അമേത്തിയില്‍ എസ്.പി-ബി.എസ്.പി സഖ്യം ബി.ജെ.പിക്ക് വോട്ട് മറിച്ചു തോല്‍വിക്ക് കാരണം കണ്ടെത്തി കോണ്‍ഗ്രസ് അന്വേഷണ കമ്മീഷന്‍


ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേത്തിയില്‍ തോല്‍ക്കാന്‍ കാരണം എസ്.പി-ബി.എസ.പി സഖ്യമെന്ന് കോണ്‍ഗ്രസ് അന്വേഷണ കമ്മീഷന്റെ പ്രാഥമിക കണ്ടെത്തല്‍. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും പ്രതികരണം തേടിയ ശേഷമാണ് കമ്മീഷന്‍ പ്രാഥമികമായി ഇത്തരത്തിലൊരു നിഗമനത്തിലെത്തിയത്.
എസ്.പി-ബിഎസ്.പി, ആര്‍.എല്‍.ഡി സഖ്യം തങ്ങളുടെ വോട്ടുകള്‍ ബി.ജെ.പിക്ക് മറിച്ചതായി കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ അന്വേഷണ കമ്മീഷനോട് പറഞ്ഞു. കോണ്‍ഗ്രസ് സെക്രട്ടറിമാരായ സുബൈര്‍ ഖാനും, കെഎല്‍ ശര്‍മ്മയുമാണ് അന്വേഷണ കമ്മീഷന്‍ അംഗങ്ങള്‍. രാഹുലിനെ സഹായിക്കാനായി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടതില്ലെന്ന് എസ്.പി-ബി.എസ്.പി സഖ്യം നേതൃത്വം തീരുമാനിച്ചെങ്കിലും പ്രാദേശിക ബി.എസ്.പി, എസ്.പി പ്രവര്‍ത്തകരും നേതാക്കളും കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയാറായില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
2014ല്‍ രാഹുല്‍ 4,08,651 വോട്ടു നേടിയിരുന്ന സ്ഥാനത്ത് ഇത്തവണ 4,13,994 വോട്ടുകളാണ് നേടിയത്. അതേ സമയം 2014ല്‍ ബി.എസ്.പി സ്ഥാനാര്‍ത്ഥി നേടിയ 57,000 വോട്ടുകളുടെ സ്ഥാനത്ത് ഇത്തവണ സ്ഥാനാര്‍ത്ഥി ഇല്ലാതായതോടെ ഈ വോട്ടുകള്‍ ബി.ജെ.പിയിലേക്ക് മറിയുകയായിരുന്നു. 55120 വോട്ടുകള്‍ക്കാണ് സമൃതി ഇറാനി ഇത്തവണ രാഹുലിനെ തോല്‍പിച്ചത്. ബി.എസ്.പി വോട്ടുകള്‍ ഇത്തവണ ബി.ജെ.പിയിലേക്കാണ് പോയതെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് യോഗേന്ദ്ര മിശ്ര അന്വേഷണ കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിന് പുറമെ എസ്.പി സര്‍ക്കാറില്‍ ഖനന വകുപ്പ് മന്ത്രിയായിരുന്ന ഗായത്രി പ്രജാപതിയുടെ മകനും ഗൗരിഗഞ്ചില്‍ നിന്നുള്ള എസ്.പി എം.എല്‍.എയുമായ രാകേഷ് പ്രതാപ് സിങ് പരസ്യമായി ബി.ജെ.പിയെ പിന്തുണച്ച് രംഗത്തുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ച് പ്രതാപ് സിങ് രാഹുലിന് പിന്തുണ നല്‍കാന്‍ അവസാന നിമിഷം തീരുമാനിച്ചെങ്കിലും അപ്പോഴേക്കും പ്രവര്‍ത്തകര്‍ പൂര്‍ണമായും ബി.ജെ.പിക്കൊപ്പം നിന്നു കഴിഞ്ഞിരുന്നതായും അദ്ദേഹം പറഞ്ഞു. അമേത്തി ലോക്‌സഭാ മണ്ഡലത്തിലെ തിലോയി, ഗൗരിഗഞ്ച്, ജഗദീശ്പൂര്‍, സലോണ്‍ മണ്ഡലങ്ങളിലാണ് രാഹുല്‍ പിന്നില്‍ പോയത്. രണ്ടംഗ കമ്മീഷന്റെ പൂര്‍ണ്ണമായ റിപ്പോര്‍ട്ട് അടുത്ത ആഴ്ച കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കമ്മീഷന്‍ കൈമാറും.

SHARE