പണലഭ്യത കുറയുന്നു; 70 വര്‍ഷത്തിനിടെ രാജ്യം ഈ വിധം രൂക്ഷമായ പ്രതിസന്ധിയിലൂടെ കടന്നു പോയിട്ടില്ലെന്ന് നിതി ആയോഗ്

ന്യൂഡല്‍ഹി: സമ്പദ്‌വ്യവസ്ഥയില്‍ പണ ലഭ്യത കുറയുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് നിതി ആയോഗ് വൈസ് ചെയര്‍മാന്‍. നിലവിലെ സാമ്പത്തിക മാന്ദ്യം അസാധാരണ സാഹചര്യമാണെന്നും നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ പറഞ്ഞു. രാജ്യത്തിന്റെ 70 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ഇത്തരമൊരു പ്രതിസന്ധിയിലൂടെ നമ്മള്‍ കടന്നുപോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

70 വര്‍ഷത്തിനിടെ രാജ്യം ഇതുപോലെ പണലഭ്യത കുറഞ്ഞ സാഹചര്യത്തെ അഭിമുഖീകരിച്ചിട്ടില്ല. സമ്പദ്‌വ്യവസ്ഥയുടെ എല്ലാ മേഖലകളെയും പ്രതിസന്ധി പിടികൂടിയിട്ടുണ്ടെന്നും രാജീവ് കുമാര്‍ പറയുന്നു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആണ് രാജീവ് കുമാറിന്റെ പ്രതികരണം റിപ്പോര്‍ട്ട് ചെയ്തത്.

സ്വകാര്യ മേഖലയുടെ ആശങ്ക പരിഹരിക്കാന്‍ ചെയ്യാന്‍ പറ്റുന്നതെല്ലാം ഉടന്‍ തന്നെ ചെയ്യണമെന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ മോശം പ്രകടനം കാഴ്ചവെച്ച സാഹചര്യത്തിലാണ് രാജ്യത്തെ പ്രധാന സാമ്പത്തിക വിദഗ്ധന്‍ കൂടിയായ നിതി ആയോഗ് വൈസ് ചെയര്‍മാന്റെ പരാമര്‍ശമെന്നത് ശ്രദ്ധേയമാണ്.