പ്രവേശന വിലക്ക് നീക്കി; എടക്കല്‍ ഗുഹ വീണ്ടും സജീവമായി

കല്‍പ്പറ്റ:ഗുഹാമുഖത്ത് പാറക്കെട്ട് ഇടിഞ്ഞതിനെത്തുടര്‍ന്നു എര്‍പ്പെടുത്തിയ ടൂറിസം നിരോധനം നീക്കിയതോടെ എടക്കല്‍ റോക്ക് ഷെല്‍ട്ടറില്‍ സന്ദര്‍ശകര്‍ എത്തിത്തുടങ്ങി. എടക്കലില്‍ കഴിഞ്ഞ 23നു നിര്‍ത്തിവച്ച ടൂറിസം പ്രവര്‍ത്തനങ്ങള്‍ നിയന്ത്രണങ്ങോടെ കഴിഞ്ഞ ദിവസമാണ് പുനരാരംഭിച്ചത്.
പാറക്കെട്ട് ഇടിഞ്ഞ ഒന്നാം ഗുഹ ഒഴിവാക്കി സെക്കന്‍ഡ് പാത്തിലൂടെ ശിലാചിത്രങ്ങളുള്ള രണ്ടാം ഗുഹയില്‍ സന്ദര്‍ശനം നടത്തി അതേ വഴിയിലൂടെ സഞ്ചാരികള്‍ തിരിച്ചുവരുന്ന വിധത്തിലാണ് ടൂറിസം ക്രമീകരണം. രാവിലെ എട്ടു മുതല്‍ വൈകുന്നേരം നാലുവരെയാണ് സന്ദര്‍ശകരെ അനുവദിക്കുക. പരമാവധി 30 പേരടങ്ങുന്ന ചെറുസംഘങ്ങളായാണ് സഞ്ചാരികളെ ഷെല്‍ട്ടറിലേക്കു കടത്തിവിടുക.

ഒരേസമയം ഗുഹയില്‍ 30ല്‍ അധികം പേര്‍ ഉണ്ടാകില്ല. പുതിയ ക്രമീകരണമനുസരിച്ച് പ്രവേശനപാതയില്‍ മൂന്നിടങ്ങളില്‍ തങ്ങിയതിനുശേഷമായിരിക്കും രണ്ടാം ഗുഹയില്‍ സന്ദര്‍ശകര്‍ക്കു പ്രവേശനം. ഓഗസ്റ്റ് 23നു രാവിലെ ജീവനക്കാരുടെ പതിവു പരിശോധയിലാണ് ഒന്നാം ഗുഹയുടെ പ്രവേശനകവാടത്തിനു പുറത്തു കല്ലു വീണതും തറയില്‍ നേരിയ വിള്ളല്‍ വീണതും ശ്രദ്ധയില്‍പ്പെട്ടത്. ഇതേത്തുടര്‍ന്നു മാനന്തവാടി പഴശികുടീരം മാനേജര്‍ അയച്ച ഇ മെയില്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിനോദസഞ്ചാരം താത്കാലികമായി വിലക്കിയത്. ഇതിനു പിന്നാലെ പുരാവസ്തു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും എടക്കലില്‍ സന്ദര്‍ശനം നടത്തുകയുണ്ടായി.

സംസ്ഥാനത്തെ ഏറ്റവും പ്രധാന്യമുള്ള ചരിത്രാതീതകാല സ്മാരകമാണ് എടക്കല്‍ റോക്ക് ഷെല്‍ട്ടര്‍. പൈതൃക വിനോദസഞ്ചാര മേഖലയില്‍ ലോകപ്രശസ്തമാണ് എടക്കല്‍. ഷെല്‍ട്ടറും അതിലെ ശിലാചിത്രങ്ങളും വിലമതിക്കാനാകാത്ത സമ്പത്താണ്. 1984ല്‍ സംസ്ഥാന പുരാവസ്തു വകുപ്പ് ചരിത്രസ്മാരകമായി പ്രഖ്യാപിച്ച എടക്കലില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നിയന്ത്രണത്തിലാണ് വിനോദസഞ്ചാരം. 2009 ഡിസംബര്‍ ഒന്നു മുതല്‍ ബത്തേരി എംഎല്‍എ ചെയര്‍മാനും ഡിടിപിസി സെക്രട്ടറി ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് കമ്മിറ്റിയാണ് ഭരണച്ചുമതല വഹിക്കുന്നത്.

കാലവര്‍ഷക്കെടുതികളുടെ പശ്ചാത്തലത്തില്‍ ചെറുകിട സംരംഭകരടക്കം നേരിടുന്ന വിഷമതകളും ജില്ലാ ഭരണകൂടത്തിന്റെ റിപ്പോര്‍ട്ടും കണക്കിലെടുത്താണ് എടക്കലില്‍ സന്ദര്‍ശകരെ അനുവദിക്കാനുള്ള തീരുമാനമെന്നാണ് പുരാവസ്തു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.വി. വേണു എന്നിവര്‍ കഴിഞ്ഞ ദിവസം അറിയിച്ചത്.

SHARE