ഇത് രാഷ്ട്രീയക്കളി; മുഖ്യമന്ത്രി നേരിട്ടു വിളിച്ച് വിമാനം മുടക്കുന്നു: ദുബൈ കെ.എം.സി.സി

ദുബൈ: പ്രവാസികളെ നാട്ടിലേക്ക് തിരിച്ചെത്തിക്കാന്‍ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ നടക്കുന്ന ശ്രമങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തടസ്സമായി നില്‍ക്കുകയാണ് എന്ന ആരോപണവുമായി ദുബൈ കെ.എം.സി.സി. മുഖ്യമന്ത്രി നാട്ടില്‍ പറയുന്ന കാര്യങ്ങള്‍ക്ക് നേര്‍വിപരീതമായാണ് പ്രവര്‍ത്തിക്കുന്നത് എന്നും ഇത് രാഷ്ട്രീയക്കളിയാണെന്നും ദുബൈ കെ.എം.സി.സി പ്രസിഡണ്ട് ഇബ്രാഹിം എളേറ്റില്‍ പറഞ്ഞു. മുഖ്യമന്ത്രി ദയവായി രാഷ്ട്രീയം കളിക്കരുത് എന്നും അത്രമാത്രം ദുരിതത്തിലാണ് ഇപ്പോള്‍ പ്രവാസികള്‍ ഉള്ളത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

43 പ്രത്യേക വിമാനങ്ങള്‍ക്കുള്ള അനുമതിയാണ് കെ.എം.സി.സി ആവശ്യപ്പെട്ടത്. ഇതില്‍ മൂന്നെണ്ണം മുമ്പു തന്നെ അനുമതി തേടിയിരുന്നു. ഇന്നലെ വിമാനം പുറപ്പെടാന്‍ കഴിയാതിരുന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. സ്‌പൈസ് ജെറ്റ് വിമാനത്തിന് റാസല്‍ഖൈമയില്‍ ഇറങ്ങാന്‍ അവസാന നിമിഷം അനുമതി ലഭിച്ചില്ല. ഇന്ന് വൈകുന്നേരത്തോടെ രണ്ടുവിമാനങ്ങള്‍ക്ക് അനുമതി ലഭിക്കുമെന്നാണ് കിട്ടിയ ഉറപ്പ്. ഗര്‍ഭിണികളും കുഞ്ഞുങ്ങളും അടക്കമുള്ള സംഘം ഈ വിമാനത്തില്‍ നാട്ടിലെത്തും. എന്നാല്‍ കേരള സര്‍ക്കാര്‍ നേരിട്ട് ഇടപെട്ട് വിമാനം വരുന്നത് മുടക്കുകയാണ്.

മുഖ്യമന്ത്രി നേരിട്ട് വിളിച്ച് വന്ദേഭാരത് മിഷന്‍ വിമാനങ്ങളേക്കാള്‍ കൂടുതല്‍ തുക ഈടാക്കി യാത്രക്കാരെ എത്തിക്കുന്ന ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി കൊടുക്കരുതെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാത്ത പക്ഷം എന്‍ഒസി തരില്ലെന്നും അധികൃതരെ അറിയിച്ചു. ഇക്കാര്യം അവര്‍ ഞങ്ങളെ വിളിച്ച് അറിയിച്ചു. നിങ്ങളുടെ മുഖ്യമന്ത്രി ഇങ്ങനെയാണ് പറയുന്നത് എന്ന്. അനുമതി ലഭിക്കാതെ എങ്ങനെ പ്രവാസികളെ നാട്ടിലെത്തിക്കും?

മുഖ്യമന്ത്രി ഇവിടെ പറയുന്ന നിലപാടുകള്‍ക്ക് നേരേ വിപരീതമാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. നിങ്ങള്‍ ഓര്‍ക്കണം, എയര്‍ ഇന്ത്യ വിട്ടുതന്നാല്‍ ഈ തുകയ്ക്ക് ആളുകളെ എത്തിക്കാം. നമ്മള്‍ സ്‌പൈസ് ജെറ്റ് വിമാനങ്ങളെ ആണ് ആശ്രയിക്കുന്നത്. പണം തരാന്‍ കഴിയുന്ന പ്രവാസികളില്‍ നിന്നാണ് പണം ഈടാക്കുന്നത്. അവിടെ കുടുങ്ങി കിടക്കുന്നവരില്‍ പലരും അതുതരാന്‍ തയാറാണ്. സൗജന്യമായും ആളുകളെ എത്തിക്കുന്നുണ്ട്. പക്ഷേ കേരള സര്‍ക്കാര്‍ വിമാനങ്ങള്‍ മുടക്കുകയാണ്. ഇങ്ങനെ 40 വിമാനങ്ങളുടെ കാര്യമാണ് പ്രതിസന്ധിയിലായിരിക്കുന്നത്- അദ്ദേഹം ചൂണ്ടിക്കാട്ടി.

22 വിമാനങ്ങള്‍ കണ്ണൂരിലേക്കും 8 വിമാനം കോഴിക്കോട്ടേക്കും ബാക്കി വിമാനങ്ങള്‍ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങിലേക്കുമാണ് സജ്ജമാക്കിയിരുന്നത്.

കഴിഞ്ഞ ദിവസം അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന കെ.എം.സി.സിയുടെ ചര്‍ട്ടേഡ് വിമാനം റദ്ദാക്കിയിരുന്നു. ചൊവ്വാഴ്ച പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജറ്റ് വിമാനത്തിനാണ് അനുമതി ലഭിക്കാതിരുന്നത്. കെഎംസിസി ഷാര്‍ജ അഴീക്കോട് മണ്ഡലം ഏര്‍പ്പെടുത്തിയ സര്‍വ്വീസാണ് മുടങ്ങിയത്. വിമാനത്താവളത്തില്‍ കാത്തിരുന്ന 178 യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. യുഎഇയില്‍ നിന്നുള്ള ആദ്യ സര്‍വ്വീസാണ് മുടങ്ങിയത്. ഗര്‍ഭിണികള്‍, നാട്ടില്‍ ചികിത്സ ലഭിക്കേണ്ടവര്‍, പ്രായമായവര്‍ സന്ദര്‍ശക വിസയില്‍ എത്തിയവര്‍, ജോലി നഷ്ടമായവര്‍ തുടങ്ങിയവരാണ് യാത്രയ്ക്ക് തയ്യാറായിരുന്നത്.

വിമാനത്തിന് യു.എ.ഇ വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതാണ് സര്‍വീസ് മുടങ്ങിയതിന് കാരണം. അതിനിടെ, ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തടസ്സം നില്‍ക്കുകയാണ് എന്നാണ് ആരോപണം.

SHARE