ദുബായ് കിരീടാവകാശിയുടെ കാറില്‍ കുഞ്ഞിക്കിളികള്‍ വിരിഞ്ഞു

ദുബായ്: ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്റെ ബെന്‍സ് കാറില്‍ കൂട് കൂട്ടിയ കിളിയുടെ മുട്ടകള്‍ വിരിഞ്ഞു. കാറിലെ കിളികൂട്ടിലെ മുട്ടകള്‍ വിരിഞ്ഞതിന്റെ വീഡിയോ ഹംദാന്‍ പുറത്ത് വിടുകയായിരുന്നു. കിളികള്‍ മുട്ടയിട്ടതിനാല്‍ കുറച്ചു നാളുകളായി കാര്‍ ഓടിക്കാതെ മാറ്റി വച്ചിരിക്കുകയായിരുന്നു ദുബായ് കിരീടാവകാശി.

ദുബായ് കിരീടാവകാശിയും എക്‌സിക്കുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ബെന്‍സ് കാറിന്റെ മുന്‍ വശത്തു കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രാവ് മുട്ടയിട്ടത്. മുട്ടയ്ക്ക് അടയിരിക്കുന്ന പ്രാവിന് കൂട്ടായി ശൈഖ് ഹംദാന്റെ കാരുണ്യവും എത്തി. ആരും കാറിന്റെ അടുത്തേക്ക് പോകാതിരിക്കാന്‍ പ്രത്യേക കയറു കൊണ്ട് വേലി കെട്ടി. ദുബായ് കിരീടാവകാശി ഒരുക്കിയ തണലില്‍ അമ്മ പ്രാവ് ചൂട് പകര്‍ന്നു മുട്ടകള്‍ വിരിഞ്ഞു. കാരുണ്യത്തിന്റെ നാട്ടിലേക്ക് രണ്ടു കുഞ്ഞു കിളികളുടെ പ്രാണന്‍ തുടിച്ചു തുടങ്ങി. മുട്ടകള്‍ വിരിഞ്ഞ വീഡിയോ ശൈഖ് ഹംദാന്‍ തന്നെയാണ് പുറത്ത് വിട്ടത്. ചില സമയങ്ങളില്‍ ചെറിയ കാര്യങ്ങള്‍ പോലും വിലമതിക്കാനാവാത്തതാണ് എന്ന് ഹംദാന്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുകയും ചെയ്തിട്ടുണ്ട് .

SHARE