ഓര്‍മകള്‍ പൂത്തു നിന്നു; ഇ. അഹമ്മദിന്റെ ശബ്ദം പുനര്‍ജനിച്ചു

 

കണ്ണൂര്‍: ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യയുടെ നാവായിരുന്ന മുന്‍ കേന്ദ്രമന്ത്രി ഇ അഹമ്മദിന്റെ ശബ്ദം പുനര്‍ജനിച്ചു. ഹംദര്‍ദ് സര്‍വ്വകലാശാല കണ്ണൂര്‍ ക്യാമ്പസില്‍ പി.എ ഫൗണ്ടേഷന്‍ നടത്തിയ ഐക്യരാഷ്ട്ര സഭ മാതൃകാ സമ്മേളനത്തിലാണ് കണ്ണൂരിന്റെ ശബ്ദം വീണ്ടും ഉയര്‍ന്നത്.
രാജ്യാന്തര വിഷയങ്ങള്‍ ഉയര്‍ന്ന നിലവാരത്തോടെ അവതരിപ്പിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കാന്‍ ഇ. അഹമ്മദിന്റെ ഓര്‍മയ്ക്ക് ഒരു വര്‍ഷം തികയുന്ന ഘട്ടത്തിലാണ് മാതൃക ഐക്യരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചത്. ഒമാനിലെ അല്‍ഗുബ്ര ഇന്ത്യന്‍ സ്‌കൂളിന്റെ സഹകരണത്തോടെയാണ് പരിപാടി. രാജ്യത്തിനകത്തും പുറത്തുമുള്ള പതിനഞ്ചോളം സ്‌കൂളുകളില്‍ നിന്നുള്ള300 ഓളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. പരിപാടി ഇന്നും തുടരും.
ഇ.അഹ്മദിന്റെ മകന്‍ റഹീസ് അഹമ്മദ് പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ പ്രമുഖ വ്യവസായി ഡോ: പി മുഹമ്മദലി ഇ.അഹമ്മദിനെ അനുസ്മരിച്ചു. നാലുപതിറ്റാണ്ടിലധികം പാര്‍ലിമെന്റില്‍ ന്യൂനപക്ഷത്തിന്റെ ശബ്ദമായിരുന്ന അഹമ്മദിന്റെ സ്മരണകളുയര്‍ത്തി ‘വിശ്വ പൗരന്‍’ ഹൃസ്വചിത്രം പ്രദര്‍ശിപ്പിച്ചു. ഐക്യരാഷ്ട്ര സഭയില്‍ ഇ.അഹമ്മദ് നടത്തിയ പ്രസംഗങ്ങളുടെ സമാഹാരം കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഗോപീനാഥ് രവീന്ദ്രന്‍ ഡോ: പി മുഹമ്മദലിക്കു നല്‍കി പ്രകാശനം ചെയ്തു. വിദേശ കാര്യ സെക്രട്ടറി അനില്‍ വാധ്വ, പി.എ ഫൗണ്ടേഷന്‍ ചെയര്‍മാനും കേരള റോഡ്‌സ് ആന്റ് ബ്രിഡ്ജ്‌സ് വികസന കോര്‍പ്പറേഷന്‍ എം.ഡിയുമായ പി.എം മുഹമ്മദ് ഹനീഷ്,
ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, കെ.സി ജോസഫ് എം.എല്‍.എ, കെ.എം ഷാജി, വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, പി.കുഞ്ഞിമുഹമ്മദ് അഡ്വക്കറ്റ് പി.മഹമൂദ് ഡോ.ടി.പി മമ്മൂട്ടി, നൗഷാദ് പങ്കെടുത്തു.
ഹംദര്‍ദ് സര്‍വകലാശാല, ഏഴിമല നേവല്‍ അക്കാദമി എന്നിവ ഒരുക്കുന്ന പ്രദര്‍ശനവും ഇ.അഹമ്മദ് ജീവിതയാത്ര പ്രദര്‍ശനവും കെ.എം ഷാജി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ലോക സമാധാനം, പരിസ്ഥിതി, സമ്പദ് വ്യവസ്ഥ, ആരോഗ്യം, മനുഷ്യാവകാശം, വിവര സാങ്കേതിക വിദ്യ, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നീ വിഷയങ്ങളില്‍ ഇന്ന് സംവദിക്കും.

SHARE