ആര്‍.എസ്.എസ് പരിപാടി നടക്കുമ്പോള്‍ കടകളടക്കുന്നതിനോട് യോജിപ്പില്ലെന്ന് ഡി.വൈ.എഫ്.ഐ

കോഴിക്കോട്: ആര്‍.എസ്.എസിന്റെ നേതൃത്വത്തില്‍ പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ച് പരിപാടികള്‍ നടക്കുമ്പോള്‍ കടകളടച്ച് പ്രതിഷേധിക്കുന്നതിനോട് യോജിപ്പില്ലെന്ന് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ്. അത് സമൂഹത്തില്‍ ചേരിതിരിവുണ്ടാക്കാനുള്ള ന്യൂനപക്ഷ തീവ്രവാദ സംഘടനകളുടെ ശ്രമത്തിന്റെ ഭാഗമാണെന്നും റിയാസ് ആരോപിച്ചു. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍.എസ്.എസ് പൗരത്വനിയമത്തെ അനുകൂലിച്ച് പരിപാടി നടക്കുന്ന സ്ഥലങ്ങളിലെല്ലാം ജനങ്ങള്‍ ജാതി മത ഭേദമന്യേ കടകളടച്ച് പ്രതിഷേധിച്ചിരുന്നു. എന്നാല്‍ പലയിടത്തും വര്‍ഗീയധ്രുവീകരണത്തിന് ശ്രമിച്ചുവെന്നാരോപിച്ച് പൊലീസ് വ്യാപാരികള്‍ക്കെതിരെ കേസെടുത്തിരുന്നു. ഇത് സര്‍ക്കാര്‍ നിലപാടിന്റെ ഭാഗമാണെന്ന് വ്യക്തമാക്കുന്നതാണ് ഡി.വൈ.എഫ്.ഐ നേതാവിന്റെ പുതിയ പ്രഖ്യാപനം.

കടകളടക്കുന്നതിന് പിന്നില്‍ എസ്.ഡി.പി.ഐ പോലുള്ള സംഘടനകളുടെ നിര്‍ബന്ധമാണെന്ന അടിസ്ഥാനരഹിതമായ ആരോപണവും റിയാസ് ഉന്നയിച്ചു. പൗരത്വഭേദഗതി നിയമത്തിനെതിരായ മഹല്ല് പരിപാടികളില്‍ എസ്.ഡി.പി.ഐ നുഴഞ്ഞുകയറി പ്രശ്‌നങ്ങളുണ്ടാക്കിയെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് പ്രധാനമന്ത്രി വരെ ഏറ്റെടുത്തിരുന്നു. അത്തരത്തില്‍ സംഘപരിവാര്‍ വാദങ്ങള്‍ക്ക് ബലമേകുന്ന നിലപാടാണ് ഇപ്പോള്‍ ഡി.വൈ.എഫ്.ഐയും സ്വീകരിക്കുന്നത്.

SHARE