ന്യൂഡല്‍ഹി: പ്രത്യേക സി.ബി.ഐ കോടതി ജഡ്ജ് ബി.എച്ച് ലോയയുടെ മരണം സംബന്ധിച്ച കേസില്‍ സുപ്രീം കോടതിയില്‍ ചൂടേറിയ വാദം തുടരുന്നു. ലോയയുടെ മരണത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബോംബെ ലോയേഴ്സ് അസോസിയേഷനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ദുഷ്യന്ത ദവെ, രണ്ട് ജഡ്ജിമാരടക്കം പതിനൊന്നു പേരെ വിസ്തരിക്കാന്‍ അനുവദിക്കണമെന്ന് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബെഞ്ചിനു മുമ്പാകെ ആവശ്യപ്പെട്ടു. ഇതാദ്യമായാണ് നിലവിലുള്ള ജഡ്ജിമാരെ വിസ്തരിക്കണമെന്ന് സുപ്രീം കോടതിയില്‍ ആവശ്യമുയരുന്നത്.
This is massive- Judge Loya’s death: Lawyer Dushyant Dave files application seeking to examine 11 persons including two judges via @JantaKaReporter https://t.co/AzX8T46Rfd
— Rifat Jawaid (@RifatJawaid) February 5, 2018
ലോയയുടെ മരണത്തെ കുറിച്ച് അറിവുണ്ടെന്ന് കരുതുന്ന പൂനെ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ജഡ്ജ് എസ്.എം മൊഡാക്, ഗ്രേറ്റര്‍ ബോംബെ സിറ്റി സിവില്‍ സെഷന്‍സ് കോടതി ജഡ്ജ് വിജയ് സി. ബാഡ്രെ എന്നിവരെയും മഹാരാഷ്ട്ര ഇന്റലിജന്‍സ് ഡി.ജി സഞ്ജീവ് ബര്‍വെ, കാരവന് മാഗസിന് റിപ്പോര്‍ട്ടര്‍ നിരഞ്ജന് ടാക്ലെ തുടങ്ങിയവരെയും ക്രോസ് വിസ്താരം ചെയ്യാന്‍ അനുവദിക്കണമെന്ന അപേക്ഷയാണ് ദവെ സമര്‍പ്പിച്ചത്. ഇവര്‍ക്കു പുറമെ ജസ്റ്റിസ് ലോയയുടെ മകന് അനുജ്, ഭാര്യ ശര്‍മിള, പിതാവ് ഹരി കിഷന് ലോയ, സഹോദരി അനുരാധ ബിയാനി എന്നിവരെയും വിസ്തരിക്കാന്‍ അനുവദിക്കണമെന്ന് അപേക്ഷയില്‍ പറയുന്നു.
സി.ബി.ഐ ജഡ്ജായിരുന്ന ജസ്റ്റിസ് ലോയയുടെ അകാല മരണത്തില്‍ മഹാരാഷ്ട്ര സര്‍ക്കാറിന്റെ അലംഭാവം പ്രകടമാണെന്ന് തെളിവുകളില്‍ നിന്ന് വ്യക്തമാണെന്നും, അതേപ്പറ്റി അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നവര്‍ക്കെതിരെ ദുര്‍വാശിയോടെയാണ് സംസ്ഥാന സര്‍ക്കാര്‍ നിലകൊള്ളുന്നതെന്നും ദവെ വാദിച്ചു.
‘കാരവന് റിപ്പോര്‍ട്ടര്‍ അടക്കമുള്ള സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകരുടെ അന്വേഷണത്തിലൂടെ പൊതുജന സമക്ഷത്തില്‍ വന്ന വിവരങ്ങളും കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഹാജരാക്കിയ സാക്ഷികളുടെ മൊഴികളും തമ്മില്‍ വൈരുധ്യമുണ്ട്. സംസ്ഥാനം തയ്യാറാക്കിയ റിപ്പോര്ട്ടിന്മേല് മാത്രം ഊന്നി നില്ക്കുകയാണെങ്കില് സത്യം പുറത്തു വരികയില്ല. മേല്‍ പറഞ്ഞ ആളുകളുടെ പ്രസ്താവനകള്‍ കൂടി ക്രോസ് വിസ്താരം നടത്തി രേഖപ്പെടുത്തുന്നതായിരിക്കും നീതിയുടെ താല്പര്യത്തിന് അനുയോജ്യം’ – ദവെ വാദിച്ചു.
A very imp application filled by Dushyant Dave in Judge Loya’s murky death case. How can court rely on an unattested self serving report of a Govt represented by Shah’s lawyers without allowing persons whose statements are relied on to be cross-examined?https://t.co/MJlaCtTHjm
— Prashant Bhushan (@pbhushan1) February 5, 2018
ലോയയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ എടുത്തു മാറ്റുകയും ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍ അദ്ദേഹത്തിന് സുരക്ഷ നല്കുന്നതില് പരാജയപ്പെടുകയും ചെയ്ത മഹാരാഷ്ട്ര സര്‍ക്കാറിനെതിരെ ദവെ ആഞ്ഞടിച്ചു. ലോയയുടെ മരണത്തെപ്പറ്റി സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യത്തെ പോലും എതിര്‍ക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ലോയയുടെ ശവപ്പെട്ടിയില്‍ അവസാന ആണിയടിക്കുകയാണെന്നും ദവെ പറഞ്ഞു.
കാരവന് റിപ്പോര്‍ട്ടര്‍, ജസ്റ്റിസ് ലോയയുടെ കുടുംബം എന്നിവരെ വിസ്തരിക്കാന്‍ ഹര്‍ജിക്കാരുടെ അഭിഭാഷകന് അവസരം ലഭിച്ചാല്‍ കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടാകുമെന്നാണ് കരുതുന്നത്. സഹോദദരി അനുരാധ ബിയാനിയും പിതാവ് ഹരികിഷന് ലോയയും നല്കിയ വിവരങ്ങള്‍ കാരവന് റിപ്പോര്‍ട്ടിലെ നിര്‍ണായക ഭാഗമായിരുന്നു. അതേസമയം, ലോയയുടെ മകന് അനൂജ് ഈയിടെ, കേസില്‍ അന്വേഷണം വേണ്ടെന്ന് പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.