങ്ങിയത്. 163 ജീവനക്കാരുടെ ഫലം നെഗറ്റീവായോടെ പൊന്നാനിയില്‍ അല്‍പം ആശ്വാസം സൃഷ്ടിച്ചിരിക്കുകയാണ്.

രണ്ട് ഡോക്ടര്‍മാരും മൂന്ന് നഴ്‌സുമാരും ഉള്‍പ്പെടെ അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് എടപ്പാളില്‍ ആശങ്കയേറിയത്. സമൂഹവ്യാപനമുണ്ടായോ എന്നറിയാന്‍ സെന്റിനല്‍സ് സര്‍വ്വേയുടെ ഭാഗമായി ശേഖരിച്ച സാംപിളുകളിലാണ് അഞ്ച് പൊസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

SHARE