ഗുജറാത്തിലും മിസോറമിലും ഭൂചലനം


ന്യൂഡല്‍ഹി: മിസോറമിലും ഗുജറാത്തിലെ കച്ചിലും താരതമ്യേന ശക്തമായ ഭൂചലനം.

മിസോറാമില്‍, ഞായറാഴ്ച വൈകുന്നേരം 5.26 ഓടെയാണ് 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഏഴാം തവണയാണ് വടക്കുകിഴക്കന്‍ സംസ്ഥാനമായ മിസോറാമില്‍ ഭൂചനം അനുഭവപ്പെടുന്നത്.

മിസോറാമിലെ ചമ്പായിയുടെ തെക്ക്-പടിഞ്ഞാറ് 25 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി സ്ഥിരീകരിച്ചു.

നാശനഷ്ടങ്ങളോ അപകടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വടക്കുകിഴക്കന്‍ പ്രദേശങ്ങളിലെ പര്‍വത പ്രദേശം ലോകത്തിലെ ആറാമത്തെ വലിയ ഭൂകമ്ബ സാധ്യതയുള്ള പ്രദേശമായി കണക്കാക്കപ്പെടുന്നു.
1950 ല്‍ റിക്ടര്‍ സ്‌കെയിലില്‍ 8.7 രേഖപ്പെടുത്തിയ ഭൂകമ്ബം ബ്രഹ്മപുത്ര നദിയുടെ ഗതിയെ മാറ്റിമറിച്ചു.

ഗുജറാത്തില്‍, ഞായറാഴ്ച വൈകുന്നേരം 5.11 നാണ് കച്ച് ജില്ലയിലെ ഭചൗവില്‍ നിന്ന് 14 കിലോമീറ്റര്‍ വടക്ക്-വടക്ക് കിഴക്ക് 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് ഗാന്ധിനഗര്‍ ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സീസ്‌മോളജിക്കല്‍ റിസര്‍ച്ച് (ഐ എസ് ആര്‍) ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പുലര്‍ച്ചെ 1.50 നും വൈകുന്നേരം 4.32 നും ഇടയില്‍ 1.8, 1.6, 1.7, 2.1 തീവ്രത രേഖപ്പെടുത്തിയ നാല് ചെറിയ ഭൂചലനങ്ങളുണ്ടായതായി അധികൃതര്‍ അറിയിച്ചു.

ജൂണ്‍ 14 ന് ഇതേ പ്രദേശത്ത് 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സൗരാഷ്ട്ര മേഖലയുടെ പല ഭാഗങ്ങളിലും അനുഭവപ്പെട്ടിരുന്നു. ‘വളരെ ഉയര്‍ന്ന അപകടസാധ്യതയുള്ള’ ഭൂകമ്ബ മേഖലയിലാണ് കച്ച് ജില്ല സ്ഥിതിചെയ്യുന്നത്, കുറഞ്ഞ തീവ്രതയുള്ള ഭൂകമ്ബങ്ങള്‍ പതിവായി അവിടെ സംഭവിക്കാറുണ്ട്.

SHARE