റവന്യൂമന്ത്രിക്ക് പുല്ലുവില; മന്ത്രിയുടെ കുറിപ്പ് കീറി പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവ്

തിരുവനന്തപുരം: ദേശീയപാതയുടെ ഇരുവശവുമുള്ള ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് പാട്ടത്തിന് നല്‍കാന്‍ പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവ്. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ കുറിപ്പ് കീറായാണ് ബി.ഒ.ടി അടിസ്ഥാനത്തില്‍ പാട്ടത്തിന് നല്‍കാന്‍ പൊതുമരാമത്ത് വകുപ്പു സെക്രട്ടറി ആനന്ദ് സിങ് ഉത്തരവിറക്കിയിരിക്കുന്നത്.

റൂള്‍സ് ഓഫ് ബിസിനസ് പ്രകാരം സര്‍ക്കാര്‍ ഭൂമി റവന്യൂ വകുപ്പിന്റെ ഉടമസ്ഥയിലാണെന്നിരിക്കെയാണ് ഈ അധികാരം മറികടന്ന് പൊതുമരാമത്ത് വകുപ്പ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ 2019 ഡിസംബറില്‍ നടന്ന യോഗത്തിലെ ധാരണപ്രകാരമാണ് പൊതുമരാമത്ത് വകുപ്പില്‍ നിന്ന് ഫയല്‍ റവന്യൂ വകുപ്പിലേക്കെത്തുന്നത്. ഫയല്‍ പരിശോധിച്ച മന്ത്രി ചന്ദ്രശേഖരന്‍ ഭൂമിയുടെ അവകാശം റവന്യൂ വകുപ്പിനാണെന്ന് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ മടക്കി നല്‍കിയ ഫയലിലാണ് പൊതുമരാമത്ത് സെക്രട്ടറി ഉത്തരവ് ഇറക്കിയത്.