ശ്രീദേവിയുടെ മരണം: ഹൃദയം തകര്‍ന്നുവെന്ന് ദുല്‍ഖര്‍; ശ്രീദേവിയില്‍ നിന്നേറ്റുവാങ്ങിയ പുരസ്‌കാരം ഇന്നും ഓര്‍ക്കുന്നു

കൊച്ചി: അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിക്ക് ആദരാഞ്ജലികളര്‍പ്പിച്ച് യുവനടന്‍ ദുല്‍ഖര്‍ സല്‍മാന്‍. വാപ്പച്ചിക്ക് വേണ്ടി ശ്രീദേവിയില്‍ നിന്ന് ഏറ്റുവാങ്ങിയ പുരസ്‌കാരം തനിക്ക് ഇന്നും ഓര്‍മ്മയുണ്ടെന്ന് ദുല്‍ഖര്‍ പറയുന്നു. മുംബൈയിലെ ആന്റില പാര്‍ട്ടിയിലാണ് അവസാനമായി ശ്രീദേവി മാമിനെ കാണുന്നതെന്ന് പറഞ്ഞ ദുല്‍ഖര്‍ പുരസ്‌കാരം ഏറ്റുവാങ്ങുന്ന ചിത്രവും ഫേസ്ബുക്കില്‍ പങ്കുവെച്ചു.

അതേസമയം, മരണത്തിനു തൊട്ടുമുമ്പുള്ള ശ്രീദേവിയുടെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായി. ബന്ധുവും ബോളിവുഡ് താരവുമായ മോഹിത് മര്‍വയുടെ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ദുബായിലെത്തിയപ്പോഴായിരുന്നു ശ്രീദേവിയും കുടുംബവും.

കുടുംബസമേതം റാസല്‍ഖൈമയില്‍ എത്തിയ ശ്രീദേവി വേദിയിലേക്ക് വരുന്ന വീഡിയോയും വിവാഹത്തില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളുമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. വിവാഹവേദിയില്‍ അതിഥികള്‍ക്കൊപ്പം സംസാരിക്കുന്ന ശ്രീദേവിക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നും പ്രകടമായിരുന്നില്ല. ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ നീണ്ട ആഘോഷ പരിപാടികളില്‍ ശ്രീദേവി സജീവമായി പങ്കെടുത്തിരുന്നു. റാസല്‍ഖൈമ വാര്‍ഡോര്‍ഫ് അസ്‌റ്റോറിയ ഹോട്ടലില്‍ നടന്ന ചടങ്ങുകള്‍ക്ക് ശേഷം രാത്രി ദുബൈയില്‍ എത്തിയപ്പോഴാണ് ശ്രീദേവിക്ക് ഹൃദയാഘാതം അനുഭവപ്പെട്ടത്.