എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി: പ്രതികരണവുമായി ഇ.ശ്രീധരന്‍

കൊച്ചി: വരുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പ്രതികരണവുമായി മെട്രോമാന്‍ ഇ.ശ്രീധരന്‍. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ താന്‍ മത്സരാര്‍ത്ഥിയാകുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ശ്രീധരന്‍ പ്രതികരിച്ചു. ഇത് സംബന്ധിച്ച വാര്‍ത്ത ചിലരുടെ ഭാവന മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമമാണ് ഇ.ശ്രീധരന്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകും എന്നതു സംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മെട്രോയുടെ ഉദ്ഘാടന വേദിയില്‍ നിന്ന് ശ്രീധരനെ പ്രധാനമന്ത്രി നേരിട്ട് ഒഴിവാക്കുകയായിരുന്നുവെന്നും വരുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഉദ്ദേശിക്കുന്നതിനാലാണ് ഇതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം വേദിയില്‍ ഇരിപ്പിടമില്ലാഞ്ഞിട്ടും ശ്രീധരന്‍ കാര്യമായ പ്രതികരണം നടത്താതിരുന്നത് ഇതുകൊണ്ടാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളെല്ലാം അടിസ്ഥാനരഹിതമാണെന്നാണ് ശ്രീധരന്‍ പ്രതികരിച്ചത്.
കൊച്ചി മെട്രോയുടെ നിര്‍മാണം ഡിഎംആര്‍സി ഏറ്റെടുത്തത് കൊണ്ടു മാത്രമാണ് വിവാദങ്ങള്‍ ഉണ്ടാകാത്തതെന്ന് അദ്ദേഹം പറഞ്ഞു. അനാവശ്യ വിവാദങ്ങളുണ്ടാക്കി മെട്രോയുടെ അഭിമാനമുഹൂര്‍ത്തത്തെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. ആദ്യഘട്ടത്തില്‍ കൊച്ചി മെട്രോക്ക് സാമ്പത്തിക വിജയം പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള രണ്ടാം ഘട്ടത്തിന്റെ നിര്‍മാണം ഓഗസ്റ്റ് അവസാനത്തോടെ പൂര്‍ത്തിയാകുമെന്നു ശ്രീധരന്‍ പറഞ്ഞു. പേട്ടവരെയുള്ള നിര്‍മാണത്തില്‍ താന്‍ ഉണ്ടാകുമെന്നും എന്നാല്‍ പേട്ടയില്‍ നിന്ന് മെട്രോ നീട്ടുന്നുണ്ടെങ്കില്‍ അതിന്റെ പ്രവര്‍ത്തനങ്ങളില്‍ തന്റെ സേവനമുണ്ടാകില്ലെന്നും ശ്രീധരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
മെട്രോ ഉദ്ഘാടനവേദിയില്‍ നിന്ന് ഇ.ശ്രീധരനെ ഒഴിവാക്കിയത് സംസ്ഥാനത്ത് വന്‍ ചര്‍ച്ചാവിഷയമായിരുന്നു. പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തയച്ച് വിവാദം ഒഴിവാക്കുകയായിരുന്നു.

SHARE