വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണം; രക്ഷപെട്ടത് തലനാരിഴക്ക്

 

വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണം. രാജ്യതലസ്ഥാനമായ കാരക്കസില്‍ സൈന്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പരിക്കുകളില്ലാതെ അദ്ദേഹം രക്ഷപ്പെട്ടു. പ്രസംഗം അവസാനിപ്പിച്ച മഡുറോയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വലയം ചെയ്ത് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കളായിരുന്നു ഡ്രോണിനുള്ളിലുണ്ടായിരുന്നത്.

ആക്രമണത്തില്‍ ഏഴ് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം ഉണ്ടായ ഉടന്‍ സൈനികര്‍ എല്ലാവരും പലയിടത്തേക്ക് ചിതറിയോടുകയായിരുന്നു. പ്രസിഡന്റിന്റെ ജീവനെടുക്കാനുള്ള ശ്രമമാണ് ഉണ്ടായതെന്ന് വാര്‍ത്തവിനിമയ വകുപ്പ് മന്ത്രി ജോര്‍ജ് റോഡിഗ്രസ് പറഞ്ഞു. വെനസ്വേലന്‍ ആര്‍മിയുടെ 81ാം വാര്‍ഷിക പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് മഡുറോക്ക് നേരെ ആക്രമണമുണ്ടായത്

സ്‌ഫോടകവസ്തുക്കള്‍ നിറച്ച രണ്ട് ഡ്രോണുകള്‍ പ്രസിഡന്റ് സംസാരിക്കുന്ന സ്റ്റാന്‍ഡിനടുത്ത് എത്തിയെന്നും വാര്‍ത്തവിനിമയ വകുപ്പ് മന്ത്രി വ്യക്തമാക്കി. രാജ്യത്തെ വലതുപക്ഷ സംഘടനകളാണ് ആക്രമണത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.തെരഞ്ഞെടുപ്പിലേറ്റ പരാജയത്തില്‍ നിന്ന് പ്രതിപക്ഷം ഇനിയും കരകയറിയിട്ടില്ലെന്ന് പറഞ്ഞ റോഡ്രിഗസ് അതുമുതലാണ് പ്രതിപക്ഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചതെന്നും കൂട്ടിച്ചേര്‍ത്തു.

SHARE