കോഴിക്കോട്: ദുബൈയില്‍ നിന്നും 182 മലയാളികളുമായി എയര്‍ ഇന്ത്യ വിമാനം കോഴിക്കോട് പറന്നിറങ്ങി. കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ പ്രത്യേക വിമാനത്തില്‍ എത്തിയ അഞ്ച് പേര് കുട്ടികളാണ്. എയര്‍ ഇന്ത്യയുടെ ഐഎക്സ് 344 നമ്പര്‍ വിമാനം 10.35 ഓടെയാണ് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്.
വിമാനത്താവളത്തില്‍ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയത്. രണ്ട് എസ് പി മാരും, നാല് ഡിവൈഎസ്പിമാരും, 1006 പോലീസ് ഉദ്യോഗസ്ഥരും സുരക്ഷയ്ക്കായി വിമാനത്താവളത്തിലുണ്ട്. കൊവിഡ് കെയര്‍ സെന്റര്‍ വരെ യാത്രക്കാരുടെ കൂടെ പോലീസ് അനുഗമിക്കും.
എമിഗ്രേഷന്‍ നടപടികള്‍ക്കായി പത്ത് കൗണ്ടറുകളാണ് സജ്ജീകരിച്ചത്. യാത്രക്കാരെ 20 പേര് വീതമുള്ള ബാച്ചുകളായാണ് പുറത്തിറക്കുക. ഇവരുടെ പരിശോധന പൂര്‍ത്തിയായാല്‍ മാത്രമേ അടുത്ത ടീമിനെ പുറത്തിറക്കൂ.
അബുദാബിയില്‍ നിന്നുള്ള യാത്രക്കാരുമായി ആദ്യ വിമാനം കൊച്ചിയില്‍ നേരത്തെ പറന്നിറങ്ങിയിരുന്നു. 181 പേരാണ് ഈ വിമാനത്തില്‍ നാട്ടിലേക്ക് തിരികെയെത്തിയത്. നാല് കുട്ടികളും 49 ഗര്‍ഭിണികളും ഈ വിമാനത്തില്‍ നാട്ടിലേക്കെത്തി.