ദുബായിലെ ‘അണ്‍ലോക്ക്’; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്

കോവിഡ് മൂലം ലോക്ക്ഡൗണിലായ ദുബായിലെ ജനജീവിതം പതുക്കെ സാധാരണ നിലയിലേക്ക് മാറുകയാണ്. എന്നാല്‍ കോവിഡുമായിി ബന്ധപ്പെട്ട മുന്നറിയിപ്പുകളോടു മുഖം തിരിക്കരുതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. റെസ്റ്ററന്റുകള്‍, വാണിജ്യവ്യാപാര സ്ഥാപനങ്ങള്‍, ഉല്ലാസകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പോകുമ്പോള്‍ ഭീഷണി ഒഴിഞ്ഞിട്ടില്ലെന്ന തിരിച്ചറിവുണ്ടാകണമെന്നും മുന്നറിയിപ്പ് ലംഘിക്കുന്നവര്‍ ശിക്ഷാനടപടികള്‍ക്കു വിധേയരാകേണ്ടിയും വരുമെന്നും അധികൃതര്‍ അറിയിച്ചു.

റസ്റ്ററന്റുകളിലടക്കം ഉള്‍ക്കൊള്ളാവുന്നതിന്റെ 50% പേര്‍ക്കുമാത്രമാണ് പ്രവേശനമെന്നിരിക്കെ മുന്‍കൂട്ടി ബുക്ക് ചെയ്ത് പോകണം. 60 വയസു കഴിഞ്ഞവര്‍, 12 വയസില്‍ താഴെയുള്ളവര്‍, രോഗങ്ങളുള്ളവര്‍ എന്നിവരെ കഴിയുന്നതും പൊതുസ്ഥലങ്ങളില്‍ കൊണ്ടുപോകരുത്.

റസ്റ്ററന്റുകള്‍, ഹോട്ടലുകള്‍

അകലം പാലിക്കാന്‍ സന്ദര്‍ശകരും ജീവനക്കാരും ശ്രദ്ധിക്കണം. മേശകള്‍ തമ്മില്‍ 2 മീറ്റര്‍ അകലമുണ്ടാകണം. സന്ദര്‍ശകരുടെയും ജീവനക്കാരുടെയും ശരീരോഷ്മാവ് പരിശോധിക്കണം. 37.5 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലാണെങ്കില്‍ പ്രവേശനമില്ല. മാസ്‌ക് നിര്‍ബന്ധമാണെങ്കിലും സീറ്റില്‍ ഇരുന്നുകഴിഞ്ഞാല്‍ മാറ്റാം. ടിഷ്യൂ പേപ്പറില്‍ പൊതിഞ്ഞ് ഭദ്രമായി ബാഗില്‍ സൂക്ഷിക്കണം. മേശപ്പുറത്തോ സീറ്റുകളിലോ വയ്ക്കരുത്.

ഒരു തവണ മാത്രം ഉപയോഗിക്കാവുന്ന (ഡിസ്‌പോസബിള്‍) പാത്രങ്ങളിലാണ് ഭക്ഷണം വിളമ്പേണ്ടത്.

ജിംനേഷ്യം, വ്യായാമ കേന്ദ്രങ്ങള്‍

ഏറെ നാളുകള്‍ക്കു ശേഷം തുറന്ന ജിംനേഷ്യത്തിലും മറ്റു വ്യായാമ കേന്ദ്രങ്ങളിലും മുന്‍കൂട്ടി ബുക്ക് ചെയ്ത ശേഷം പോകുന്നതാണ് സുരക്ഷിതം. വിയര്‍പ്പു തുടയ്ക്കാനുള്ള ടവല്‍ കൊണ്ടുപോകണം. കുടിക്കാനുള്ള വെള്ളവും കരുതണം. അനുവദിക്കപ്പെട്ട സമയത്തു
തന്നെയെത്തി ശരീരോഷ്മാവ് പരിശോധിച്ച് അകത്തു കയറാം. ചുമ, പനി, ശ്വാസ തടസം, പകര്‍ച്ചവ്യാധി എന്നിവയുള്ളവര്‍ ഒരു കാരണവശാലും ജിം സന്ദര്‍ശിക്കരുത്.

വ്യായാമം ചെയ്തു തുടങ്ങുമ്പോള്‍ മാസ്‌ക് മാറ്റാം. മടങ്ങുമ്പോള്‍ മാസ്‌ക് ധരിക്കാന്‍ മറക്കരുത്.മുന്‍കരുതലുകളുടെ ഭാഗമായി ജിംനേഷ്യത്തിലെ എല്ലാ ഉപകരണങ്ങളും വ്യായാമത്തിനു ലഭ്യമാകണമെന്നില്ല. വ്യായാമം ചെയ്യുന്നവര്‍ 2 മീറ്റര്‍ അകലം പാലിക്കണം.

സിനിമാശാലകള്‍

ടിക്കറ്റ് ഓണ്‍ലൈനില്‍ എടുക്കാന്‍ ശ്രദ്ധിക്കുക. തിയറ്ററില്‍ ചെല്ലുമ്പോഴും ഇരിക്കുമ്പോഴും 2 മീറ്റര്‍ അകലം ഉറപ്പാക്കണം. ഇരിപ്പിടങ്ങള്‍ ഇതിനായി പുനഃക്രമീകരിച്ചിട്ടുണ്ട്. ജീവനക്കാരും സന്ദര്‍ശകരും മാസ്‌കും എല്ലാ സമയത്തും മാസ്‌കും ഗ്ലൗസും ധരിക്കണം. 60 വയസു കഴിഞ്ഞവര്‍, 12നു താഴെയുള്ളവര്‍ എന്നിവര്‍ക്കു പ്രവേശനമില്ല.

കുടുംബാംഗങ്ങളാണെങ്കില്‍ പരമാവധി 4 പേരെ ഒരുമിച്ച് ഇരിക്കാന്‍ അനുവദിക്കും. ആളുകള്‍ ഇരിക്കുന്നതിന്റെ മുന്‍പിന്‍ നിരകളിലെ സീറ്റുകള്‍ ഒഴിച്ചിടണമെന്നാണ് നിയമം.ഭക്ഷ്യസാധനങ്ങളും പാനീയങ്ങളും ഒരുതവണ ഉപയോഗിച്ചു കളയാവുന്ന പാത്രങ്ങളിലും കപ്പുകളിലുമാണ് നല്‍കേണ്ടത്.ഡ്രൈവ് ഇന്‍ സിനിമകളില്‍ എത്തുന്നവര്‍ ശൗചാലയങ്ങളില്‍ പോകുന്നതിനൊഴികെ വാഹനങ്ങളില്‍ നിന്ന് ഇറങ്ങരുത്.

ആശുപത്രികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍

ഒൌട് പേഷ്യന്റ് വിഭാഗത്തിലും പ്രവേശനം അനുവദിച്ചെങ്കിലും മുന്‍കൂട്ടി ബുക്ക് ചെയ്യണം. മാസ്‌ക്, ഗ്ലൗസ് എന്നിവ നിര്‍ബന്ധം. രോഗികള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ബോര്‍ഡുകളിലും മറ്റും പ്രദര്‍ശിപ്പിക്കണം.

റിസപ്ഷന്‍, എലിവേറ്ററുകള്‍, ശസ്ത്രക്രിയാ മുറികള്‍ തുടങ്ങിയ ഇടയ്ക്കിടെ അണുവിമുക്തമാക്കണം. ഇഎന്‍ടി, ദന്തല്‍ ചികിത്സയാണെങ്കില്‍ ഓരോ രോഗിയും ഇറങ്ങിയശേഷം അണുവിമുക്തമാക്കണം. ഒരാള്‍ ഇറങ്ങിയ ശേഷം 20 മിനിറ്റ് കഴിഞ്ഞേ അടുത്തയാള്‍ക്ക് കയറാനാകൂ.ഏറ്റവും എളുപ്പമുള്ള ടെലിമെഡിസില്‍ സേവനം ഉപയോഗപ്പെടുത്താം. തുടര്‍പരിശോധനകള്‍ നടത്തേണ്ടവര്‍, പതിവായി കാണുന്ന ഡോക്ടറുമായി കൂടിക്കാഴ്ച നടത്തേണ്ടവര്‍, സാധാരണ രോഗമുള്ളവര്‍ എന്നിവര്‍ക്ക് ഏറ്റവും സൗകര്യമാണിത്.ആവശ്യമുള്ളവര്‍ക്ക് വീടുകളില്‍ സേവനം ലഭ്യമാക്കാനും മരുന്നുകള്‍ എത്തിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.

SHARE