ഐതിഹാസിക ജയം; ഡ്യൂറന്റ് കപ്പ് ഗോകുലം കേരളക്ക്


രണ്ടു പതിറ്റാണ്ടിനു ശേഷം ഡ്യൂറണ്ട് കപ്പ് ആദ്യമായി കേരളത്തിലേക്ക് എത്തുന്നു. ശക്തരായ മോഹന്‍ ബഗാനെ പരാജയപ്പെടുത്തി ഗോകുലം എഫ്.സി കിരീടത്തില്‍ മുത്തമിട്ട് കേരളത്തിന്റെ അഭിമാനമുയര്‍ത്തി. ശക്തമായ പോരാട്ടം കണ്ട മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ഗോകുലം കേരളത്തിന്റെ വിജയം.

ടൂര്‍ണമെന്റില്‍ മുഴുവന്‍ കളിയിലും മിന്നും പ്രകടനം കാഴ്ചവെച്ച ക്യാപ്റ്റന്‍ കൂടിയായ മാര്‍കസ് ജോസഫ് തന്നെയാണ് ഫൈനലിലെയും വിജയശില്‍പി. രണ്ടു ഗോളുകളും മാര്‍കസിന്റെ വകയായിരുന്നു.

ആദ്യ പകുതിയിലെ അവസാന നിമിഷങ്ങളില്‍ ഗോകുലം കേരള എഫ്.സി ആണ് ആദ്യം ഗോളടിച്ചത്. ഹെന്റി കിസേകയെ പെനാല്‍ട്ടി ബോക്‌സില്‍ ദെബിജിത് മജുംദാര്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍ട്ടിയാണ് ആ ഗോളിലേക്ക് വഴിവെച്ചത്. കിക്കെടുത്ത മാര്‍കസിന് ഒട്ടും പിഴച്ചില്ല.

ഗോള്‍ നേടിയതിന്റെ ആധിപത്യത്തില്‍ രണ്ടാം പകുതിയില്‍ ഗോകുലം ഒന്നൂടെ ഉണര്‍ന്നു കളിച്ചു. ആ മേല്‍ക്കോയ്മ ഫലം കണ്ടു. 54ാം മിനിറ്റില്‍ ഇടതു വിങ്ങിലൂടെ കുതിച്ചെത്തിയ മാര്‍കസ് രണ്ടാമതും ഗോള്‍ സ്‌കോര്‍ ചെയ്തു. മാര്‍കസിന്റെ ടൂര്‍ണമെന്റിലെ 11ാമത്തെ ഗോള്‍ കൂടിയായിരുന്നു ഇത്.

64ാം മിനിറ്റില്‍ ബഗാന്‍ താരത്തിന്റെ ഫ്രീകിക്കില്‍ നിന്ന് വന്ന ഹെഡര്‍ പിടിച്ചു നിര്‍ത്തുന്നതില്‍ ഗോകുലം ഗോള്‍ കീപ്പര്‍ ഉബൈദ് പരാജയപ്പെട്ടു. ഉബൈദിന്റെ കൈയില്‍ നിന്ന വഴുതി അത് ബോക്‌സിനുള്ളിലേക്ക് കയറിയതോടെ മോഹന്‍ ബഗാന് ആശ്വാസ ഗോളായി. അതിനെ തുടര്‍ന്ന് മോഹന്‍ ബഗാന്‍ നിരന്തരമായി കേരള ഗോള്‍മുഖത്ത് വെല്ലുവിളിയുയര്‍ത്തിയെങ്കിലും പ്രയോജനപ്പെടുത്താനായില്ല.
1997-ല്‍ എഫ്.സി കൊച്ചിന്‍ മാത്രമാണ് ഇതിനു മുമ്പ് ഡ്യൂറണ്ട് കപ്പ് കിരീടം നേടിയ കേരളാ ക്ലബ്. ഗോകുലം കേരള എഫ്.സിയുടെ ദേശീയ തലത്തിലുള്ള ആദ്യ പ്രധാന കിരീടവുമാണിത്.