ദേവീന്ദര്‍ സിങുമായി ബന്ധം; കശ്മീരില്‍ മുന്‍ ബി.ജെ.പി നേതാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി: ഹിസ്ബുല്‍ മുജാഹിദീന്‍ തീവ്രവാദികള്‍ക്കൊപ്പം സഞ്ചരിക്കവെ പിടിയിലായ കശ്മീര്‍ ഡി.സി.പി ദേവീന്ദര്‍ സിങുമായി ബന്ധപ്പെട്ട കേസില്‍ ഷോപ്പിയാനിലെ പ്രാദേശിക ബി.ജെ.പി നേതാവ് അറസ്റ്റില്‍. ഷോപ്പിയാനില്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ച താരീഖ് അഹ്മദ് മിറിനെയാണ് ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റു ചെയ്തത്. സിങുമായി ബന്ധമുണ്ടായിരുന്ന തീവ്രവാദികള്‍ക്ക് മിര്‍ സഹായം ചെയ്തു എന്നാണ് ഏജന്‍സി പറയുന്നത്. ഇയാളെ ആറു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തതായി എന്‍.ഐ.എ വക്താവ് വ്യക്തമാക്കി.

2014ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ഇദ്ദേഹം ബി.ജെ.പിക്കു വേണ്ടി മത്സരിച്ചിരുന്നത്. 2014 ഡിസംബറില്‍ ശ്രീനഗറിലെ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം വേദി പങ്കിടുകയും ചെയ്തിരുന്നു എന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ മിറിന്റെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ഒരു ബന്ധവുമില്ല എന്നും ഇദ്ദേഹത്തെ രണ്ടു വര്‍ഷം മുമ്പ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണ് എന്നും ബി.ജെ.പി വക്താവ് അല്‍താഫ് ഠാക്കൂര്‍ വ്യക്തമാക്കി.

ഹിസ്ബുല്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാലി കൊല്ലപ്പെട്ട 2016 ജൂലൈ മുതല്‍ ഇദ്ദേഹത്തിന് തീവ്രവാദ ബന്ധമുണ്ടെന്നാണ് എന്‍.ഐ.എ കരുതുന്നത്. ബാരാമുല്ല, ഉറി, പാക് അധീന കശ്മീര്‍ എന്നിവിടങ്ങളിലെ ആയുധ വിതരണക്കാരുമായി ഇദ്ദേഹത്തിന് ബന്ധമുണ്ടെന്ന് എന്‍.ഐ.എ കണ്ടെത്തിയിട്ടുണ്ട്. ഇദ്ദേഹിന്റെ രണ്ട് ഭാര്യമാരില്‍ ഒരാള്‍ക്ക് പാക് അധീന കശ്മീരുമായി ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

പാക് ആസ്ഥാനമായ ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ നവീന്‍ ബാബു, സഹായികളായ ഇര്‍ഫാന്‍, റാഫി എന്നിവര്‍ക്കൊപ്പം സഞ്ചരിക്കവെയാണ് ദേവീന്ദര്‍ സിങ് പിടിയിലായിരുന്നത്. ജമ്മുവില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തിരുന്നത്. ജനുവരി 18നാണ് ദേവീന്ദറിനെതിരെ യു.എ.പി.എ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.

ഇദ്ദേഹത്തെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും സ്ത്യുത്യര്‍ഹ സേവനത്തിന് കശ്മീര്‍ ഭരണകൂടം നല്‍കിയ വിശിഷ്ട സേവാ മെഡല്‍ തിരിച്ചു വാങ്ങുകയും ചെയ്തിരുന്നു. 2001ലെ പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരു, ദേവീന്ദര്‍ സിങ് ആണ് തന്നെ ഡല്‍ഹിയിലേക്ക് അയച്ചത് എന്ന് ആരോപിച്ചിരുന്നു. ദേവീന്ദറിന്റെ അറസ്റ്റിന് ശേഷം ഈ വെളിപ്പെടുത്തല്‍ ഏറെ കോലാഹലം സൃഷ്ടിച്ചിരുന്നു.