ആരോപണം അടിസ്ഥാനരഹിതം; റോബര്‍ട്ട് വാദ്രയുടെ അറസ്റ്റ് തടഞ്ഞ് കോടതി

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാദ്രയെ ഈ മാസം 27 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഡല്‍ഹി പട്യാല ഹൗസ് കോടതി. കള്ളപ്പണം ഉപയോഗിച്ച് ലണ്ടനില്‍ സ്വത്തുക്കള്‍ വാങ്ങിയെന്നാണ് എന്‍ഫോഴ്‌സ് ഡയറക്ടറേറ്റിന്റെ ആരോപണം. എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണെന്ന് വാദ്രയുടെ അഭിഭാഷകന്‍ കെ.ടി.എസ് തുളസി വാദിച്ചു. തുടര്‍ന്ന് പ്രത്യേക ജഡ്ജി അരവിന്ദ് കുമാര്‍ അറസ്റ്റ് താല്‍കാലികമായി തടഞ്ഞ് ഉത്തരവിടുകയായിരുന്നു.

വിവാദ ആയുധ ഇടപാടുകാരന്‍ സഞ്ജയ് ഭണ്ഡാരി വഴി കള്ളപ്പണം ഉപയോഗിച്ച് ലണ്ടനിലെ ബ്രയാന്‍സ്റ്റോണ്‍ സ്‌ക്വയറില്‍ സ്വത്തുക്കള്‍ വാങ്ങിയെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് ഇ.ഡി കഴിഞ്ഞമാസം വാദ്രയെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് വാദ്രയുടെ വിശദീകരണം.

SHARE