തനിക്ക് കൊറോണ ഇല്ലെന്ന് ഡിബാല; ക്രിസ്റ്റിയാനോ അടക്കം യുവന്റസിന്റെ 121 പേര്‍ നിരീക്ഷണത്തില്‍

ലണ്ടന്‍: അര്‍ജന്റീന താരം പൗളോ ഡിബാലയ്ക്ക് കൊവിഡ്19 സ്ഥിരീകരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി അദ്ദേഹത്തിന്റെ ക്ലബ്ബായ യുവന്റസ്. ഇത്തരത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും താന്‍ സ്വയം നിരീക്ഷണത്തിലാണെന്നും ഡിബാലയും ട്വീറ്റ് ചെയ്തു. യുവന്റസ് താരങ്ങളും പരിശീലകരും ഉള്‍പ്പെടെ ടീമുമായി ബന്ധപ്പെട്ട 121 പേരാണ് നിരീക്ഷണത്തിലുള്ളത്.

നേരത്തെ ഇറ്റാലിയന്‍ മാധ്യമമായ എല്‍ നാസിയോണല്‍ ഡിബാലയ്ക്ക് കൊവിഡ്19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഡിബാലയുടെ അടുത്ത ബന്ധുവിനെ ഉദ്ധരിച്ചായിരുന്നു ഈ റിപ്പോര്‍ട്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ട് തള്ളി ഡിബാലയും യുവന്റസും രംഗത്തെത്തുകയായിരുന്നു.

കഴിഞ്ഞ ദിവസം യുവന്റസിന്റെ പ്രതിരോധ താരം ഡാനിയല്‍ റുഗാനിയ്ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് യുവന്റസ് എല്ലാ മത്സരങ്ങളും നിര്‍ത്തിവെയ്ക്കുകയും ക്ലബ്ബുമായി ബന്ധപ്പെട്ട എല്ലാവരോടും നിരീക്ഷണത്തില്‍ ഇരിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. സീരി എയിലെ മത്സരങ്ങളെല്ലാം റദ്ദാക്കിയതിനാല്‍ യുവന്റസിന്റെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ ജന്മനാടായ പോര്‍ച്ചുഗലിലേക്ക് മടങ്ങിയിരുന്നു. നിലവില്‍ വീട്ടില്‍ സ്വയംനിരീക്ഷണത്തിലാണ് ക്രിസ്റ്റിയാനോ.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ആഴ്‌സണലിന്റെ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ, ചെല്‍സിയുടെ കൗമാരതാരം കല്ലം ഹസ്ഡന്‍ഒഡോയ് എന്നിവര്‍ക്കും കൊവിഡ്19 സ്ഥിരീകരിച്ചിരുന്നു. അര്‍ട്ടേറ്റയുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന മുഴുവന്‍ താരങ്ങളേയും നിരീക്ഷണത്തിലേക്ക് മാറ്റിയ ആഴ്‌സണല്‍ പരിശീലന കേന്ദ്രം താല്‍ക്കാലികമായി അടക്കുകയും ചെയ്തു. ഒഡോയി പോസ്റ്റീവായ സാഹചര്യത്തില്‍ ചെല്‍സിയും കരുതല്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.