വധശിക്ഷയ്ക്ക് വിധിച്ച നിര്‍ഭയ കേസിലെ പ്രതികളുടെ ഡമ്മികള്‍ തൂക്കിലേറ്റി

വധശിക്ഷയ്ക്ക് വിധിച്ച നിര്‍ഭയ ബലാത്സംഗ കേസിലെ പ്രതികളുടെ ഡമ്മികള്‍ തൂക്കിലേറ്റിയതായി തിഹാര്‍ ജയില്‍ അധികൃതര്‍. പ്രതികളുടെ ഭാരം അനുസരിച്ച് കല്ലുകളും മറ്റു വസ്തുക്കളും ഉപയോഗിച്ചാണ് ഡമ്മി നിര്‍മിച്ചത്. ആരാച്ചാരല്ല തൂക്കിലേറ്റിയതെന്നും ജയിലിലെ ഒരു ഉദ്യോഗസ്ഥനാണ് ഡമ്മികളെ തൂക്കിലേറ്റിയതെന്നും അധികൃതര്‍ അറിയിച്ചു.
നിര്‍ഭയ കേസിലെ പ്രതികളെ ഈ മാസം 22ന് തൂക്കിലേറ്റുന്നതിന് ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

ഇതിനിടെ തൂക്കിലേറ്റാന്‍ വിധിച്ച നാല് പ്രതികളില്‍ രണ്ടു പേര്‍ സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജികള്‍ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ഹര്‍ജി കോടതി തള്ളിയാല്‍ വിനയ് ശര്‍മ, മുകേഷ് എന്നിവരെ കൂടാതെ പവന്‍, അക്ഷയ് എന്നീ പ്രതികളേയും 22ന് തന്നെ തൂക്കിലേറ്റും. ഇതിന്റെ മുന്നോടിയായാണ് ഇന്ന് പ്രതികളുടെ ഡമ്മികള്‍ തൂക്കിലേറ്റിയത്.

SHARE