രോഗമുക്തനാവാതെ ഡിബാല; കോവിഡ് പരിശോധനാ ഫലം വീണ്ടും പോസിറ്റീവ്


ടൂറിന്‍: കോവിഡില്‍ നിന്ന് മുക്തി നേടാനാവാതെ യുവന്റസിന്റെ അര്‍ജന്റൈന്‍ താരം പൗളോ ഡിബാല. ആറാഴ്ചയ്ക്കിടെ നടത്തിയ നാലാമത്തെ ടെസ്റ്റും പോസിറ്റീവാവുകയായിരുന്നു. താരത്തോട് പൂര്‍ണ വിശ്രമത്തിലിരിക്കാനണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. നേരത്തെ രോഗത്തിന്റെ തീവ്രത കുറഞ്ഞിട്ടുണ്ടെന്നും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരികയാണെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ അറിയിച്ചിരുന്നു.

മാര്‍ച്ച് 21നാണ് ഡിബാല തനിക്കും കാമുകി ഒറിയാനയ്ക്കും കൊവിഡ്-19 ബാധിച്ചതായി അറിയിച്ചത്. ഇതിനുശേഷം നാലു തവണ താരത്തെ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും പോസിറ്റീവ് തന്നെയാണ് ഫലം. തനിക്ക് കടുത്ത രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായി ഡിബാല നേരത്തെ പറഞ്ഞിരുന്നു. മെയ് നാലിന് സീരി എയില്‍ വിവിധ ടീമുകളില്‍ കളിക്കുന്ന താരങ്ങളോട് പരിശീലനത്തില്‍ പങ്കെടുക്കാമെന്ന് ഗ്വിസെപ്പെ കോന്റെ അറിയിച്ചിരുന്നു.

എന്നാല്‍ ഡിബാലക്ക് കൊവിഡ് വിട്ടുമാറാത്തത് ആശങ്കയുണ്ടാക്കും. താരത്തിന് പൂര്‍ണ വിശ്രമം നിര്‍ദേശിച്ചതിനാല്‍ പരിശീലനത്തില്‍ പങ്കെടുക്കാനായേക്കില്ല. യുവന്റസിലെ മറ്റ് കളിക്കാരായ ഡാനിയേല്‍ റുഗാനിയും ബ്ലെയ്‌സ് മറ്റിയുഡിയും രോഗമുക്തരായിരുന്നു. സഹതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇപ്പോള്‍ പോര്‍ച്ചുഗലിലെ സ്വന്തം വീട്ടില്‍ വിശ്രമത്തിലാണ്.

കളിക്കാര്‍ പൂര്‍ണ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തിയാല്‍ മാത്രമേ മത്സരങ്ങള്‍ ആരംഭിക്കാന്‍ കഴിയുകയുള്ളൂ. യൂറോപ്പില്‍ കൊവിഡ് വ്യാപനം ഇതുവരെ നിയന്ത്രിക്കാനായിട്ടില്ല. യൂറോപ്യന്‍ ഫുട്‌ബോള്‍ ലീഗുകളെല്ലാം അനിശ്ചിതമായി നീളുകയാണ്. ബെല്‍ജിയം ലീഗ്, ഡച്ച് ലീഗ്, ഫ്രഞ്ച് ലീഗ് എന്നിവ ഈ സീസണ്‍ റദ്ദാക്കുകയും ചെയ്തു.