ബി.ജെ.പിയെ തറപറ്റിച്ച് ആപ്പ് മുന്നേറുമ്പോള്‍; ഇലക്ഷന്‍ കമ്മീഷന്റെ സൈറ്റില്‍ ഒപ്പത്തിനൊപ്പം

ന്യൂഡല്‍ഹി: രാവിലെ എട്ടുമണിക്കു ആരംഭിച്ച ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ ആദ്യ ഘട്ടത്തില്‍ തന്നെ ആപ്പ് ലീഡ് ചെയ്യുകയാണെന്ന വാര്‍ത്തകള്‍ പുറത്തുവരവെ ഇലക്ഷന്‍ കമ്മീഷന്റെ സൈറ്റില്‍ ഒപ്പത്തിനൊപ്പം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക ട്രെന്‍ഡുകളില്‍ 10 സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടിയും 10 സീറ്റുകളില്‍ ഭാരതീയ ജനത പാര്‍ട്ടിയും മുന്നിലാണെന്ന് ന്യൂസ് ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

വന്‍ മുന്നേറ്റം നടത്തി ആംആദ്മി പാര്‍ട്ടി രാജ്യ തലസ്ഥാനം വീണ്ടും ഭരിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് പുറത്തു വിടുന്നിടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റിലെ വിത്യാസം ശ്രദ്ധേയമാവുന്നത്.

അതേസമയം, ഡല്‍ഹി തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇന്ന് രാവിലെ 9.50ലെ കണക്കു പ്രകാരം ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി 22 ഇടത്ത് മുന്നില്‍. 14 ഇടത്ത് ബി.ജെ.പിയാണ് മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ പത്തു മിനിറ്റിന് അകമാണ് ബി.ജെ.പി കളത്തിലേക്ക് തിരിച്ചു വന്നത്. ഷാകുര്‍ ബസ്തി, ആദര്‍ശ് നഗര്‍, മോഡല്‍ എന്നിവിടങ്ങിളിലെ വോട്ടെണ്ണല്‍ സാങ്കേതിക തകരാര്‍ മൂലം നിര്‍ത്തി വച്ചിരിക്കുകയാണ്. ആദ്യഘട്ടത്തില്‍ വന്‍ മുന്നേറ്റം നടത്തിയ ആം ആദ്മി രണ്ടാം ഘട്ടത്തിലെത്തുമ്പോള്‍ പിന്നോട്ടു പോകുന്ന കാഴ്ചയാണിപ്പോള്‍. അവസാന റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ 41 ഇടത്ത് ആപ്പും 19 ഇടത്ത് ബിജെപിയുമാണ് മുന്നേറുന്നത്. കോണ്‍ഗ്രസ് ഒരു സീറ്റില്‍ പോലും നിലവില്‍ ലീഡില്ല.

നേരത്തെ ഒരു സീറ്റില്‍ കോണ്‍ഗ്രസിനും ലീഡുയര്‍ത്തിയിരുന്നു. ഫലം പൂര്‍ത്തിയാവാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ ഹാരൂണ്‍ യൂസഫാണ് ലീഡ് നേടിയത് എന്നാല്‍ പിന്നാലെ ആപ്പ് സ്ഥാനാര്‍ത്ഥി ഇമ്രാന്‍ ഹുസൈന്‍ ലീഡ് തിരിച്ചുപിടിച്ചു. നേരത്തെ ആല്‍ക്കാ ലംബ ചാന്ദ്‌നി ചൗക്കിലും കോ്ണ്‍ഗ്രസ് ലീഡ് ഉയര്‍ത്തിയിരുന്നു.

നേരത്തെ, വോട്ടിങ് പൂര്‍ത്തിയായി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പോളിങ് ശതമാനം സംബന്ധിച്ച കണക്കുകള്‍ വെളിപ്പെടുത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറാകാത്തതു വിവാദമായിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ആം ആദ്മി രംഗത്തു വന്നതിന് പിന്നാലെ വിശദീകരണവുമായി കമ്മീഷണര്‍ രംഗത്തെത്തുകയുമുണ്ടായി.

അതേസമയം, ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിക്കുന്നതിനു മുന്നേ ഭരണം പിടിക്കുമെന്ന ആത്മവിശ്വാസം പങ്കുവെച്ച ബിജെപി ഡല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരി വീണ്ടും പ്രതികരണവുമായി രംഗത്തെത്തി. ആം ആദ്മിബിജെപി തമ്മില്‍ അന്തരം ഉണ്ടെങ്കിലും ഇനിയും സമയമുണ്ടെന്നും ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ടെന്നും തിവാരി പറഞ്ഞു. എന്തുതന്നെയായാലും സംസ്ഥാന മേധാവിയെന്ന നിലയില്‍ ഞാന്‍ ഉത്തരവാദിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്ത, ‘ഞാന്‍ അസ്വസ്ഥനല്ലെന്നും ബിജെപിയെ സംബന്ധിച്ചിടത്തോളം നല്ല ദിവസമാകുമെന്ന് എനിക്കുറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഞങ്ങള്‍ ഇന്ന് ഡല്‍ഹിയില്‍ അധികാരത്തില്‍ വരും. 55 സീറ്റുകള്‍ നേടിയാല്‍ അത്ഭുതപ്പെടരുത്.’ രാവിലെ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ബിജെപി അധ്യക്ഷന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചത്‌

രാവിലെ എട്ടുമണിക്കു ആരംഭിച്ച ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ ആദ്യ ഘട്ടത്തില്‍ തന്നെ ആപ്പ് ലീഡ് ചെയ്യുകയാണ്.
ന്യൂഡല്‍ഹിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മുന്നിലാണ്. എഎപിയുടെ മനീഷ് സിസോദിയ പട്പട് ഗഞ്ചില്‍ ലീഡ് ചെയ്യുന്നു. ഡല്‍ഹയിലെ മന്ത്രിമാരെല്ലാം ലീഡ് ചെയ്യുന്നതായാണ് വിവരം.

സംസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളായി അറിയപ്പെടുന്ന 27 മണ്ഡലങ്ങളില്‍ 24 ഇടത്തും മുന്നില്‍ നില്‍ക്കുന്നത് ഭരണകക്ഷി തന്നെ. മൂന്നിടത്ത് മാത്രമാണ് പാര്‍ട്ടി പിന്നില്‍. ബുരാരി, തിമാര്‍പൂര്‍, ഷാകുര്‍ബസ്തി, മോഡല്‍ ടൗണ്‍, സദര്‍ബസാര്‍, കരോള്‍ബാഗ്, പട്ടേല്‍ നഗര്‍, ഹരിനഗര്‍, തിലക് നഗര്‍, വികാസ്പുരി, ന്യൂഡല്‍ഹി, ജന്‍ഗ്പുര, കസ്തൂര്‍ബാനഗര്‍, മാളവ്യനഗര്‍, ദിയോലി, അംബേദ്കര്‍ നഗര്‍ എന്നിവിടങ്ങളിലാണ് പാര്‍ട്ടി മുന്നില്‍ നില്‍ക്കുന്നത്.

ഇതിനിടെ അരവിന്ദ് കെജ്‌രിവാള്‍ എഎപി ആസ്ഥാനത്ത് എത്തി.