എക്‌സ്‌പോ: റോഡ് വികസനത്തിന് 130 കോടി ദിര്‍ഹമിന്റെ കരാറുകള്‍

 

ദുബൈ: എക്‌സ്‌പോ 2020നായുള്ള റോഡ് വികസനപദ്ധതിക്ക് 1.3 ബില്യണ്‍ ദിര്‍ഹമിന്റെ (130 കോടി ദിര്‍ഹമിന്റെ)കരാറുകള്‍ ദുബൈ ആര്‍.ടി.എ കൈമാറി. മൂന്നും നാലും ഘട്ടങ്ങളിലെ വികസനത്തിനായി രണ്ടു കരാറുകളാണ് പുതിയതായി നല്‍കിയത്.
എക്‌സ്‌പോ റോഡ് വികസനത്തിനുള്ള നിര്‍മാണം ഉടന്‍ തുടങ്ങാന്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം നിര്‍ദേശിച്ചിരുന്നു.
എക്‌സ്‌പോ വേദിയിലേക്കുള്ള ഗതാഗതം സുഗമമാകുന്നതിനും സമീപത്തെ ഭാവിപദ്ധതികള്‍ക്കും സഹായമാകുന്നതാണ് വികസനപദ്ധതികള്‍. ദുബൈയിയുടെ ബൃഹത് പദ്ധതിയായ എക്‌സ്‌പോക്കുവേണ്ടി ആര്‍.ടി.എ. നടത്തുന്ന ഏറ്റവും വലിയ വികസനപദ്ധതിയാണ് ഇതെന്ന് ആര്‍.ടി.എ. ചെയര്‍മാന്‍ മത്താര്‍ അല്‍ തായര്‍ പറഞ്ഞു. ആറു ഘട്ടങ്ങളായാണ് പദ്ധതി പൂര്‍ത്തീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. മൂന്നാംഘട്ട വികസനത്തില്‍ നിര്‍മിക്കുന്ന മൊത്തം പാലങ്ങളുടെ ദൈര്‍ഘ്യം മൂന്ന് കിലോമീറ്ററും റോഡുകളുടേത് ആറര കിലോമീറ്ററും വരും. നാലാംഘട്ട വികസനത്തില്‍ മൊത്തം രണ്ടുകിലോമീറ്റര്‍ നീളമുള്ള പാലങ്ങളും പത്ത് കിലോമീറ്റര്‍ നീളത്തില്‍ റോഡും നിര്‍മിക്കും.
ശൈഖ് സായിദ് ബിന്‍ ഹംദാന്‍ ആല്‍ നഹ്യാന്‍ സ്ട്രീറ്റില്‍നിന്ന് ജബല്‍ അലി ലെഹ്ബാബ് സ്ട്രീറ്റിലേക്കും അല്‍ യലയെസ് സ്ട്രീറ്റിലേക്കുമുള്ള രണ്ട് ഇന്റര്‍സെക്ഷനുകളാണ് പദ്ധതിയില്‍ ഏറ്റവും പ്രധാനം. ശൈഖ് സായിദ് ബിന്‍ ഹംദാന്‍ ആല്‍ നഹ്യാന്‍ സ്ട്രീറ്റ് രണ്ടു ദിക്കിലേക്കുമായി അഞ്ചുവരികളായി വീതി കൂട്ടുകയും ചെയ്യും. സര്‍വീസ് റോഡുകളും പുതുതായി അഞ്ചുപാലങ്ങളും ഇവിടെ വരും. ദുബൈ ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്കിനടുത്ത് രണ്ടു മേല്‍ പാലങ്ങള്‍ നിര്‍മിക്കാന്‍ ധാരണയായി.
എക്‌സ്‌പോ വേദിയില്‍നിന്ന് ലെഹ്ബാബ് സ്ട്രീറ്റിലേക്ക് പ്രവേശിക്കാനും പുറത്തേക്ക് പോകാനും പ്രത്യേകപാതയൊരുക്കലും വികസന പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

SHARE