ഗുജറാത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തി

സൂറത്ത്: ഗുജറാത്തിലെ കച്ച് ജില്ലയില്‍ ഞായറാഴ്ച വൈകുന്നേരം ഭൂചലനം അനുഭവപ്പെട്ടതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) യുടെ പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ട്. ഗുജറാത്തിലെ രാജ്‌കോട്ടില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയുള്ള കച്ച് ജില്ലയില്‍ 10 കിലോമീറ്റര്‍ താഴ്ചയില്‍ ജൂണ്‍ 14 ന് രാത്രി 8:13 ന് അനുഭവപ്പെട്ട ഭൂചലനം 5.5 തീവ്രത രേഖപ്പെടുത്തിയതായി എന്‍സിഎസ് സ്ഥിരീകരിച്ചു. പ്രഭവകേന്ദ്രത്തിന്റെ അക്ഷാംശവും രേഖാംശവും യഥാക്രമം 23.3 വടക്കും, 70.4 കിഴക്കുമാണ്.

ഭൂചലനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി രാജ്‌കോട്ട്, കച്ച്, പാടന്‍ ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അഹമ്മദാബാദ്, കച്ച്, പത്താന്‍, രാജ്‌കോട്ട് തുടങ്ങിയ നഗരങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തേക്ക് ഓടുന്നത് കണ്ടതായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സീസ്‌മോളജിക്കല്‍ റിസര്‍ച്ച് (ഐ എസ് ആര്‍) ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം, ഭൂചലനത്തില്‍ ജീവനോ സ്വത്തിനോ നാശനഷ്ടമുണ്ടായതായി ഒരു റിപ്പോര്‍ട്ടും ഇതുവരെ പുറത്തുവന്നിട്ടില്ല.

2001 ലാണ് മുമ്പ് ഗുജറാത്തില്‍ ഏറ്റവും വലിയ ഭൂചലനമുണ്ടായത്. ഇതുകൂടാതെ വലിയ രണ്ട് ഭൂകമ്പങ്ങള്‍ക്ക് സംസ്ഥാനം സാക്ഷ്യം വഹിച്ചു. 1956 ല്‍ അഞ്ജറിലും മറ്റൊന്ന് 1918 ല്‍ റാച്ച് ഓഫ് കച്ചിലും. 2001 ജനുവരി 26 ന് ഗുജറാത്തില്‍ ഉണ്ടായ ഭൂകമ്പം റിക്ടര്‍ സ്‌കെയിലില്‍ 6.9 ആയി രേഖപ്പെടുത്തി 100 സെക്കന്‍ഡില്‍ കൂടുതല്‍ നീണ്ടു. ഉത്തരേന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളിലും ഈ ഭൂകമ്പത്തിന്റെ തുടര്‍ചലനം അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ മൂന്നുമാസത്തിനിടെ ദേശീയ തലസ്ഥാനത്ത് ഒരു ഡസനോളം തീവ്രത കുറഞ്ഞ ഭൂകമ്പങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹിയുടെ ഭൂകമ്പ ചരിത്രം കണക്കിലെടുക്കുമ്പോള്‍ ഇത് അസാധാരണമല്ലെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) ഡയറക്ടര്‍ ബി കെ ബന്‍സല്‍ പറഞ്ഞു.