സാമ്പത്തിക സംവരണം ഗൂഢപദ്ധതി

ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന സമുദായികാടിസ്ഥാനത്തിലുള്ള തൊഴില്‍, വിദ്യാഭ്യാസ സംവരണത്തിന് വിരുദ്ധമായി, സര്‍ക്കാര്‍തൊഴില്‍, ഉന്നതവിദ്യാഭ്യാസ മേഖലകളില്‍ ജനറല്‍ വിഭാഗത്തിലെ പത്തുശതമാനംപേര്‍ക്ക് സമ്പത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ വിവാദപരമായ തീരുമാനമെടുത്തിരിക്കുകയാണ്. ഇന്നലെ ഇതുസംബന്ധിച്ച ഭരണഘടനാഭേദഗതിബില്‍ ലോക്‌സഭയുടെ മേശപ്പുറത്തുവെച്ചത് ഒരുവിധ മുന്നറിയിപ്പോ കൂടിയാലോചനകളോ മുന്നൊരുക്കങ്ങളോ ഇല്ലാതെയാണ്. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. അതുതന്നെ കേന്ദ്രസര്‍ക്കാരിന്റെ ഗൂഢലാക്ക് തുറന്നുകാട്ടുന്നു. ബില്‍ നിയമമാകണമെങ്കില്‍ ഇരുസഭകളിലും മൂന്നില്‍രണ്ട് ഭൂരിപക്ഷം വേണമെന്നിരിക്കെ രാജ്യസഭയില്‍ ന്യൂനപക്ഷമായ സര്‍ക്കാര്‍ ഇത്തരത്തിലൊരു നിയമനിര്‍മാണത്തിന് മുന്നോട്ടുവന്നതിലെ ഔചിത്യം സംശയിക്കപ്പെടുകയാണ്. ലോക്‌സഭാതിരഞ്ഞെടുപ്പിന് നൂറുദിവസംമാത്രം ബാക്കിയിരിക്കെ മുന്നാക്ക സമുദായക്കാരടക്കമുള്ള ചില വോട്ടുബാങ്കുകളെ തൃപ്തിപ്പെടുത്താനുള്ള അടവായാണ് ബില്ല് വിലയിരുത്തപ്പെടുന്നത്. വിലക്കയറ്റം, തൊഴിലില്ലായ്മ, കര്‍ഷകപ്രക്ഷോഭം, റഫാല്‍അഴിമതി തുടങ്ങിയവ മോദിസര്‍ക്കാരിനെതിരെ കത്തിനില്‍ക്കവെ കൊണ്ടുവരുന്ന ബില്‍ എന്താണ് ലക്ഷ്യംവെക്കുന്നതെന്ന് തിരിച്ചറിയാന്‍ പ്രയാസമില്ല. ബില്ലിനെ തിരഞ്ഞെടുപ്പ് തന്ത്രമായാണ് കോണ്‍ഗ്രസ് വിശേഷിപ്പിക്കുന്നത്. മുസ്‌ലിംലീഗ്, ഡി..എം.കെ. തുടങ്ങിയ കക്ഷികളും ബില്ലിനെതിരാണ്. ഫലത്തില്‍ മുത്തലാഖ് ബില്ലിന്റെ ഗതിയാകും ഇതിനും സംഭവിക്കുക.
ബ്രാഹ്മണര്‍, ബനിയ, മുസ്‌ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ് മതക്കാര്‍ എന്നിവരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. എട്ടുലക്ഷംരൂപ വരെ വാര്‍ഷിക വരുമാനവും അഞ്ചേക്കറില്‍താഴെ ഭൂമിയുമുള്ള കുടുംബങ്ങള്‍ക്കാണ് സാമ്പത്തികസംവരണാനുകൂല്യം ലഭിക്കുകയെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇതുതന്നെ ഭീമാബദ്ധമോ പാവങ്ങളുടെ തൊഴിലവസരങ്ങള്‍ തട്ടാനുള്ള കുതന്ത്രമോ ആണ്. എട്ടുലക്ഷംരൂപ വാര്‍ഷിക വരുമാനം എന്ന വ്യവസ്ഥയനുസരിച്ചാണെങ്കില്‍ സമൂഹത്തിലെ പാവപ്പെട്ടവന് എങ്ങനെയാണ് ആനുകൂല്യം ലഭിക്കുക? സാമുദായികസംവരണം നടപ്പാക്കേണ്ടത് ഈ പത്തുശതമാനം കഴിച്ചുള്ളതില്‍ നിന്നാവണമെന്നതാണ് സര്‍ക്കാര്‍ലക്ഷ്യം. മതന്യൂനപക്ഷവിഭാഗങ്ങളെ ഇതില്‍ ഉള്‍പെടുത്തിയതും മറ്റൊരു തന്ത്രമായി വേണം കാണാന്‍. എത്രതുച്ഛമാണ് അക്കൂട്ടര്‍ ഇതില്‍വരികയെന്ന് സാമാന്യേന ഊഹിക്കാനാകും.
സാമൂഹികാടിസ്ഥാനത്തിലാകണം സംവരണം എന്ന ഭരണഘടനാതത്വവും, മൊത്തംസംവരണം അമ്പതുശതമാനത്തില്‍ കവിയരുതെന്ന സുപ്രീംകോടതിയുടെ 1992 നവംബര്‍16ലെ വിധിയും (ഇന്ദിരാസാഹ്നി കേസ്) പുതിയബില്ലിനെ ചോദ്യം ചെയ്യുന്നുണ്ട്. മൊത്തംസംവരണം 50 ശതമാനത്തില്‍ കവിയുന്നെങ്കില്‍ അത് സമൂഹസന്തുലിതാവസ്ഥയെ താളംതെറ്റിക്കാതെ വളരെയധികം അവധാനതയോടെ ആയിരിക്കണമെന്നാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. ഭരണഘടനയുടെ അടിസ്ഥാനതത്വം മാറ്റാന്‍ പാര്‍ലമെന്റിന് പോലും കഴിയില്ലെന്ന് കേശവാനന്ദഭാരതി കേസില്‍ സുപ്രീംകോടതി 1975ല്‍ വിധിച്ചിട്ടുള്ളതാണ്. ദാരിദ്ര്യ നിര്‍മാര്‍ജനമല്ല സമൂഹത്തിലെ പാര്‍ശ്വവല്‍കൃതരുടെ ഭരണപങ്കാളിത്തമാണ് സംവരണംകൊണ്ട് ഉദ്ദേശിക്കുന്നതെന്നും പലതവണ കോടതികള്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. പുലിയെയും മാനിനെയും ഒരേകൂട്ടില്‍ അടയ്ക്കരുതെന്ന ന്യായമാണ് സംവരണത്തിന്റെ അന്തസ്സത്ത. നൂറ്റാണ്ടുകളായി ഭൂമിയും ഉന്നതതൊഴിലിടങ്ങളും നിഷേധിക്കപ്പെട്ട് ദാരിദ്ര്യത്തിന്റെയും ജാതി, സമുദായ വിവേചനത്തിന്റെയും ക്രൂരമായ അവഗണനയുടെയും കനത്തനുകംപേറി കഴിയേണ്ടിവന്ന വലിയൊരു മനുഷ്യസഞ്ചയത്തിനുള്ള പരിഹാരക്രിയയായാണ് അവരുടെ സമുദായത്തില്‍നിന്നുയര്‍ന്നുവന്ന ഭരണഘടനാശില്‍പി ഡോ. ഭീംറാവുഅംബേദ്കര്‍ അടക്കമുള്ള മഹത്തുക്കള്‍ സാമുദായികസംവരണം എന്ന ആശയം ഭരണഘടനയില്‍ ഉള്‍ക്കൊള്ളിച്ചത്.
മോദിസര്‍ക്കാരിനെ നിയന്ത്രിക്കുന്ന ആര്‍.എസ്.എ,സ്സിന്റെ ആശയം സാമ്പത്തികസംവരണമാണെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. സവര്‍ണതയുടെയും ഏകശിലാഹിന്ദുത്വത്തിന്റെയും ഭാഗമാണവര്‍ക്കിത്. സാമ്പത്തികസംവരണം രാജ്യത്താകെ പൂര്‍ണമായി നടപ്പാക്കുന്നതിന്റെ ആദ്യഘട്ടമായി വേണം പുതിയ നടപടിയെ കാണാന്‍. ജനസംഖ്യയിലെ വെറും മൂന്നുശതമാനംവരുന്ന ബ്രാഹ്മണര്‍ ഇതിനകം രാജ്യത്തെ സര്‍ക്കാര്‍മേഖലകളുടെ അമ്പതു ശതമാനത്തോളം ആനുകൂല്യമാണ് അനുഭവിച്ചുവരുന്നത്. ചീഫ്‌സെക്രട്ടറിമാര്‍ മുതല്‍ വൈസ് ചാന്‍സലര്‍മാര്‍വരെ ഇവരുടെ ശതമാനം 60 ശതമാനത്തോടടുത്താണ്. ഇതര ഉന്നത സിവില്‍ സര്‍വീസ് തലങ്ങളില്‍ സംഖ്യ അതിലുമപ്പുറവും. രാജ്യത്തെ ഏതൊരുപൗരനും അന്തസ്സോടെ ജീവിക്കാനുതകുന്ന തൊഴിലും വരുമാനവും വേണമെങ്കിലും ജാതീയമായി ഉയര്‍ന്നുനില്‍ക്കുന്നവര്‍ കയ്യടക്കിവെച്ചിരിക്കുന്ന സര്‍ക്കാര്‍മേഖലയെ കൂടുതല്‍ കരഗ്രസ്ഥമാക്കുന്നതിനുള്ള നീക്കമായി ഈ ബില്ലിനെ കാണേണ്ടതുണ്ട്. 1990ലാണ് മണ്ഡല്‍കമ്മീഷന്‍ റിപ്പോര്‍ട്ടനുസരിച്ച് 27ശതമാനം സംവരണം മറ്റുപിന്നാക്കവര്‍ഗക്കാര്‍ക്ക് നല്‍കുന്നതിനുള്ള നടപടികള്‍ തുടങ്ങിവെച്ചത്. 2005ല്‍ യു.പി.എ. സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകളില്‍ പറഞ്ഞത് പതിനായിരക്കണക്കിന് തസ്തികകള്‍ മുസ്‌ലിംകള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നുവെന്നും ആയത് നികത്തുന്നതിന് സര്‍ക്കാരുകള്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കണമെന്നുമായിരുന്നു.
സംവരണനിയമമുണ്ടായിട്ടും കോടിക്കണക്കിന് പേര്‍ക്ക് തൊഴിലു ലഭിക്കാതെ വരുന്ന സമകാലപരിതസ്ഥിതിയില്‍ സാമ്പത്തികസംവരണംകൂടി വരുമ്പോള്‍ പാവപ്പെട്ട വിഭാഗങ്ങള്‍ക്ക് നിലവിലെ സംവരണാനുകൂല്യം ഒരുകാരണവശാലും നഷ്ടപ്പെടുന്ന സ്ഥിതി ഉണ്ടാവരുത്. ഏറ്റവുംകൂടുതല്‍ തൊഴിവസരങ്ങള്‍ തരുന്ന സ്വകാര്യമേഖലയില്‍കൂടി സംവരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യവും സജീവമായുണ്ട്. അഞ്ചുവര്‍ഷംകൊണ്ട് പത്തുകോടി തൊഴില്‍ സൃഷ്ടിക്കുമെന്ന് പറഞ്ഞവര്‍ തലതിരിഞ്ഞ സാമ്പത്തികനടപടികളിലൂടെ കോടിക്കണക്കിന് തൊഴിലാളികളെ വഴിയാധാരമാക്കിയതുകാരണം അക്കൂട്ടരെ കറിവേപ്പിലപോലെ എടുത്തുകളയാന്‍ ജനത ദിനങ്ങളെണ്ണിയിരിക്കുമ്പോഴാണ് മോദിയുടെ ഈ പതിനെട്ടാമത്തെ പയറ്റ്. എന്തുചെയ്തും ഇത് ചെറുക്കപ്പെടുക തന്നെവേണം. കേന്ദ്രതീരുമാനത്തെ രായ്ക്കുരാമാനം സ്വാഗതംചെയ്ത സി.പി. എം മുഖ്യമന്ത്രി പിണറായിവിജയന്റെ നിലപാടല്ല പാര്‍ട്ടിയുടേതെന്ന് വ്യാഖ്യാനിക്കാന്‍ പാകത്തില്‍ ഇതൊരു തെരഞ്ഞെടുപ്പ് അജണ്ടയാണെന്ന് സി.പി.എം. പോളിറ്റ് ബ്യൂറോ പറയുന്നെങ്കിലും കേരളത്തിലെ ദേവസ്വംബോര്‍ഡുകളില്‍ പത്തുശതമാനംസംവരണം മുന്നോക്കജാതിക്കാര്‍ക്ക് കഴിഞ്ഞവര്‍ഷമാണ് പിണറായിസര്‍ക്കാര്‍ നടപ്പാക്കിയതെന്നത് കാണാതിരുന്നുകൂടാ. കെ.എ.എസിലും അത് നടപ്പാക്കാനാണ് സര്‍ക്കാര്‍ശ്രമം. ഇരുപാര്‍ട്ടികളുടെയും സമാനനിറമുള്ള തൂവലുകള്‍ മറനീക്കിവരുന്നത് ഇവിടെയാണ്.

SHARE