ദുബൈ എക്‌സ്‌പോ 2020: പവലിയനുകള്‍ ഉയര്‍ന്നു തുടങ്ങി

 

ദുബൈ: മിഡില്‍ ഈസ്റ്റിന് അഭിമാനവും ലോകത്തിന് അത്ഭുതവും പകര്‍ന്നു നല്‍കാനിരിക്കുന്ന ദുബൈ എക്‌സ്‌പോ 2020 നടക്കുന്ന പവലിയന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. മരുഭൂമിയുടെ അടിത്തട്ടില്‍ നിന്നും തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഭൂമിക്ക് മുകളിലേക്ക് ഉയര്‍ന്നു തുടങ്ങി. നിര്‍മാണത്തിന്റെ പുരോഗമന ഘട്ടങ്ങള്‍ വ്യക്തമാക്കുന്ന ചിത്രങ്ങളും വീഡിയോയും ഇന്നലെ ദുബൈ മീഡിയ ഓഫീസ് പുറത്തിറക്കി. വേള്‍ഡ് എക്‌സ്‌പോ പവലിയന്‍ നിര്‍മാണത്തിന്റെ 55 സെക്കന്റുള്ള ആകാശ കാഴ്ച വിസ്മയിപ്പിക്കുന്നതാണ്. പവലിയന്റെ മധ്യത്തിലായുള്ള ഡോം, 2020 നഗരിയിലേക്കുള്ള റോഡുകള്‍ എന്നിവയുടെ നിര്‍മാണ പുരോഗതിയും കാണാം. എക്‌സ്‌പോ സൈറ്റിലേക്ക് നീളുന്ന 15 കിലോമീറ്റര്‍ ദുബൈ മെട്രോ സര്‍വീസും പവലിയന്റെ സുസ്ഥിരതയെ വ്യക്തമാക്കുന്നു. രാജ്യങ്ങളും ജനങ്ങളും സംഗമിക്കുന്ന എക്‌സ്‌പോ യുഎഇക്ക് സമഗ്രവും സുസ്ഥിരവുമായ ഭാവിയിലേക്കുള്ള കുതിച്ചുചാട്ടമാകും. ദുബൈ 2020 എക്‌സ്‌പോയില്‍ ലോകത്തെ 180ലധികം രാജ്യങ്ങള്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. മിഡില്‍ ഈസ്റ്റിലും നോര്‍ത്ത് ആഫ്രിക്കയിലും നടക്കുന്ന ആദ്യ ലോക എക്‌സ്‌പോയാണ് ദുബൈയില്‍ ഒരുങ്ങുന്നത്.

 

SHARE