അമിതമായി മദ്യപിച്ച് നടിയെ ക്രൂരമായി മര്‍ദിച്ചു; പ്രമുഖ നടനെതിരെ കേസ്

ന്യൂഡല്‍ഹി: അമിതമായി മദ്യപിച്ച് നടിയെ ക്രൂരമായി മര്‍ദിച്ചുവെന്ന പരാതിയില്‍ പ്രമുഖ നടനെതിരെ പൊലീസ് കേസെടുത്തു. ഭോജ്പുരി നടന്‍ പവന്‍സിങിനെതിരെയാണ് കേസെടുത്തത്. സഹതാരം അക്ഷരസിംഗിനെയാണ് മദ്യപിച്ച് ലക്കുകെട്ട പവന്‍സിങ് ക്രൂരമായി മര്‍ദിച്ചത്.

ഡല്‍ഹിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. അമിതമായി മദ്യപിച്ചെത്തിയ പവന്‍ സിങിനെ, നടി മുറിയില്‍ കയറാന്‍ അനുവദിക്കാതെ തടഞ്ഞു. ഇതില്‍ പ്രകോപിതനായ താരം നടിയോട് അപമര്യാദയായി പെരുമാറുകയും മര്‍ദിക്കുകയുമായിരുന്നു. മുടിയില്‍ പിടിച്ച് ചുഴറ്റുകയും തല ഭിത്തിയിലിടിക്കുകയും ചെയ്തതായി സംഭവം നേരില്‍ കണ്ട ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ നടിയെ സമീപത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

സില്‍വാസ എന്ന സിനിമയില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു ഇരുവരും. ചിത്രീകരണം പൂര്‍ത്തിയാക്കിയതിനാല്‍ മുംബൈയിലേക്ക് മടങ്ങാന്‍ ഒരുങ്ങുകയായിരുന്നു അക്ഷര. വിമാനത്താവളത്തിലേക്ക് പോകാന്‍ വാഹനം എത്താതിരുന്നതിനാല്‍ നടി യാത്ര അടുത്ത ദിവസത്തേക്ക് നീട്ടിവെക്കുകയായിരുന്നു. ഇതിനിടെയാണ് സംഭവം.

പവന്‍സിങും അക്ഷരും നേരത്തെ പ്രണയത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മറ്റൊരു പെണ്‍കുട്ടിയെ പവന്‍സിങ് വിവാഹം കഴിച്ചതോടെയാണ് ഇരുവരും അകന്നത്. തനിക്ക് ലഭിക്കുന്ന അവസരങ്ങള്‍ പവന്‍ മുടക്കുകയാണെന്ന് അക്ഷര നേരത്തെ പരസ്യമായി പറഞ്ഞിരുന്നു. ഇതിന്റെ പ്രതികാരമാണ് മര്‍ദനത്തില്‍ കലാശിച്ചതെന്നാണ് വിവരം.

SHARE