39-ാം വയസ്സിലും ഗോളടി ശീലമാക്കി ദ്രോഗ്ബ; പുതിയ ക്ലബ്ബില്‍ രണ്ട് മത്സരത്തില്‍ നിന്ന് മൂന്ന് ഗോള്‍

കന്‍സാസ്: വെറ്ററന്‍ ഐവറി കോസ്റ്റ് താരം ദിദിയര്‍ ദ്രോഗ്ബ 39-ാം വയസ്സിലും ഗോളുകള്‍ അടിച്ചുകൂട്ടുന്നു. അമേരിക്കയിലെ യുനൈറ്റഡ് സോക്കര്‍ ലീഗില്‍ (യു.എസ്.എല്‍) ഫിനിക്‌സ് റൈസിങ് സാല്‍വേജിന്റെ താരമായ ദ്രോഗ്ബ തന്റെ രണ്ടാം മത്സരത്തില്‍ ഇരട്ട ഗോളുമായി തിളങ്ങി. ടീമിന്റെ സഹ ഉടമ കൂടിയായ ദ്രോഗ്ബ കഴിഞ്ഞയാഴ്ച അരങ്ങേറ്റ മത്സരത്തിലും ഗോള്‍ നേടിയിരുന്നു.

അമേരിക്കയിലെ രണ്ടാം ഡവിഷന്‍ ലീഗാണ് യു.എസ്.എല്ലില്‍ സ്വോപ് പാര്‍ക്ക് റേഞ്ചേഴ്‌സിനെതിരെ ഒരു ഗോളിന് പിന്നില്‍ നില്‍ക്കെയായിരുന്നു 57-ാം മിനുട്ടില്‍ ദ്രോഗ്ബയുടെ ഗോള്‍.

ഇടതുഭാഗത്തുനിന്നുള്ള ഷോണ്‍റൈറ്റ് ഫിലിപ്‌സിന്റെ പാസ് സ്വീകരിച്ച ദ്രോഗ്ബ ബോക്‌സിനു പുറത്തുനിന്ന് ഗ്രൗണ്ടര്‍ വലയിലെത്തിക്കുകയായിരുന്നു. ടീം തോല്‍വിയിലേക്കു നീങ്ങവെ 90-ാം മിനുട്ടില്‍ പെനാല്‍ട്ടിയിലൂടെയായിരുന്നു ദ്രോഗ്ബയുടെ രണ്ടാം ഗോള്‍.

2012-ല്‍ ചെല്‍സി വിട്ട ദ്രോഗ്ബ പിന്നീട് ചൈനയിലെ ഷാങായ് ഷെന്‍ഹുവ, തുര്‍ക്കിയിലെ ഗലറ്റസരേ ടീമുകള്‍ക്കു വേണ്ടി കളിച്ചിരുന്നു. പിന്നീട് 2014-ല്‍ ചെല്‍സിയില്‍ തിരിച്ചെത്തിയ താരം 2015-ല്‍ മേജര്‍ ലീഗ് സോക്കറിലെ മോണ്‍ട്രിയല്‍ ഇംപാക്ടില്‍ ചേര്‍ന്നു. അവിടെ നിന്ന് കോച്ചുമായി ഉടക്കിയ ശേഷം ക്ലബ്ബ് വിട്ട താരം പിന്നീട് ഫിനിക്‌സ് റൈസിങ് എഫ്.സിയില്‍ ചേരുകയായിരുന്നു. കളിക്കാരനായിരിക്കെ ടീം ഉടമയാകുന്ന ആദ്യ കളിക്കാരനാണ് ദ്രോഗ്ബ.