സര്‍ക്കാര്‍ വീണ്ടും കടം വാങ്ങാനൊരുങ്ങുന്നു; സംസ്ഥാനം കടക്കെണിയിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തികപ്രതിസന്ധി അതിരൂക്ഷം. ദൈനംദിനച്ചെലവുകള്‍ക്ക് പണമില്ലാത്തതിനാല്‍ രണ്ടാഴ്ചക്കിടെ സര്‍ക്കാര്‍ വീണ്ടും കടമെടുക്കുന്നു. ഇക്കുറി 700 കോടി രൂപയാണ് പൊതുവിപണിയില്‍ നിന്നും കടപ്പത്രം വഴി സമാഹരിക്കുന്നത്. ഇതിനായുളള ലേലം ഫെബ്രുവരി 12ന് മുംബൈ ഫോര്‍ട്ടിലുളള റിസര്‍വ് ബാങ്കില്‍ നടക്കും. ഇക്കഴിഞ്ഞ രണ്ടാം തിയതി 1000 കോടി രൂപയാണ് കടമെടുത്തത്. വരും മാസങ്ങളിലും കടമെടുപ്പ് തുടരാതെ രക്ഷയില്ല എന്ന അവസ്ഥയാണ്. സാമ്പത്തികവര്‍ഷം അവസാനിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാറിന്റെ ചിലവ് കൂടിവരികയാണ്. തദ്ദേശസ്ഥാപനങ്ങള്‍ക്ക് വികസനച്ചെലവില്‍ നല്‍കേണ്ട പണവും സര്‍ക്കാര്‍വകുപ്പുകള്‍ പദ്ധതി വിഹിതം ചെലവഴിക്കുന്നതും പ്രതിസന്ധി രൂക്ഷമാക്കും.
സംസ്ഥാന ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്ന് ശതമാനമാണ് വാര്‍ഷിക കടമെടുപ്പ് പരിധി. എതാണ്ട് 25,000 കോടിയോളം രൂപ വരുമിത്. പത്ത് വര്‍ഷം കൊണ്ട് നാലിരട്ടി വര്‍ധനയാണ് സംസ്ഥാനത്തിന്റെ കടബാധ്യതയില്‍ വന്നിട്ടുള്ളത്‌സംസ്ഥാനത്ത് പ്രളയത്തില്‍ തകര്‍ന്ന പ്രധാന മേഖലകളുടെ പുനര്‍നിര്‍മ്മാണത്തിന് വായ്പ മുഖേന 15,900 കോടി രൂപ സമാഹരിക്കുന്നതിന് നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ നടപടിക്രമങ്ങള്‍ നടന്നു വരികയാണ്. ലോകബാങ്ക്, എ.ഡി.ബി, മറ്റ് ഉഭയകക്ഷി ഫണ്ടിംഗ് ഏജന്‍സികള്‍, ആഭ്യന്തരധനകാര്യ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവയില്‍ നിന്നാണ് വായ്പ മുഖേന 15,900 കോടി രൂപ സമാഹരിക്കുന്നത്. ഇതെല്ലാം കൂടിയാകുമ്പോള്‍ സര്‍ക്കാറിന്റെ ശേഷിക്കുന്ന കാലയളവില്‍ കേരളം പൂര്‍ണമായും കടക്കെണിയില്‍ മുങ്ങുമെന്ന് ഉറപ്പാണ്.
ബജറ്റില്‍ പ്രഖ്യാപിച്ചത് അനുസരിച്ച് ഏപ്രില്‍ മാസം സര്‍ക്കാര്‍ ജീവനക്കാരുടെ രണ്ടുഗഡു ഡി.എ കുടിശികയും നല്‍കണം. ഇതിനുളള തുകയും കണ്ടെത്തേണ്ടതുണ്ട്. സാമ്പത്തികപ്രതിസന്ധി പ്രളയാനന്തരപുനര്‍നിര്‍മാണത്തേയും ബാധിച്ചിട്ടുണ്ട്. പുനര്‍നിര്‍മാണത്തിനായി സര്‍ക്കാര്‍ ലക്ഷ്യമിട്ട ധനസമാഹരണം എങ്ങുമെത്താത്ത സാഹചര്യത്തില്‍ ബജറ്റില്‍ പ്രഖ്യാപിച്ച പ്രളയ സെസും തല്‍ക്കാലത്തേക്ക് മാറ്റിവെച്ചിട്ടുണ്ട്. ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ഇത് തിരിച്ചടിയാകുമെന്ന് ഭയന്നാണ് സെസ് ചുമത്തുന്നത് നീട്ടിവെച്ചതെന്നാണ് സൂചന. ഏപ്രില്‍ ഒന്നുമുതല്‍ ചുമത്താനിരുന്ന പ്രളയസെസ് ജൂലൈ മുതല്‍ മാത്രമെ നടപ്പാക്കൂ. സാമ്പത്തികപ്രതിസന്ധിയെ തുടര്‍ന്ന് ട്രഷറി നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരുലക്ഷത്തിന് മുകളിലുള്ള കണ്ടിജന്റ് ബില്ലുകള്‍ മാറിനല്‍കേണ്ട എന്നാണ് ട്രഷറികള്‍ക്കുള്ള നിര്‍ദേശം.
പദ്ധതിയേതര ചെലവുകളുടെയും വകുപ്പ് ചെലവുകളുടെയും മറ്റും ബില്ലുകളാണ് ഈ വിഭാഗത്തില്‍ വരുന്നത്. അനിവാര്യ സാഹചര്യത്തില്‍ ധനവകുപ്പിന്റെ അനുമതിയോടെ മാത്രം ഒരുലക്ഷത്തിന് മുകളിലുള്ള ബില്ലുകളും മാറി നല്‍കാം. ലൈഫ് ഭവനപദ്ധതി, മരുന്നുകള്‍ വാങ്ങല്‍, ശമ്പളം, പെന്‍ഷന്‍ എന്നിവയ്ക്ക് നിയന്ത്രണം ബാധകമല്ല. ഏഴാംതീയതി ശമ്പള വിതരണം പൂര്‍ത്തിയാകുന്നതോടെ നിയന്ത്രണം പിന്‍വലിക്കുമെന്നാണ് ധനവകുപ്പ് വിശദീകരിക്കുന്നത്.

SHARE