ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ അഹമ്മദ് പട്ടേലിന്റെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് പരിശോധന. സ്റ്റെര്‍ലിംഗ് ബയോടെക്കുമായി ബന്ധപ്പെട്ട സന്ദേസര സാമ്പത്തിക തട്ടിപ്പ് കേസിലാണ് പരിശോധന. പട്ടേലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതായും റിപ്പോര്‍ട്ടുണ്ട്. രാജ്യസഭ തെരഞ്ഞെടുപ്പടക്കം ഗുജറാത്തില്‍ ബിജെപിക്ക് വലിയ തിരിച്ചടി കൊടുത്ത നേതാവാണ് കോണ്‍ഗ്രസ് ട്രെഷറര്‍ കൂടിയായ അഹമ്മദ് പട്ടേല്‍.
സ്റ്റെര്‍ലിങ് ബയോടെക് കമ്പനി ഉള്‍പ്പെട്ട കള്ളപ്പണം വെളിപ്പിക്കല്‍ കേസിലാണ് ഈഡി ചോദ്യം ചെയ്യുന്നത്. ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ വസതിയില്‍ ഇന്ന് രാവിലെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ എത്തിയത്. നീരവ് മോദിയും മെഹുല്‍ ചോക്സിയും നടത്തിയ പിഎന്‍ബി കുംഭകോണത്തേക്കാള്‍ വളരെ വലുതാണ് സന്ദേസര അഴിമതിയെന്ന് ഇഡി അവകാശപ്പെട്ടിരുന്നു.
ചോദ്യം ചെയ്യലിനായി അദ്ദേഹത്തെ നേരത്തെ വിളിപ്പിച്ചിരുന്നുവെങ്കിലും മുതിര്‍ന്ന പൗരനായതിനാല്‍ കോവിഡ് -19 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കാരണം വരാന്‍ കഴിയില്ലെന്ന് അഹമ്മദ് പട്ടേല്‍ പറഞ്ഞിരുന്നു. നേരത്തെ, പട്ടേലിന്റെ മകന് ഫൈസലിനെയും മരുമകനായ (അഭിഭാഷകന്) ഇര്ഫാന് സിദ്ദിഖിയെയും കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. അതേസമയം കേന്ദ്ര സര്‍ക്കാറിന്റെ പകപോക്കല്‍ രാഷ്ട്രീയം കോവിഡ് കാലത്തും തുടരുന്നതായി കോണ്‍ഗ്രസ് ആരോപിച്ചു.