ബ്ലാസ്റ്റേഴ്‌സിന് ആഘാതം, സിഫ്‌നിയോസ് മടങ്ങി; നിര്‍ണായകഘട്ടത്തില്‍ പകരക്കാരനും ഉറപ്പില്ല

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിലെ സൂപ്പര്‍ താരം മാര്‍ക് സിഫ്‌നിയോസ് ക്ലബ്ബ് വിട്ടു. ഐഎസ്എല്ലില്‍ ബ്ലാസ്‌റ്റേഴ്‌സ് നിരയിലെ മികച്ച കളിക്കാരനായിരുന്നു സിഫ്‌നിയോസ്. ഈ സീസണില്‍ ടീമിനായി ആദ്യ ഗോള്‍ നേടിയ ഡച്ച് താരം പിന്നീട് 12 കളികളില്‍ നിന്നും നാല് ഗോളുകള്‍ സ്വന്തമാക്കിയിരുന്നു.

19കാരനായ സിഫ്‌നിയോസിന്റെ പിന്മാറ്റത്തിന്റെ കാരണം എന്താണെന്ന് പുറത്തുവന്നിട്ടില്ല. ഐഎസ്എല്ലിന്റെ പുതിയ അതിന്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ മികച്ച ഒരു താരം പിന്മാറുന്നത് ബ്ലാസ്‌റ്റേഴ്‌സിന് കടുത്ത തലവേദനയായിരിക്കും. സിഫ്‌നിയോസിന്റെ അഭാവം ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടി നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല. താരത്തിന്റെ പിന്മാറ്റം ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റ നിരയുടെ കരുത്ത് കുറക്കും. സിഫ്‌നിയോസിന്റെ സംഭാവനകള്‍ക്ക് ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് നന്ദി അറിയിച്ചു.

നേരത്തെ ടീമിന്റെ പരിശീലകനായിരുന്ന റെനെ മ്യൂളന്‍സ്റ്റീനും ബ്ലാസ്‌റ്റേഴ്‌സ് വിട്ടിരുന്നു. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ രണ്ടു കളികളിലും സിഫ്‌നിയോസ്  പകരക്കാരനായിട്ടായിരുന്നു ഇറങ്ങിയത്. രണ്ടു മത്സരങ്ങളിലും ബ്ലാസ്‌റ്റേഴ്‌സിനു ഗോളൊന്നും നേടാന്‍ കഴിയാത്തതിനാല്‍ മൂന്നാം മത്സരത്തില്‍ റെനെ മ്യൂളന്‍സ്റ്റീന്‍ ആദ്യ ഇലവനില്‍ തന്നെ താരത്തെ പരീക്ഷിക്കുകയായിരുന്നു. റെനെയുടെ തീരുമാനത്തെ ശരി വെച്ച് സിഫ്‌നോസ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഗോളും മത്സരത്തില്‍ നേടിയിരുന്നു. ടീം വിടുന്ന കാര്യം സിഫിനിയോസിസ് മാനേജ്‌മെന്റുമായി ചര്‍ച്ച ചെയ്തിരുന്നതായും പരസ്പര ധാരണയോടെയാണ് തീരുമാനമെടുത്തതെന്നും കേരള ബ്ലാസ്‌റ്റേഴ്‌സ് മീഡിയ മാനേജര്‍ പറഞ്ഞു. നേരത്തെ ടീം വിട്ടതിന് പിന്നാലെ പരിശീലകന്‍ റെനെ മ്യൂളന്‍സ്റ്റീന്‍ ക്യാപ്റ്റന്‍ സന്ദേശ് ജിംഗനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരുന്നു. ജിംഗന്‍ പ്രൊഫഷണല്‍ താരമല്ലെന്നും മത്സര തലേന്ന് പുലരുവോളം പാര്‍ട്ടിയും മദ്യപാനവുമാണ് ജിംഗന്റെ വിനോദമെന്നും റെനെ ആരോപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം നിഷേധിച്ച് സി.കെ വിനീതും ജിംഗനും രംഗത്തു വന്നിരുന്നു.