മാവോയിസ്റ്റ് ബന്ധം: ഡല്‍ഹി യൂണിവേഴ്‌സിറ്റി മുന്‍ പ്രഫസര്‍ക്ക് ജീവപര്യന്തം തടവ്

മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ ഡല്‍ഹി യൂണിവേഴ്‌സിറ്റി മുന്‍ പ്രഫസര്‍ ജി എന്‍ സായ്ബാബ ഉള്‍പ്പെടെ അഞ്ചു പ്രതികളെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. മഹാരാഷ്ട്രയിലെ ഗഡ്ചിറോളി വിചാരണക്കോടതിയുടേതാണ് വിധി. ജെ.എന്‍.യു വിദ്യാര്‍ത്ഥി ഹേമ മിശ്ര, പ്രശാന്ത് റഹി, മഹേഷ് ടിര്‍ക്കെ, പാണ്ഡു നരോതെ എന്നിവരാണ് ജീവപര്യന്തം ശിക്ഷ ലഭിച്ച മറ്റു പ്രതികള്‍. മറ്റൊരു പ്രതി വിജയ് ടിര്‍ക്കെയെ കോടതി ആറു വര്‍ഷത്തെ തടവിനും ശിക്ഷിച്ചു.

യു.എ.പി.എ നിയമത്തിലെ 13, 18, 20, 38, 39, ഐ.പി.സി 120 ബി എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷയെന്ന് പ്രതികള്‍ക്കു വേണ്ടി ഹാജരായ അഡ്വ. ബരുണ്‍ കുമാര്‍, അഡ്വ. സുരേന്ദ്ര ഗഡ്‌ലിങ് എന്നിവര്‍ പറഞ്ഞു. ശാരീരിക പരിമിതികളുള്ള സായ്ബാബയെ 2014ലാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മഹാരാഷ്ട്ര പൊലീസ് അറസ്റ്റു ചെയ്തത്. 14 മാസത്തോളം നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരനായിരുന്ന അദ്ദേഹം 2015 ഡിസംബറില്‍ മുംബൈ ഹൈക്കോടതി ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യം അനുവദിച്ചതോടെയാണ് ജയില്‍ മോചിതനായത്. ഉത്തരാഖണ്ഡില്‍നിന്നുള്ള ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകനാണ് ശിക്ഷിക്കപ്പെട്ട പ്രശാന്ത് റഹി. 2013ലാണ് ഇയാള്‍ അറസ്റ്റിലായത്.

SHARE