ജാമിയ മില്ലിയ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

ഡല്‍ഹി ജാമിയ മില്ലിയ സര്‍വകലാശാലയിലുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി എത്തിയപ്പോള്‍

കോഴിക്കോട്: ജാമിഅ മില്ലിയ്യ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി മുസ്്‌ലിംലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ക്യാമ്പസിലെത്തി. പൊലീസ് അതിക്രമത്തില്‍ ശക്തമായി പ്രതിഷേധിച്ച ഇ.ടി സമരവേദിയും സന്ദര്‍ശിച്ചു.
സമാനതകളില്ലാത്ത അതിക്രമമാണന്ന് പൊലീസ് നടത്തി യതെന്ന് അദ്ദേഹം പറഞ്ഞു. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ അബുള്‍ഫസല്‍ എന്‍ക്ലേവിലെ അല്‍ശിഫാ ആസ്പത്രിയിലെത്തി സന്ദര്‍ശിച്ചു. ലൈബ്രറിയില്‍ പഠിച്ചു കൊണ്ടിരിക്കുന്നവര്‍ പോലും മര്‍ദ്ദനത്തി നിരയായതായി വിദ്യാര്‍ത്ഥികള്‍ അറിയിച്ചതായി എം.പി പറഞ്ഞു. ജാമിഅ അലുംനി അസോസിയേഷന്‍ നേതാക്കളുമായും എം.പി കൂടിക്കാഴ്ച്ച നടത്തി.
വിഷയം പ്രതിപക്ഷ നേതാക്കള്‍ നാളെ രാഷ്ര്ട്രപതിയുടെ മുമ്പാകെ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. പൊലീസ് കലാപം ആസൂത്രണം ചെയ്യുകയാണ്. കുട്ടികളെ തെരുവിലിറക്കാന്‍ പൊലീസ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നുഴഞ്ഞുകയറി . പൊലീസ് ഉദ്യോഗസ്ഥരുമായും സര്‍വകലാശാല അധികൃതരുമായും ഇ.ടി കൂടിക്കാഴ്ച നടത്തി.
കേരളഹൗസിലും ട്രാവന്‍കൂര്‍ഹൗസിലും താമസിക്കുന്ന അലീഗഢ് സര്‍വകലാശാല വിദ്യാര്‍ത്ഥികളെയും എം.പി സന്ദര്‍ശിച്ചു. സുപ്രീംകോടതി അഭിഭാഷകന്‍ ഹാരിസ് ബീരാനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

അതേസമയം, ജാമിയ മില്ലിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ തൊടുത്തുവിട്ട സമരാഗ്നി രാജ്യത്തെ ക്യാമ്പസുകളില്‍ ആളിപ്പടരുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരേയുണ്ടായ പൊലീസ് അതിക്രമത്തിലും പ്രതിഷേധിച്ച് രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങി. ഡല്‍ഹി, ഹൈദരാബാദ്, ലക്‌നോ, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, പട്‌ന, തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം വിദ്യാര്‍ത്ഥി പ്രതിഷേധം അലയടിക്കുകയാണ്. ജാമിയ സര്‍വകലാശാലയില്‍ ഇന്നലെയും പ്രതിഷേധം അരങ്ങേറി. പൊലീസ് നരനായാട്ടിനെതിരെ നടപടി വേണമെന്നും സംഭവം സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലയ്ക്കു പുറത്ത് പ്രതിഷേധിച്ചു. സംഘര്‍ഷത്തില്‍ പരുക്കേറ്റ വിദ്യാര്‍ത്ഥികളും പ്രതിഷേധത്തിനെത്തിയിരുന്നു. കൊടുംതണുപ്പിലും ഷര്‍ട്ടൂരി എറിഞ്ഞായിരുന്നു പ്രതിഷേധം. സാമൂഹിക പ്രവര്‍ത്തകര്‍ അടക്കം നിരവധിപേര്‍ പ്രതിഷേധത്തിന് പിന്തുണയുമായെത്തി. മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ്, ഹൈദരാബാദിലെ മൗലാന ആസാദ് നാഷണല്‍ ഉറുദു സര്‍വകലാശാല, എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ ക്ലാസുകളും പരീക്ഷകളും ബഹിഷ്‌കരിച്ചു. ലക്‌നോ നദ്‌വ കോളജിലും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി സംഘടിച്ചു. കോളജ് ക്യാമ്പസില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ പുറത്തിറങ്ങാതിരിക്കാന്‍ പൊലീസ് ഗേറ്റ് പൂട്ടിയിട്ടത് വിവാദമായി. മദ്രാസ് ഐ.ഐ.ടി, ബനാറസ് ഹിന്ദു സര്‍വകലാശാല, ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല, പോണ്ടിച്ചേരി സര്‍വകലാശാല, കൊല്‍ക്കത്ത ജാദവ്പൂര്‍ സര്‍വകലാശാല എന്നിവിടങ്ങളിലും ഐക്യദാര്‍ഢ്യ പ്രകടനങ്ങള്‍ നടന്നു. ഡല്‍ഹി സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് ആന്റ് ഹിസ്റ്ററി ഡിപ്പാര്‍ട്ട്‌മെന്റിലെ വിദ്യാര്‍ത്ഥികള്‍ സെമസ്റ്റര്‍ പരീക്ഷ ബഹിഷ്‌കരിച്ചു.