കൊച്ചി; കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറിപ്പിന്റെ കഥ പറയുന്ന ദുല്‍ഖര്‍ സല്മാന് ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സുകുമാരക്കുറിപ്പ് കൊലപ്പെടുത്തിയ ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയുടെ ഭാര്യയും മകനും. റിലീസിന് മുമ്പ് സിനിമകാണണമെന്നും സുകുമാരക്കുറുപ്പിനെ മഹത്വവല്‍ക്കരിക്കുന്നതോ കൊല്ലപ്പെട്ട ചാക്കോയെ അപകീര്‍ത്തിപ്പെടുത്തുന്നതോ ആയ ഒന്നും സിനിമയില്‍ ഇല്ലെന്നു ബോധ്യപ്പെടുത്തണമെന്നുമാണ് ഇവരുടെ ആവശ്യം.
ചാക്കോയുടെ ഭാര്യ ആലപ്പുഴ കരളകം ആലപ്പാട് കണ്ടത്തില്‍ ശാന്തമ്മയും (62) മകന് ജിതിനു(36)മാണ് ചിത്രത്തിലെ നായകനും നിര്‍മാതാവുമായ ദുല്‍ഖര്‍ സല്‍മാനു വക്കീല്‍ നോട്ടിസ് അയച്ചത്. ചാക്കോ കൊല്ലപ്പെടുമ്പോള്‍ ശാന്തമ്മ ആറുമാസം ഗര്‍ഭിണിയായിരുന്നു. ജിതിന് ഏക മകനാണ്. ഈ സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ആരും തന്നെയോ കുടുംബത്തെയോ സമീപിക്കുകയോ അനുവാദം വാങ്ങുകയോ ചെയ്തിട്ടില്ലെന്നുമാണ് ശാന്തമ്മ പറയുന്നത്.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസറില്‍, യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമയെന്നും അതില്‍ സുകുമാരക്കുറുപ്പിന്റെ ദുഷ്പ്രവൃത്തികളെ ന്യായീകരിക്കത്തക്ക വിവരണം ഉണ്ടായിരുന്നു എന്നും അഡ്വ.ടി.ടി.സുധീഷ് മുഖേന അയച്ച വക്കീല്‍ നോട്ടിസില്‍ ആരോപിക്കുന്നു. ശ്രീനാഥ് രാജേന്ദ്രനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഇന്ദ്രജിത്തും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നതിനുവേണ്ടിയാണ് സുകുമാരക്കുറിപ്പ് ചാക്കോയെ കൊലപ്പെടുത്തിയത്.