സാമ്പത്തിക പ്രതിസന്ധി ഗുരുതരം: ലക്ഷക്കണക്കിന് വാഹനങ്ങൾ വാങ്ങാനാളില്ലാതെ കെട്ടിക്കിടക്കുന്നു

ന്യൂഡൽഹി: രാജ്യം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലെന്ന വാർത്തകൾക്ക് സ്ഥിരീകരണവുമായി വാഹന നിർമാണ രംഗത്തുനിന്ന് ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ. രാജ്യത്തെ പ്രമുഖ നാലുചക്ര, ഇരുചക്ര വാഹന വിപണിയിൽ 35,000 കോടി രൂപയുടെ വാഹനങ്ങൾ വിൽപന നടക്കാതെ കെട്ടിക്കിടക്കുകയാണെന്നും പ്രമുഖ നിർമാതാക്കൾ ഉൽപ്പാദനം നിർത്തിവെക്കുന്നതിന്റെ വക്കിലാണെന്നും നാഷണൽ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു. മാരുതി, ടാറ്റ, ഹോണ്ട, മഹിന്ദ്ര തുടങ്ങിയ വാഹനനിർമാതാക്കൾ പല നിർമാണ യൂണിറ്റുകളും പൂട്ടാനുള്ള ഒരുക്കത്തിലാണത്രേ.

2019 ജൂണിലെ ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം അഞ്ച് ലക്ഷത്തോളം യാത്രാ വാഹനങ്ങളാണ് വാങ്ങാനാളില്ലാതെ ഡീലർഷിപ്പുകളിൽ കുടുങ്ങിക്കിടക്കുന്നത്. 5 ബില്യൺ ഡോളർ (35,000 കോടി രൂപ) വിലവരുന്നതാണിത്. ഇരുചക്ര വിഭാഗത്തിൽ വിൽക്കാതെ കിടക്കുന്നവ 30 ലക്ഷത്തോളം വരും. 17,000 കോടിയാണ് ഇവയുടെ മതിപ്പുവില. 52,000 കോടിയുടെ വാഹനങ്ങൾ വിൽപ്പനയില്ലാതെ കിടക്കുന്നത് രാജ്യത്തെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമായ സാഹചര്യത്തിലാണെന്ന യാഥാർത്ഥ്യത്തിന് അടിവരയിടുകയാണ്.

മധ്യവർഗത്തിന് വരുമാനത്തിലുണ്ടായ ഇടിവും തൊഴിലില്ലായ്മയും വലിയ വില കൊടുത്ത് വാഹനങ്ങൾ വാങ്ങുന്നതിലുള്ള താൽപര്യക്കുറവുമാണ് ഈ സാഹചര്യം സൃഷ്ടിച്ചത് എന്നാണ് വിദഗ്ധർ പറയുന്നത്. കഴിഞ്ഞ ഏഴ് മാസത്തിനുള്ളിൽ വാഹനവിപണി കുത്തനെയാണ് കൂപ്പുകുത്തിയത്. പുതിയ സാമ്പത്തിക വർഷത്തിലും പ്രതീക്ഷക്കു വകയില്ലെന്ന് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സുഗതോ സെൻ പറയുന്നു.

രാജ്യത്തെ മുൻനിര കാർ നിർമാതാക്കളായ മാരുതി സുസുക്കി ജൂൺ 23-30 കാലയളവിൽ നിർമാണം നിർത്തിവെക്കാൻ തീരുമാനിച്ചിട്ടുണ്ട്. 2019-20 സാമ്പത്തിക വർഷത്തിൽ ഇതിനകം തന്നെ മഹീന്ദ്രയിൽ 13 ദിവസങ്ങളോളം ഉൽപ്പാദന പ്രവർത്തനങ്ങൾ നടന്നിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനമായ ഗുജറാത്തിൽ പ്രവർത്തിക്കുന്ന ടാറ്റയുടെ സാനന്ദ് പ്ലാന്റ് മെയ് 27 മുതൽ ജൂൺ മൂന്ന് വരെ അടഞ്ഞുകിടക്കുകയായിരുന്നു. ഹോണ്ട കാറുകളുടെ പ്രൊഡക്ഷൻ യൂണിറ്റ് ജൂൺ അഞ്ച് മുതൽ എട്ടുവരെ പ്രവർത്തിച്ചില്ല. ജൂണിൽ നാലു മുതൽ പത്ത് ദിവസം വരെ അടച്ചിടാൻ റെനോ, നിസ്സാൻ, സ്‌കോഡ കമ്പനികളും തീരുമാനിച്ചിട്ടുണ്ട്.

നരേന്ദ്ര മോദിയുടെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം ഈയിടെ നടത്തിയ വെളിപ്പെടുത്തൽ വിവാദമായിരുന്നു. 2011-17 കാലയളവിൽ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ഏഴ് ശതമാനമാണെന്ന് കേന്ദ്ര സർക്കാർ അവകാശപ്പെടുമ്പോൾ, യഥാർത്ഥത്തിൽ അത് 4.5 ശതമാനം മാത്രമേ ഉള്ളൂവെന്നാണ് സുബ്രഹ്മണ്യം വെളിപ്പെടുത്തിയത്.