ഉത്തരേന്ത്യയെ വിറപ്പിച്ച് കൊടുങ്കാറ്റ്; നൂറിലേറെ മരണം, വന്‍ നാശനഷ്ടങ്ങള്‍

ന്യൂഡല്‍ഹി: ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ആഞ്ഞുവീശുന്ന കൊടുങ്കാറ്റില്‍ 109 മരണം. അമിതവേഗതയില്‍ ആഞ്ഞുവീശുന്ന പൊടിക്കാറ്റും ഇടിമിന്നലും മഴയും കാരണമായി ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളിലായി 64 പേരും രാജസ്താനില്‍ 27 പേരുമാണ് കൊല്ലപ്പെട്ത്. യു.പിയില്‍ 50-ലേറെ പേര്‍ക്കും രാജസ്താനില്‍ നൂറിലേറെ പേര്‍ക്കും പരിക്കുണ്ട്. ഇരുന്നൂറോളം കന്നുകാലികളും മറ്റു മൃഗങ്ങളും കൊല്ലപ്പെട്ടിട്ടുണ്ട്.

യു.പിയിലെ ആഗ്ര ജില്ലയില്‍ മാത്രം 36 പേര്‍ മരിച്ചു. ബിജ്‌നോര്‍, ബറേലി, സഹാറന്‍പൂര്‍, പിലിഭിത്ത്, ഫിറോസാബാദ്, മഥുര, റായ്ബറേലി, ഉന്നാവ് തുടങ്ങിയ ജില്ലകളെയും പ്രകൃതി ദുരന്തം സാരമായി ബാധിച്ചു. രാജസ്താനിലെ ഭരത്പൂര്‍, അല്‍വാര്‍, ധൗല്‍പൂര്‍, ഝുന്‍ഝുനു ജില്ലകളിലും കാറ്റ് വിനാശകാരിയായി. ഛത്തിസ്ഗഡിലും പശ്ചിമ മധ്യപ്രദേശിലും വിദര്‍ഭയിലും കാലംതെറ്റി മഴ പെയ്യുന്നുണ്ട്.

കാറ്റ് പൂര്‍ണമായി അടങ്ങാത്തതിനാല്‍ മരണനിരക്കും നാശനഷ്ടങ്ങളും സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മിക്ക നഗരങ്ങളിലും വൈദ്യുതി ബന്ധങ്ങള്‍ വിച്ഛേദിച്ചത് ജനജീവിതത്തെ സാരമായി ബാധിച്ചു. ഉത്തര്‍പ്രദേശില്‍ മെയ് അഞ്ച് വരെ ജാഗ്രതാ നിര്‍ദേശമുണ്ട.്