സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലെന്ന് രമേശ് ചെന്നിത്തല

തൊടുപുഴ : എല്‍.ഡി.എഫ് ഭരണത്തില്‍ സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പടയൊരുക്കവുമായി തൊടുപുഴയിലെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ട്രഷറികള്‍ തുറന്നിട്ടുണ്ടെങ്കിലും പൂട്ടിയിരിക്കുന്ന അവസ്ഥയാണ്. രാവിലെ ഒരു മണിക്കൂര്‍ മാത്രമാണ് പണമിടപാട് നടക്കുന്നത്. ഒരു ലക്ഷത്തിനു മുകളിലുള്ള ഒരു ബില്ലുപോലും മാറിക്കൊടുക്കുന്നില്ല. ബില്ലുകള്‍ മാറുന്നതിനുള്ള സോഫ്റ്റ് വെയറുകള്‍ ഈ രീതിയില്‍ ക്രമീകരിച്ചിരിക്കുകയാണ്. പെന്‍ഷന്‍ വിതരണം ചെയ്യുന്ന സോഫ്റ്റ് വെയര്‍ പ്രവര്‍ത്തിക്കാത്ത സ്ഥിതിയാണ്. ഇതുമൂലം എല്ലാവിധ പെന്‍ഷനുകളുടെയും വിതരണം മുടങ്ങിയിരിക്കുകയാണ്. സംസ്ഥാനത്തെ കരാറുകാര്‍ക്ക് 1400 കോടിയിലേറെ രൂപ നല്‍കുവാനുണ്ട്. ഇതുമൂലം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മുടങ്ങിയിരിക്കുകയാണ്. ജി.എസ്.ടി. പ്രാബല്യത്തില്‍ വരുമ്പോള്‍ എല്ലാം ശരിയാകുമെന്നു പറഞ്ഞ ധനമന്ത്രി തോമസ് ഐസക് ഇതിന് മറുപടി പറയണം. ജി,എസ്.ടി. വന്നതോടെ 1200 കോടി രൂപയുടെ കുറവാണ് സംഭവിച്ചിരിക്കുന്നത്. കെടുകാര്യസ്ഥതയും ധൂര്‍ത്തും മൂലം സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി ഗുരുതരാവസ്ഥയിലായിരിക്കുകയാണ്. ധൂര്‍ത്തും അനാവശ്യ ചിലവുകളുമാണ് പ്രതിസന്ധിയ്ക്ക് കാരണം. സാമ്പത്തിക വര്‍ഷം അവസാനിക്കുവാന്‍ 3 മാസം മാത്രം അവശേഷിക്കെ പദ്ധതി ചിലവുകള്‍ 30 ശതമാനം മാത്രമാണ് നടന്നിരിക്കുന്നതെന്നത് പ്രതിസന്ധിയുടെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. കേരളത്തിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം പുറപ്പെടുവിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഭരണം കുത്തഴിഞ്ഞ സ്ഥിതിയിലാണ്. മന്ത്രിതന്നെ സര്‍ക്കാരിനെതിരെ കേസ് നല്‍കിയിരിക്കുന്നു. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന പാര്‍ട്ടി തന്നെ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് അക്രമം അഴിച്ചു വിടുന്നു. മൂന്നാറില്‍ വിദേശികളെ പോലും ഹര്‍ത്താലിന്റെ പേരില്‍ ആക്രമിച്ചത് രാജ്യാന്തരതലത്തില്‍ നാണക്കേടായിരിക്കുകയാണ്. ആഭ്യന്തരവകുപ്പിനെതിരെ പാര്‍ട്ടി സെക്രട്ടറിയും എല്‍.ഡി.എഫ് കണ്‍വീനറും ഉന്നയിച്ച ആക്ഷേപങ്ങള്‍ മുമ്പ് യു.ഡി.എഫ് ഉന്നയിച്ചതു തന്നെയാണ്. സംസ്ഥാനത്തെ ക്രമസമാധാനനില പൂര്‍ണ്ണമായും തകരാറിലായിരിക്കുന്നുവെന്ന് ഭരിക്കുന്നവര്‍ തന്നെ സമ്മതിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ മാധ്യമസ്വാതന്ത്ര്യം കടുത്ത വെല്ലുവിളി നേരിടുകയാണ്. പത്രപ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കുവാനുള്ള അവസരവും സര്‍ക്കാര്‍ നിഷേധിച്ചിരിക്കുന്നു. മാധ്യമപ്രവര്‍ത്തനം സത്യസന്ധമായും സ്വതന്ത്രമായും നടത്തുവാനുള്ള സാഹചര്യം സംസ്ഥാനത്ത് നഷ്ടപ്പെട്ടിരിക്കുകയാണ്. സെക്രട്ടറിയേറ്റ് വളപ്പില്‍ പോലും പത്രക്കാര്‍ക്ക് കയറാന്‍ പറ്റാത്ത സ്ഥിതി കേരളചരിത്രത്തില്‍ ആദ്യമായാണ്. മാധ്യമസ്വാതന്ത്ര്യം എന്ന് സി.പി.എം. പറയുന്നത് അവര്‍ പ്രതിപക്ഷത്തിരിക്കുമ്പോള്‍ മാത്രമാണ്. മുഖ്യമന്ത്രി ഏകാധിപതിയുടെ പാതയിലാണ് സഞ്ചരിക്കുന്നത്. ജനങ്ങള്‍ക്കുവേണ്ടി മാധ്യമങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ അവരെ അകറ്റി നിര്‍ത്തുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. സെക്രട്ടറിയേറ്റ് വളപ്പില്‍ പത്രക്കാരറിയാത്ത എന്തു കാര്യമാണ് നടക്കുന്നത്. ഭരണം പൂര്‍ണ്ണമായും സുതാര്യമല്ലെന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണിത്. ശശീന്ദ്രന് മന്ത്രിസ്ഥാനം തിരികെ നല്‍കിയാല്‍ അത് ഈ സര്‍ക്കാരിന് ഒരു തിലകക്കുറി തന്നെയായിരിക്കും. ശശീന്ദ്രന്‍ രാജിവച്ചത് കോടതി പറഞ്ഞിട്ടോ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടോ അല്ല. ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവര്‍ പാലിക്കേണ്ട ഉന്നതമായ ധാര്‍മ്മിക മൂല്യങ്ങള്‍ പാലിക്കാത്തതിന്റെ പേരിലാണ്.
ആതിരപ്പിള്ളി പദ്ധതി വേണ്ടെന്നുള്ളതാണ് യു.ഡി.എഫ് നിലപാട്. ജലവൈദ്യുത പദ്ധതികളുടെ കാലം കഴിഞ്ഞെന്നും ഇതരമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്നുമാണ് അഭിപ്രായം. ജോയ്സ് ജോര്‍ജ് എം.പി. പട്ടികജാതിക്കാരുടെ ഭൂമി കൈവശപ്പെടുത്തിയത് ഗുരുതരമായ വീഴ്ചയാണ്. ഭൂമി തിരികെ നല്‍കിക്കൊണ്ട് മാതൃക കാട്ടുകയാണ് എം.പി. ചെയ്യേണ്ടതെന്നും ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് നേതാക്കളായ ജോണി നെല്ലൂര്‍, എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി., ഇബ്രാഹിംകുട്ടി കല്ലാര്‍, അഡ്വ. എസ്. അശോകന്‍, റോയി കെ പൗലോസ്, സി.പി.മാത്യു തുടങ്ങിയവരും സന്നിഹിതരായിരുന്നു